Connect with us

Oddnews

സ്വാദിഖ് എന്ന പത്ത് വയസുകാരന്‍ ഹൈദരാബാദ് 'പോലീസ് കമ്മീഷണര്‍'

Published

|

Last Updated

POLICEഹൈദരാബാദ്: സ്വാദിഖ് എന്ന പത്ത് വയസുകാരന്‍ ഹൈദരാബാദ് പോലീസ് കമ്മീഷണറായി. രോഗിയായ സ്വാദിഖിന്റെ വലിയ ആഗ്രഹമായിരുന്നു പോലീസ് കമ്മീഷണറാവുക എന്നത്. നിത്യ രോഗിയായ സ്വാദിഖിന് തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനാവില്ല എന്നുറപ്പുണ്ടെങ്കിലും ആഗ്രഹം കൈവെടിയാന്‍ സ്വാദിഖ് തയ്യാറായില്ല. ഒടുവില്‍ ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ മഹേന്ദര്‍ റെഡ്ഡിയും കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയും സ്വാദിഖിന്റെ സ്വപ്‌നം സഫലമാക്കി.

കാക്കി വസ്ത്രവും തൊപ്പിയുമണിഞ്ഞ സ്വാദിഖിനെ മഹേന്ദര്‍ റെഡ്ഡിയും മറ്റു പോലീസുകാരും സല്യൂട്ട് ചെയ്തു. തെലുങ്കാനയിലെ കരീംനഗറാണ് സ്വാദിഖിന്റെ ജന്‍മദേശം. മരണാസന്നരായ കുട്ടികള്‍ക്ക് തങ്ങളുടെ ആഗ്രങ്ങള്‍ സഫലീകരിക്കാന്‍ സംഘടന ശ്രമിക്കാറുണ്ടെന്ന് സംഘടനയുടെ മേധാവി പുഷ്പ ദേവി ജെയിന്‍ പറഞ്ഞു.

ചില കുട്ടികള്‍ക്ക് സിനിമാതാരങ്ങളേയും പ്രശസ്തരേയും കാണണമെന്നാകും ആഗ്രഹം. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് കുറച്ചെങ്കിലും സന്തോഷം നല്‍കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ജെയിന്‍ പറഞ്ഞു. ഓഗസ്റ്റില്‍ തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ കാണണമെന്ന രോഗിയായ കുട്ടിയുടെ ആഗ്രഹം സംഘടന യാഥാര്‍ത്ഥമാക്കിയിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച പെണ്‍കുട്ടിക്ക് തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിനെ കാണാനുള്ള ആഗ്രഹം ഉടന്‍ സഫലീകരിക്കുമെന്നും പുഷ്പ ജെയിന്‍ പറഞ്ഞു.