Connect with us

Gulf

ജനങ്ങളുടെ സംതൃപ്തി വിലയിരുത്താന്‍ നഗരസഭ വിപുലമായ പദ്ധതികള്‍ ഒരുക്കുന്നു

Published

|

Last Updated

ദുബൈ: ഇടപാടുകാരുടെ സംതൃപ്തി വിലയിരുത്താന്‍ ദുബൈ നഗരസഭ സംഭവ സൂചികാ സര്‍വേ നടത്തുമെന്ന് ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു.
ഈയിടെ ജനങ്ങളുടെ സംതൃപ്തി മനസിലാക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഹാപ്പിനസ് ഇന്‍ഡക്‌സ് എന്ന പേരില്‍ പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നഗരസഭയുടെ നീക്കം. ഈ ആവശ്യത്തിനായി നഗരസഭ 23 സ്മാര്‍ട് സാമഗ്രികള്‍ നഗരസഭാ ആസ്ഥാനത്തെ ബന്ധിപ്പിച്ചു കൊണ്ട് ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. ജനങ്ങളുടെ അല്ലെങ്കില്‍ ഉപഭോക്താക്കളുടെ സംതൃപ്തി രേഖപ്പെടുത്താന്‍ വേണ്ടിയാണിത്. നഗരസസഭയുമായി നിരന്തരം ബന്ധപ്പെടാന്‍ ഈ സാമഗ്രികള്‍ വഴി ഇടപാടുകാര്‍ക്ക് അവസരം ലഭിക്കും. മാത്രമല്ല, ഇടപാടുകാരുടെ കാര്യത്തില്‍ സുതാര്യമായാണ് കാര്യങ്ങള്‍ നടക്കുന്നതെന്നറിയാന്‍ സര്‍വേ നടത്തും. നിലവില്‍ 350 സേവനങ്ങളാണ് നഗരസഭക്കുള്ളത്. ഇതില്‍ 200 സേവനങ്ങള്‍ സ്മാര്‍ട് സേവനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അഞ്ച് ആപ്ലിക്കേഷനുകളാണ് നഗരസഭ ഇതിന് വേണ്ടി വികസിപ്പിച്ചത്. യു എ ഇയുടെ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലിയായ 2021ഓടെ ജനങ്ങളുടെ ആഹ്ലാദ സൂചിക ഏറ്റവും ഉയരത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.

 

Latest