Connect with us

Wayanad

ആഭ്യന്തരവകുപ്പിന് തലവേദന സൃഷ്ടിച്ച് മക്കിമലയില്‍ മാവോയിസ്റ്റുകളെത്തി

Published

|

Last Updated

മാനന്തവാടി: തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മക്കിമലയില്‍ മാവോയിസ്റ്റ് സംഘമെത്തി ലഘുലേഖകള്‍ വിതരണം ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളുമുള്‍പ്പെടുന്ന സംഘം മക്കിമലയില്‍ കുറിച്യ കോളനിയിലെ മൂന്നു വീടുകളിലെത്തിയത്. ഭക്ഷണ സാധനങ്ങളും പലവ്യഞ്ജനങ്ങളും ഇവര്‍ ആവശ്യപ്പെട്ടെങ്കിലും കോളനിക്കാര്‍ ഇല്ലെന്ന മറുപടിയാണ് നല്‍കിയത്. ഒരു മണിക്കൂറോളം വീടുകളില്‍ ചെലവഴിച്ചു. വളരെ സൗഹാര്‍ദ്ദപരമായാണ് ഇവര്‍ പെരുമാറിയതെന്ന് കോളനിവാസികള്‍ പറഞ്ഞു. പട്ടാള യൂണിഫോം അണിഞ്ഞെത്തിയ സംഘത്തിലെ മുഴവന്‍ പേരുടേയും കയ്യില്‍ തോക്കുകളുണ്ടായിരുന്നു. മാവോയിസ്റ്റ് പ്രസിദ്ധീകരണമായ കാട്ടുതീയുടെ പഴയ പതിപ്പായ 14ാം ലക്കത്തിന്റെ ലഘുലേഖകളും വീടുകളില്‍ വിതരണം ചെയ്തു. ഒരു മണിക്കൂര്‍ സംഘം കോളനിയില്‍ ചെലവഴിയിച്ചു. സംഭവമറിഞ്ഞ് സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘവും തലപ്പുഴ പോലീസും കോളനിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. പോലീസ്‌കാണിച്ച ഫോട്ടോകളില്‍ നിന്നും മാവോയിസ്റ്റ് നേതാക്കളായ രൂപേഷും സുന്ദരിയുമാണ് തങ്ങളുടെ വീടുകളിലെത്തിയതെന്ന് കോളനിക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് രൂപേഷിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ മാധ്യമങ്ങള്‍ പുറത്ത് വിട്ടതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പ് മാവോയിസ്റ്റ് വേട്ടക്കായി അടിയന്തിര നടപടി സ്വീകരിച്ചു വരുന്നതിന്റെ ഇടയില്‍ മാവോയിസ്റ്റുകള്‍ ജനവാസ കേന്ദ്രത്തിലെത്തിയത് ആഭ്യന്തരവകുപ്പിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.