Connect with us

Kollam

ഹോക്കി സ്‌റ്റേഡിയം നിര്‍മാണത്തില്‍ വന്‍ ക്രമക്കേട്‌

Published

|

Last Updated

കൊല്ലം: സിമന്റിനു പകരം ചെളിയും മണ്ണും ഉപയോഗിച്ച് സ്‌റ്റേഡിയം നിര്‍മാണം. ദേശീയ ഗെയിംസിന്റെ ഭാഗമായി ആശ്രാമം മൈതാനത്തോട് ചേര്‍ന്നു നിര്‍മിക്കുന്ന ഹോക്കി സ്‌റ്റേഡിയത്തിനാണ് ദുര്‍ഗതി. നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് വിജിലന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്നു കണ്ടെത്തി.

ദേശീയ ഗെയിംസിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ വിജിലന്‍സ് വിഭാഗം മുന്‍ ഡി വൈ എസ് പി യോഗേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ചെന്നൈ ആസ്ഥാനമായ പി ടി രാമനാഥന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കായിരുന്നു നിര്‍മാണച്ചുമതല. സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍ നിര്‍മിച്ചിരിക്കുന്നത് പൂര്‍ണമായും ചെളികൊണ്ടാണ്.
ഇതിന് ഇടയില്‍ സിമന്റ് അവിടവിടെ കുത്തിനിറച്ചിട്ടുണ്ട്. തങ്കശേരി തുറമുഖ നിര്‍മാണത്തിന് കടല്‍ ഡ്രെഡ്ജ് ചെയ്ത മണ്ണ് ഉപയോഗിച്ചാണ് സ്‌റ്റേഡിയത്തിനകത്ത് ഭിത്തി നിര്‍മിച്ചിരിക്കുന്നത്. മൈതാനത്തെ പൂഴിമണ്ണും ഇതിന് ഉപയോഗിച്ചിട്ടുണ്ട്. തറ നികത്താനായിട്ടായിരുന്നു കടല്‍മണ്ണ് സ്‌റ്റേഡിയത്തില്‍ എത്തിച്ചത്. വര്‍ഷങ്ങളോളം നിലനില്‍ക്കേണ്ട സ്‌റ്റേഡിയമാണ് ലവണാംശം കൂടിയ മണ്ണ് ഉപയോഗിച്ചു നിര്‍മിച്ചത്.
ഗുണമേന്മയില്ലാത്ത കമ്പികളും ഉപയോഗിച്ചതായി കണ്ടെത്തി. കമ്പികളില്‍ പലതും നേരത്തെ കടത്തിയതായി ആരോപണം ഉണ്ടായിരുന്നു. ഇന്ത്യന്‍ ഒളിമ്പിക്‌സ് കമ്മിറ്റി ടീം നവംബര്‍ ആറിന് സ്‌റ്റേഡിയം സന്ദര്‍ശിക്കും മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമമായിരുന്നു കരാറുകാര്‍ നടത്തിയത്. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. കണ്‍സള്‍ട്ടന്‍സി ഉണ്ടായിരുന്നിട്ടും ഇവരുടെ പ്രവര്‍ത്തനത്തിന് ആരും മേല്‍നോട്ടം വഹിച്ചില്ലെന്നും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ വിദഗ്ധസംഘം പരിശോധന നടത്തുന്നുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് ദേശീയ ഗെയിംസ് അതോറിറ്റിക്കു സമര്‍പ്പിക്കും. ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്നായിരുന്നു അറിയിപ്പ്. സ്‌റ്റേഡിയത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെയും പാര്‍ക്കിങ് ഏരിയയുടെയും നിര്‍മാണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
മൈതാനത്ത് ടര്‍ഫ് വിരിക്കുന്നതിന്റെ ജോലികളും പരിശീലന മൈതാനത്തിന്റെ നിര്‍മാണവും നടത്തണം. കൃത്രിമ ടര്‍ഫാണ് വിരിക്കുന്നത്. പരിശീലന മൈതാനം നിര്‍മിക്കുന്ന സ്ഥലത്ത് നിലവില്‍ ഉറപ്പു കുറവുണ്ട്. ഇതു പരിഹരിച്ച ശേഷമേ ടര്‍ഫ് വിരിക്കുന്നത് തുടങ്ങാന്‍ സാധിക്കുകയുള്ളൂ. ഹൈദരാബാദ് ഗ്രേറ്റ് സ്‌പോര്‍ട്‌സ് കമ്പനിയാണ് ടര്‍ഫ് വിരിക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്‌േറ്റഡിയം നിര്‍മാണത്തിന്റെ തുടക്കം മുതല്‍ ആരോപണങ്ങളും ഒപ്പമുണ്ടായിരുന്നു. നിര്‍മാണം അവസാനഘട്ടം എത്തുമ്പോള്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ ദേശീയ ഗെയിംസിനെ ബാധിക്കുമോയെന്ന് ആശങ്കയില്ലാതില്ല. 2015 ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയാണ് ദേശീയ ഗെയിംസ് കേരളത്തില്‍ നടക്കുന്നത്.

Latest