Connect with us

Kasargod

മുഹിമ്മാത്ത് ഒരുങ്ങി;സമസ്ത ഉലമാ കോണ്‍ഫറന്‍സ് നാളെ

Published

|

Last Updated

കാസര്‍കോട്: സമസ്ത കേരള സുന്നി യുവജനസംഘം അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉലമാ കോണ്‍ഫറന്‍സ് നാളെ പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. അഹ്ദല്‍ മഖാം പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ താജുല്‍ ഉലമാ നഗരിയിലാണ് പരിപാടികള്‍ നടക്കുന്നത്.
രാവിലെ ഒമ്പതിന് സ്വാഗതസംഘം ചെയര്‍മാന്‍ ജീലാനി അബ്ദുറഹ്്മാന്‍ ഹാജി പതാക ഉയര്‍ത്തും. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന അപേക്ഷ നല്‍കിയവര്‍ മൂന്ന് മണിക്ക് ക്യാമ്പ് സൈറ്റില്‍ റിപ്പോര്‍ട്ട് നല്‍കണം. 3.30ന് നടക്കുന്ന സിയാറത്തിന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും.
നാലുമണിക്ക് കവാടം ക്യാമ്പ് അമീര്‍ മുനീര്‍ ബാഖവി തുരുത്തി നിര്‍ദേശം നല്‍കും. കനല്‍പഥങ്ങളിലെ സമസ്ത, തര്‍ക്കുല്‍ മുവാലാത്ത്, സംശയ നിവാരണം, തബ് ലീഗ് ജമാഅത്ത് കാണാപ്പുറങ്ങള്‍, കൈപ്പുസ്തകം, നാളേക്ക്, ആത്മീയം തുടങ്ങിയ സെഷനുകള്‍ക്ക് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൊയ്തു സഅദി ചേരൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഉലമായിന്റെ ആദര്‍ശപോരാട്ടങ്ങള്‍ക്ക് ഉശിരും ഊര്‍ജവും നല്‍കിയ ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ കര്‍മഭൂമിയിലേക്ക് വിരുന്നെത്തുന്ന ഉലമാ കോണ്‍ഫറന്‍സിനെ സ്വീകരിക്കാന്‍ മുഹിമ്മാത്തില്‍ വിപുലമായ സ്വീകരണങ്ങളാണ് ഒരുങ്ങുന്നത്. വാഹിദ് സഖാഫിയുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘത്തിനു പുറമെ അബ്ദുല്‍ അസീസ് മിസ്ബാഹിയുടെ നേതൃത്വത്തിലുള്ള വളണ്ടിയര്‍ വിംഗും ഇബ്്‌റാഹിം സഖാഫി കര്‍ണൂരിന്റെ നേതൃത്വത്തില്‍ ഭക്ഷണ താമസ സംവിധാനങ്ങളും സയ്യിദ് ഇസ്മാഈല്‍ ബാഫഖി, അബൂബക്കര്‍ കാമില്‍ സഖാഫി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണ സമിതിയും രംഗത്തുണ്ട്.

Latest