Connect with us

Gulf

നിരീക്ഷണ സ്ഥലം 148ാം നിലയിലും;ബുര്‍ജ് ഖലീഫക്ക് മറ്റൊരു പൊക്കം

Published

|

Last Updated

ദുബൈ: ദുബൈക്ക് പുതിയൊരു ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് കൂടി. ബുര്‍ജ് ഖലീഫയില്‍ 555 മീറ്റര്‍ ഉയരത്തില്‍ നഗര വീക്ഷണത്തിന് സൗകര്യമൊരുക്കിക്കൊണ്ടാണ് ഈ നേട്ടം. നേരത്തെ 125-ാം നിലയിലായിരുന്നു ഈ സൗകര്യം. ഇപ്പോള്‍ കെട്ടിടത്തിന്റെ 148 നിലയുടെ മുകളിലേക്കായി വര്‍ധിപ്പിച്ചതോടെ ഏറ്റവും പൊക്കമുള്ള നിരീക്ഷണം എന്ന ലോക റിക്കാര്‍ഡായെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഹ്മദ് അല്‍ ഫലാസി പറഞ്ഞു.
നേരത്തെ ചൈനയിലെ ഗ്വാംഗ് സൂയിലെ കാന്‍ടോണ്‍ ടവറില്‍ 488 മീറ്റര്‍ ഉയരത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ സ്ഥലം ഉണ്ടായിരുന്നത്. ബുര്‍ജ് ഖലീഫ സ്‌കൈ അറ്റ് ദ ടോപ് എന്ന പേരിലാണ് ഈ നിരീക്ഷണ സ്ഥലം അറിയപ്പെടുക. മനുഷ്യ നിര്‍മിതമായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ നിന്ന് പുറം കാഴ്ചകള്‍ കാണാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവില്‍ ലോകത്തിലെ പൊക്കമുള്ള കെട്ടിടം, മനുഷ്യ നിര്‍മിതമായ ഏറ്റവും വലിയ കെട്ടിടം, ഏറ്റവും ഉയര്‍ന്ന നിലയിലുള്ള റസ്റ്റോറന്റ് എന്നിങ്ങനെ ബുര്‍ജ് ഖലീഫക്ക് നിരവധി റിക്കോര്‍ഡുകളുണ്ട്.
148ാം നിലയില്‍ എന്ന പോലെതന്നെ 125-ാം നിലയിലും പുറം കാഴ്ചകള്‍ കാണാന്‍ തുടര്‍ന്നും സൗകര്യമുണ്ടായിരിക്കുമെന്ന് അഹ്മദ് അല്‍ ഫലാസി അറിയിച്ചു. ബുര്‍ജ് ഖലീഫക്ക് ഇങ്ങിനെ ഒരു നേട്ടം സാധ്യമായത് അഭിനന്ദിക്കുകയാണെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കണ്‍ട്രി മാനേജര്‍ തലാല്‍ ഉമര്‍ പറഞ്ഞു. ദുബൈ നഗരത്തെ സംബന്ധിച്ചിടത്തോളം നേരത്തെ തന്നെ നിരവധി റിക്കോര്‍ഡുകള്‍ ഉണ്ട്.
ദുബൈ മാളിലെ താഴെത്തെ നിലയില്‍ നിന്നാണ് ലിഫ്റ്റ് വഴി മുകളിലേക്ക് കയറാന്‍ കഴിയുക. അതിഥികള്‍ക്ക് പാനീയങ്ങളും മറ്റും നല്‍കുന്നുണ്ട്.
ബുര്‍ജ് ഖലീഫ യാഥാര്‍ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച ആളുകള്‍ അതിന്റെ രൂപകല്‍പന, ശില്‍പ മാതൃക തുടങ്ങിയവ സംബന്ധിച്ചും നിരവധി ദൃശ്യങ്ങളും ലിഫ്റ്റിലും മറ്റുമായി ഒരുക്കിയിട്ടുണ്ട്. 2013ല്‍ 18.7 ലക്ഷം ആളുകളാണ് ബുര്‍ജ് ഖലീഫ അറ്റ് ദി ടോപ്പില്‍ സന്ദര്‍ശനം നടത്തിയത്. ലോകപ്രശസ്തരായ നിരവധി പേര്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

Latest