Connect with us

Gulf

രഘുനാഥ് ഊരുപൊയ്ക: അബുദാബിയിലെ ആദ്യത്തെ തെങ്ങ് കൃഷിക്കാരന്‍

Published

|

Last Updated

അബുദാബിയുടെ സാംസ്‌കാരിക മണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്നു ഇന്നലെ (ചൊവ്വ) മരണപ്പെട്ട കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ രഘുനാഥ് ഊരുപൊയ്ക. ആരംഭകാലം മുതല്‍ തന്നെ ശക്തിയുടെ സജീവപ്രവര്‍ത്തകനായ അദ്ദേഹം സംഘടനയുടെ പ്രസിഡന്റ് സ്ഥാനം മുതല്‍ വിവിധ പദവികള്‍ അലങ്കരിച്ചു.
അബുദാബി മലയാളികള്‍ക്കിടയില്‍ സാഹിത്യ തത്പരരെ കണ്ടെത്തുന്നതിനും സാഹിത്യത്തോടുള്ള അഭിരുചി വളര്‍ത്തിക്കൊണ്ടുവരുന്നതിനും രൂപംനല്‍കിയ കവിതാ സമിതിയും ഫിലിം ക്ലബ്ബും വരുംതലമുറക്ക് മാര്‍ഗദീപമായി വര്‍ത്തിക്കാന്‍ പര്യാപ്തമായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ സമര പോരാളി നെല്‍സന്‍ മണ്ടേല ആഫ്രിക്കന്‍ തടവറയില്‍ കഴിയുമ്പോള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കേരള സോഷ്യല്‍ സെന്റര്‍ അവതരിപ്പിച്ച ലഘുനാടകത്തില്‍ നെല്‍സന്‍ മണ്ടേലയുടെ വേഷമണിഞ്ഞ അദ്ദേഹത്തെ പിന്നീട് അബുദാബി മലയാളികള്‍ സ്‌നേഹപൂര്‍വ്വം “മണ്ടേല” എന്നാണ് വിളിച്ചിരുന്നത്.
ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്റെ ദീര്‍ഘകാല പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം “ആശാന്‍” എന്ന ഓമനപ്പേരിലും അറിയപ്പെട്ടിരുന്നു.
മണലാരണ്യത്തില്‍ അപ്രാപ്യമെന്ന് പൊതുവെ ധരിച്ചിരുന്ന തെങ്ങ് കൃഷിക്ക് അബുദാബിയില്‍ തുടക്കം കുറിച്ചത് രഘുനാഥ് ഊരുപൊയ്ക അബുദാബി നഗരസഭയില്‍ ജോലിചെയ്യവേയാണ്.
കേരളം, ശ്രീലങ്ക, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്ന് തെങ്ങിന്‍ തൈകളും വിത്ത് തേങ്ങകളും എത്തിച്ചുകൊണ്ടായിരുന്നു മരുഭൂമിയില്‍ തെങ്ങ് കൃഷിക്ക് അദ്ദേഹം തുടക്കം കുറിച്ചത്. രഘുനാഥ് നട്ടുവളര്‍ത്തിയ തെങ്ങുകള്‍ ഇന്നും അബുദാബിയുടെ കോര്‍ണീഷുകളില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ മലയാളത്തിന്റെ തണല്‍ സ്പര്‍ശം വിദേശികളും സ്വദേശികളുമായ അബുദാബി ജനത അറിയുകയാണ്.

 

Latest