Connect with us

Kasargod

സുരക്ഷിതമല്ലാത്ത ബസുകള്‍ക്കെതിരെ നടപടി

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട്-സീതാംഗോളി റൂട്ടില്‍ ഇന്നലെയും ബസോട്ടം നിലച്ചു. കഴിഞ്ഞ ദിവസം സീതാംഗോളിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും ഒന്‍പതുകാരനടക്കം രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ബസ് തകര്‍ത്തിരുന്നു. രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആള്‍കൂട്ടം ബസ് ഓടാന്‍ അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ബസ് ജീവനക്കാര്‍ കഴിഞ്ഞദിവസം മിന്നല്‍ പണിമുടക്ക് നടത്തുകയും ബസ് സര്‍വീസ് നിര്‍ത്തിയിടുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും കുതിരപ്പാടിയിലും സീതാംഗോളിയിലും ഒരുകൂട്ടം ആളുകള്‍ ബസുകളെ തടഞ്ഞു. ബസുടമകള്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ടാണ് സംഘം ബസ് ഗതാഗതം തടഞ്ഞത്. വിദ്യാനഗറിനും സീതാംഗോളിക്കുമിടയില്‍ ബസ് ഗതാഗതം നിലച്ചതിനാല്‍ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. ബസുകളുടെ അമിത വേഗതയും ഫിറ്റ്‌നസ് ഇല്ലാത്ത ബസുകള്‍ ഓടുന്നതുമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
അപകടത്തിന് കാരണമായത് ബസിന്റെ ബ്രേക്ക് ബൂസ്റ്റര്‍ ഇളകിവീണതാണെന്ന് ബസുടമകള്‍ പറയുന്നു. സീതാംഗോളിയിലെ ഇറക്കത്തില്‍ ബസില്‍നിന്ന് എന്തോ പൊട്ടിവീഴുന്ന ശബ്ദംകേട്ടുവെന്നും അതോടെ ബ്രേക്ക് തകരാറിലായെന്നും ഡ്രൈവര്‍ പറഞ്ഞതായി ബസുടമകള്‍ അറിയിച്ചു. ഹെഡ്‌ലൈറ്റ് ഓണ്‍ ചെയ്ത് മുന്നിലുള്ള വാഹനങ്ങളോട് മാറാന്‍ കൈകൊണ്ട് ഡ്രൈവര്‍ ആവശ്യപ്പെട്ടിരുന്നു. ബസ് സ്റ്റാന്‍ഡിന്റെ ഇടതുഭാഗത്ത് നിരവധി ആളുകള്‍ ബസില്‍ കയറാന്‍ കാത്തിരിപ്പുണ്ടായിരുന്നു. അങ്ങോട്ട് തിരിക്കാതെ വലതുഭാഗത്തേക്ക് ഓടിക്കുകയായിരുന്നു. ഇടതുഭാഗത്തേക്ക് തിരിച്ചിരുന്നുവെങ്കില്‍ മരണസംഖ്യ ഉയരുമായിരുന്നുവെന്നാണ് ആളുകള്‍ പറയുന്നത്. എന്നാല്‍, അപകടത്തിന്റെ കാരണം കൃത്യമായ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂ എന്നാണ് പോലീസ് പറയുന്നത്. അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ്. അപകടത്തില്‍പെട്ട മൂന്ന് വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍പെട്ട ബസ് ആര്‍ ടി ഒ അധികൃതര്‍ ഇന്നലെ പരിശോധിച്ചു.
അപകടത്തിന് കാരണമായത് ബസുകളുടെ അമിത വേഗതയും ഫിറ്റ്‌നസ് ഇല്ലാത്തതുമാണെന്ന് നാട്ടുകാര്‍ പരാതിപെട്ടതിനു പിന്നാലെ ഇന്നലെ ആര്‍ ടി ഒയുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്കിലെ ബസുകളില്‍ പരിശോധന നടത്തി. ഇന്നലെ രാവിലെ കുമ്പളയിലെയും കാസര്‍കോട്ടെയും നിരവധി സ്വകാര്യ ബസുകള്‍ പരിശോധിച്ചു. മതിയായ സുരക്ഷയില്ലാതെ ഓടുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ആര്‍ ടി ഒ പ്രകാശ്ബാബു പറഞ്ഞു.