Connect with us

Articles

എങ്കില്‍ പിന്നെന്തിനൊരു വിഷാംശ പരിശോധന?

Published

|

Last Updated

നാം നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികള്‍ മിക്കതും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവ ആയതുകൊണ്ട് അവയിലെ കീടനാശിനി വിഷാംശം എത്രയെന്ന് കണ്ടുപിടിക്കാന്‍ കടകളില്‍ നിന്ന് സാമ്പിള്‍ എടുത്തു പരിശോധന നടത്തുന്ന പദ്ധതി കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും ചേര്‍ന്ന് പോയ വര്‍ഷം ആരംഭിച്ചതാണ്.
2013 ജനുവരിയില്‍ ആരംഭിച്ച പദ്ധതിയുടെ ഒന്നാമത്തെ റിപ്പോര്‍ട്ട് (ജനുവരി, മാര്‍ച്ച്) ജൂണ്‍ ഒന്നിനു പ്രസിദ്ധീകരിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ പരിശോധന നടത്തിയ സാമ്പിളിന്റെ ഫലങ്ങള്‍ ആണ് രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മാസവും 50 മുതല്‍ 60 ഇനം പച്ചക്കറികളുടെ 200 ഓളം സാമ്പിളുകള്‍ വീതം വിവിധ മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങി വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലബോറട്ടറിയില്‍ എത്തിച്ചാണ് പരിശോധന നടത്തുന്നത്. പരിശോധനക്കുള്ള എല്ലാ അത്യാധുനിക സൗകര്യങ്ങളും കീടനാശിനി 100 കോടിയില്‍ ഒരു അംശം വരെ അളക്കുന്ന ഗ്യാസ് ക്രാമറ്റോഗ്രാഫ്, ലിക്വിഡ് ക്രാമറ്റോഗ്രാഫ്, മാസ് സ്‌പെക്ട്രാമീറ്റര്‍ തുടങ്ങിയ ഉപകരണങ്ങളുമുള്ള സര്‍ക്കാര്‍ തലത്തിലെ ഒരേയൊരു അക്രഡിറ്റഡ് ലബോറട്ടറി ആണിത്. അന്താരാഷ്ട്രാ നിലവാരവുമുണ്ട്.
തിരുവനന്തപുരത്തെ പച്ചക്കറി കടകള്‍, സൂപ്പര്‍/ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, കൊല്ലം, ആലപ്പുഴ, കാസര്‍കോഡ് പച്ചക്കറി ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 58 ഇനം പച്ചക്കറികളെ വിഷാംശത്തിന്റെ തോത് അനുസരിച്ച് മൂന്നായി തിരിച്ച് പട്ടികയില്‍ കൊടുത്തിരിക്കുന്നു. ആദ്യ റിപ്പോര്‍ട്ടില്‍ അപകട സാധ്യതയുള്ള അളവില്‍ വിഷാംശം കണ്ടെത്തിയ കോവക്ക, നെല്ലിക്ക, ചുവന്ന ഉള്ളി, തക്കാളി, കോളിഫഌവര്‍, കാബേജ് (വെള്ള, വയലെറ്റ്), പയര്‍, കാപ്‌സിക്ക (മഞ്ഞ, ചുവപ്പ്) എന്നിവയുടെ സാമ്പിളുകള്‍ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ അപകട സാധ്യത ഇല്ലാത്തതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.
വിപണിയില്‍ കിട്ടുന്ന ചീര, പുതിന, കറിവേപ്പില തുടങ്ങി 14 ഇനം പച്ചക്കറികളില്‍ അപകടകരമാംവിധം വിഷാംശമുണ്ടെന്ന് കാര്‍ഷിക സര്‍വകലാശാല വ്യക്തമാക്കുന്നു. കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും ചേര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് വിപണികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് മാരക കീടനാശിനികളുടെ അവശിഷ്ടം കണ്ടെത്തിയത്.
കിഴങ്ങുവര്‍ഗങ്ങള്‍ പൊതുവെ വിഷരഹിത പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ചൈനീസ് കാബേജ് വിഷരഹിതമാണെന്ന് കണ്ടെങ്കിലും കോളിഫഌവര്‍ വിഷമുക്തമല്ല.
മീതെയില്‍ പാരത്തിയോണ്‍, പ്രൊഫിനോഫോസ്, ക്‌ളോര്‍പൈറിഫോസ്, എത്തിയോണ്‍ തുടങ്ങിയ കീടനാശിനികളാണ് മിക്ക പച്ചക്കറികളിലും കണ്ടത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തെ റിപ്പോര്‍ട്ട് സര്‍വകലാശാല നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ആദ്യ റിപ്പോര്‍ട്ടില്‍ വിഷാംശം കണ്ടെത്തിയ പല പച്ചക്കറികളിലും കീടനാശിനി അവശിഷ്ടത്തിന്റെ തോത് കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്.
ചുവപ്പ് ചീര, പുതിനയില, കാരറ്റ്, പച്ചമുളക്, കറിവേപ്പില, വഴുതന, മല്ലിയില, പച്ച ചീര, സലറി, കാപ്‌സിക്ക (പച്ച), റാഡിഷ് (വെള്ള), വെള്ളരി, വെണ്ടക്ക, മുരിങ്ങക്ക എന്നിവയിലാണ് അപകടകരമാംവിധം വിഷാംശം കണ്ടെത്തിയത്. അതേസമയം പടവലം, മരച്ചീനി, കോവക്ക, ചേന, സലാഡ് വെള്ളരി, ചേമ്പ്, നെല്ലിക്ക, കാബേജ് (വെള്ള), പച്ച മാങ്ങ, കത്തിരി, കൈതച്ചക്ക, പാവക്ക, തണ്ണിമത്തന്‍, പീച്ചങ്ങ, റാഡിഷ് (ചുവപ്പ്), ചൊരക്ക, ബ്രോക്കോളി, ബീന്‍സ്, ഉരുളക്കിഴങ്ങ്, അമരക്ക, ബീറ്റ്‌റൂട്ട്, ടര്‍ണിഷ്, കുമ്പളം, ലറ്റിയൂസ്, മത്തന്‍, ലീക്ക്, വെളുത്തുള്ളി, ഉള്ളിപൂവ്, ചുവന്നുള്ളി, സുക്കിനി, സവാള, പാര്‍സ് ലി, സാമ്പാര്‍ മുളക്, കറിക്കായ്, ഏത്തക്ക, മധുരക്കിഴങ്ങ് തുടങ്ങിയ 38 ഇനം പച്ചക്കറികള്‍ വിഷരഹിതമെന്നാണ് പരിശോധനാഫലം. തക്കാളി, കാപ്‌സിക്കം (മഞ്ഞ, ചുവപ്പ്) ഇഞ്ചി, കാബേജ് (വയലറ്റ്), കോളിഫ്‌ളവര്‍, പയര്‍ എന്നിവയെ വിഷാംശം കുറഞ്ഞത് എന്ന പട്ടികയിലാണ് പെടുത്തിയിട്ടുള്ളത്.
ചീരയിലയില്‍ മീതെയില്‍ പാരത്തിയോണ്‍, ക്ലോര്‍പൈറിഫോസ്, സൈപ്പര്‍ മെത്രിന്‍ തുടങ്ങിയ കീടനാശിനി അവശിഷ്ടമാണ് കണ്ടത്. പുതിനയിലയിലും പച്ച മുളകിലും വെള്ളരിയിലും എത്തിയോണടക്കമുള്ള വിഷപദാര്‍ഥങ്ങളുണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ വിഷാംശം കണ്ട കറിവേപ്പിലയില്‍ എത്തിയോണിനെക്കൂടാതെ ക്ലോര്‍പൈരിഫോസ്, ബൈഫെന്ത്രിന്‍, പ്രോഫിനോഫോസ്, സൈപ്പര്‍മെത്രീന്‍ എന്നിവയുടെ അംശവും കണ്ടെത്തി. കറിവേപ്പിലയും പുതിന, ചീര, സെലറി, കോളിഫഌവര്‍ എന്നിവയും വിനാഗിരി ലായിനിയിലോ (20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) വാളന്‍ പുളി ലായനിയിലോ (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ് അരച്ചത്) കഴുകിയ ശേഷം വെള്ളത്തില്‍ പല ആവര്‍ത്തി കഴുകി ഉപയോഗിക്കണമെന്ന് കാര്‍ഷിക കോളജ് പെസ്റ്റിസൈഡ് റസ്ഡ്യൂ ലാബിലെ പ്രൊഫസര്‍ ഡോ.തോമസ് ബിജുമാത്യു പറയുന്നു. മുഖ്യമായും അന്യ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന പച്ചക്കറികളിലെ കീടനാശിനി അംശം കണ്ടെത്താനാണ് കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും ചേര്‍ന്ന് പരിശോധന ആരംഭിച്ചത്. എന്നാല്‍ സംസ്ഥാനത്തിനകത്തുനിന്നുള്ള പച്ചക്കറികളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
നമ്മള്‍ ദിവസവും കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും അതിഭീകരമായ തരത്തില്‍ കീടനാശിനി പ്രയോഗം നടക്കുന്നു. ആരും ചോദിക്കാനില്ല! ചിലതില്‍ കീടനാശിനികളുടെ അളവ് അനുവദനീയ പരിധിക്കുള്ളിലാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ സാന്ത്വനപ്പെടുത്തുന്നത് മറ്റൊരര്‍ഥത്തിലാണ്. കാലഹരണപ്പെട്ട നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയാണത്. ഏതു തോതിലാണെങ്കിലും വിഷാംശം ശരീരത്തിന് ഹാനികരം തന്നെയാണല്ലോ.
പച്ചക്കറികളില്‍ ഓര്‍ഗാനോ ക്‌ളോറിന്‍, ഓര്‍ഗാനോ ഫോസ്ഫറസ്, സിന്തറ്റിക് പൈറിത്രോയ്ഡ്‌സ് എന്നിവയുടെ പരിശോധനയാണു നടത്തിയത്. കേരളത്തിലെമ്പാടും പച്ചക്കറിയെത്തുന്നത് ഒരേ രീതിയില്‍ കൃഷി നടക്കുന്ന ഇടങ്ങളില്‍ നിന്നായതിനാല്‍ നമ്മുടെ ഏത് നാട്ടിന്‍പുറത്തുള്ളത് പരിശോധിച്ചാലും ഫലത്തില്‍ ഏറെയൊന്നും വ്യത്യാസം വരാനില്ല.
കീടനാശിനികളുടെ അനുവദനീയ പരിധിക്കും (മാക്‌സിമം റെസിഡ്യൂ ലെവല്‍ അഥവാ എം ആര്‍ എല്‍) അപ്പുറമാണ് പല പച്ചക്കറികളിലുമുള്ള കീടനാശിനി സാന്നിധ്യമെന്നു കേന്ദ്ര കൃഷിമന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ വ്യക്തമായതാണ്. 18 ശതമാനം പച്ചക്കറികളിലും 12 ശതമാനം പഴങ്ങളിലും കീടനാശിനി സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. നാല് ശതമാനം പച്ചക്കറികളിലും രണ്ട് ശതമാനം പഴങ്ങളിലും കീടനാശിനി അനുവദനീയ പരിധിക്കു മുകളില്‍. നിരോധിക്കപ്പെട്ട മാരക കീടനാശിനികളുടെ ഉപയോഗവും പഠനം സ്ഥിരീകരിക്കുന്നു. കാബേജ്, വെണ്ടക്ക, തക്കാളി, കോളിഫഌവര്‍ എന്നിവയിലാണ് വിഷാംശം കൂടുതല്‍. സൈപ്പര്‍മെത്രിന്‍, പ്രൊഫനോഫോസ്, മോണോക്രോട്ടോഫോസ് തുടങ്ങിയ കീടനാശിനികളാണ് പഴങ്ങളില്‍ കണ്ടെത്തിയത്. നിരോധിക്കപ്പെട്ട ഡി ഡി ടി അടക്കമുള്ള വിഷങ്ങളുടെ സാന്നിധ്യവും ഉണ്ട്.
കാബേജ്, കോളിഫഌവര്‍, തക്കാളി, വഴുതന, വെണ്ട എന്നിവയടക്കം 180 പച്ചക്കറി സാംപിളുകള്‍ കേന്ദ്ര കൃഷിമന്ത്രാലയം പരിശോധിച്ചു. വെണ്ടയുടെ രണ്ട് സാംപിളുകളിലും ഒരു കോളിഫഌവര്‍ സാംപിളിലും ഓര്‍ഗാനോ ഫോസ്ഫറസ് ഇനത്തില്‍പ്പെട്ട കീടനാശിനികളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ആപ്പിള്‍, ഓറഞ്ച്, വാഴപ്പഴം, മുന്തിരി, മാതള നാരങ്ങ എന്നിവയുടെ 50 സാംപിളുകളും പരിശോധിച്ചു. തിരുവനന്തപുരത്തു നിന്നുള്ള രണ്ട് മുന്തിരി സാംപിളുകളില്‍ ഓര്‍ഗാനോ ഫോസ്ഫറസ് ഇനത്തിലുള്ള കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. ഗോതമ്പിന്റെ നാല് സാംപിളുകളിലും ഈ കാലയളവില്‍ ഓര്‍ഗാനോ ഫോസ്ഫറസ് കീടനാശിനികള്‍ സ്ഥിരീകരിച്ചു. സാംപിളെടുത്ത സുഗന്ധ വ്യഞ്ജനങ്ങളില്‍ പകുതിയിലേറെയും കീടനാശിനി കലര്‍ന്നതാണെന്നും കണ്ടെത്തി. 20 സാംപിളെടുത്തതില്‍ 11ലും കീടനാശിനികള്‍ കണ്ടെത്തി.
ഇങ്ങനെയൊക്കെ പഠനം നടത്തി കീടനാശിനികളടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ട് യാതൊരു പ്രയോജനവുമില്ല എന്നതാണ് അവസ്ഥ. അപകടസ്ഥിതി വ്യക്തമായിട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും ഇതിനെതിരെ യാതൊരു നടപടിയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊണ്ടിട്ടില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന ഒരു അഭ്യാസ പ്രകടനം മാത്രമായി ഈ പരിശോധന മാറുന്നു. മൂന്ന് മാസം കൂടുമ്പോള്‍ പച്ചക്കറികളുടെ സാമ്പിള്‍ പരിശോധിച്ച് ഫലം കാര്‍ഷിക സര്‍വകലാശാലകളുടേയും കൃഷി വകുപ്പിന്റേയും വെബ്‌സൈറ്റില്‍ മുടങ്ങാതെ ഇടുന്നതല്ലാതെ വിഷാംശം കണ്ടെത്തിയ പച്ചക്കറികളെ എന്തുചെയ്യണമെന്ന കാര്യത്തില്‍ യാതൊന്നും പറയുന്നില്ല; നടപടിയുമില്ല.
മാര്‍ക്കറ്റിലെത്തുന്ന പച്ചക്കറികളില്‍ വിഷാംശമുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധന നടത്തി കണ്ടെത്തേണ്ട ആവശ്യമില്ല. കാരണം കേരളത്തില്‍ ജീവിക്കുന്ന സാമാന്യബോധമുള്ള എല്ലാവര്‍ക്കും മനസ്സിലാകും പച്ചക്കറികളില്‍ കീടനാശിനി ഉണ്ടോ എന്ന കാര്യം. ഇത്തരമൊരു പ്രഹസനമായ പരിശോധനയിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുകയാണ് ചെയ്യുന്നത്. തങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി എന്തൊക്കെയോ ചെയ്യുന്നുണ്ട് എന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് ഈ പരിപാടി. നടപടിയെടുക്കാനുള്ള ആത്മാര്‍ഥ ശ്രമമാണ് സര്‍ക്കാറിന്റെ ഉദ്ദേശ്യമെങ്കില്‍ കേരളത്തിനു പുറത്ത് നിന്ന് വരുന്ന പച്ചക്കറികള്‍ അതിര്‍ത്തികളില്‍ പരിശോധിച്ച് വിഷാംശമുള്ളതാണെങ്കില്‍ കേരളത്തിലേക്ക് കടത്തിവിടാതിരിക്കുകയാണ് വേണ്ടത്. അല്ലാതെ വെറുതെ പരിശോധന നടത്തിയിട്ടെന്ത് കാര്യം? ജനങ്ങളുടെ പണം ധൂര്‍ത്തടിക്കാനുള്ള ഒരു മാര്‍ഗമായി മാത്രമേ ഈ പരിശോധനയെ കാണാന്‍ സാധിക്കു.