Connect with us

Wayanad

തുടര്‍ പദ്ധതികളാവിഷ്‌ക്കരിച്ച് വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും

Published

|

Last Updated

വൈത്തിരി: പട്ടികവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ജില്ലയില്‍ നടപ്പാക്കുന്ന കോളനിമിത്രം പദ്ധതിയുടെ ഭാഗമായി ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സുഗന്ധഗിരി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനും ഈ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുമാവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതിനും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
പ്രദേശത്തെ താമസക്കാരില്‍ നിന്ന് കലക്ടര്‍ നേരിട്ട് പരാതികള്‍ കേട്ടു. വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും വിവിധ ഏജന്‍സികള്‍ മുഖേന നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ ചോര്‍ന്നൊലിക്കുന്നതും പ്രദേശവാസികള്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.
അമ്പതേക്കര്‍ സ്ഥലത്തേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ കലക്ടര്‍ നേരിട്ട് മനസിലാക്കി. പല മേഖലകളിലും കാട്ടാന ശല്യവും രൂക്ഷമാണ്. പദ്ധതി പ്രദേശത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് വിവിധ വകുപ്പുകളേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും സഹകരിപ്പിച്ച് കൊണ്ട് പദ്ധതി തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രദേശത്തെ അങ്കണവാടികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. അങ്കണവാടികളുടെ സ്ഥലം വേലികെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
സുഗന്ധഗിരി പദ്ധതി പ്രദേശത്തെ ആളുകള്‍ക്ക് പ്രയോജനപ്പെടുന്നവിധം വൈത്തിരി പഞ്ചായത്തിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സുഗന്ധഗിരിയിലേക്ക് മാറ്റണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതരോടാവശ്യപ്പെട്ടു. കാട്ടാനശല്യം തടയുന്നതിന് സൗരോര്‍ജ്ജവേലി സ്ഥാപിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട അനര്‍ട്ട് പദ്ധതി പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ പകരം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
2008 ല്‍ വീട് നിര്‍മിക്കുന്നതിന് 1.25 ലക്ഷം രൂപ അനുവദിക്കപ്പെട്ടവര്‍ക്കും പുതുതായി വീട് അനുവദിക്കപ്പെട്ടവര്‍ക്കും റോഡ് സൗകര്യമില്ലാത്തതിനാല്‍ വീട് നിര്‍മ്മിക്കാനിയിട്ടില്ല. പല വീടുകളുടെയും നിര്‍മ്മാണം പാതിവഴിയിലാണ്. തുടര്‍ പദ്ധതികളാവിഷ്‌ക്കരിച്ച് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടാവും. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിന്റാജോണ്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗഗാറിന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest