Connect with us

Wayanad

വായ്പ അടച്ചുതീര്‍ത്ത ഇടപാടുകാരന് ജപ്തി നോട്ടീസ്‌

Published

|

Last Updated

കല്‍പ്പറ്റ: വായ്പ അടച്ചുതീര്‍ത്ത് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇടപാടുകാരന് ജപ്തി നോട്ടീസ്. വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ചീനിക്കാത്തൊടി ഗഫൂറിനാണ് ബാധ്യത തീര്‍ത്തിട്ടും നോട്ടിസ് ലഭിച്ചത്. ഒടുവില്‍ പിശക് സമ്മതിച്ച ബേങ്ക് ഗഫൂറിനെ “ഋണമുക്തനാക്കി” കത്ത് നല്‍കി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കോറിന്റെ കല്‍പ്പറ്റ ശാഖയിലെ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പിഴവാണ് ഗഫൂറിനെ തേടി ജപ്തി നോട്ടീസുമായി വില്ലേജ് ജീവനക്കാര്‍ എത്തുന്നതിനു ഇടയാക്കിയത്. മാസ ഗഡുക്കളായി തിരിച്ചടക്കാമെന്ന വ്യവസ്ഥയില്‍ 2002 നവംബര്‍ 19ന് ഗഫൂര്‍ 47,500 രൂപ വായ്പയെടുത്തിയിരുന്നു. ഒറ്റത്തവണത്തീര്‍പ്പാക്കല്‍ പദ്ധതി ഉപയോഗപ്പെടുത്തിയ ഗഫൂര്‍ 2012 സെപ്റ്റംബര്‍ അഞ്ചിന് 25029 രൂപ അടച്ച് ബാധ്യത തീര്‍ത്തു. ഇതു സംബന്ധിച്ച രേഖകളും ബേങ്കില്‍നിന്നു വാങ്ങി സൂക്ഷിച്ചു.
ജപ്തിക്കു മുന്‍പുള്ള നോട്ടീസുമായി ഇന്നലെ രാവിലെയാണ് വില്ലേജ് ജീവനക്കാര്‍ ഗഫൂറിന്റെ വീട്ടിലെത്തിയത്. വായ്പ കുടിശിക 57,000 രൂപ 10 ദിവസത്തിനകം അടയ്ക്കണമെന്നായിരുന്നു നോട്ടീസില്‍.
കുടിശിക ഇല്ലെന്ന് വിശദീകരിച്ച ഗഫൂറിന് ഇക്കാര്യത്തില്‍ ബാങ്ക് രേഖ ഹാജരാക്കാനായിരുന്നു വില്ലേജ് ജീവനക്കാരുടെ ഉപദേശം. ജപ്തി നോട്ടീസുമായി ഗഫൂര്‍ എത്തിയതിനെത്തുടര്‍ന്ന് ബേങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് പിശക് ബോധ്യപ്പെട്ടത്.
ബാധ്യതയില്ലെന്ന് എഴുതി ഒപ്പിട്ട രേഖയും അപ്പോള്‍ത്തന്നെ ഗഫൂറിനു നല്‍കി. ഇതുമായി വില്ലേജ് ഓഫീസിലെത്തി ജപ്തി ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് ഗഫൂര്‍.