Connect with us

Kozhikode

കലക്‌ട്രേറ്റ് കാന്റീന്റെ തറ രണ്ടാള്‍ താഴ്ചയില്‍ ഇടിഞ്ഞു താഴ്ന്നു; ആറ് പേര്‍ക്ക് പരുക്ക്

Published

|

Last Updated

കോഴിക്കോട്: സിവില്‍ സ്റ്റേഷന്‍ വളപ്പിലെ കലക്‌ട്രേറ്റ് കാന്റീന്റെ തറ രണ്ടാള്‍ താഴ്ചയില്‍ ഇടിഞ്ഞു താഴ്ന്നു. ആറ് പേര്‍ക്ക് പരുക്കേറ്റു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സപ്ലൈകോ ജീവനക്കാരന്‍ താമരശ്ശേരി കോങ്കോത്ത് വീട്ടില്‍ ജയകൃഷ്ണന്റെ മകന്‍ ഹരീഷ് (29), സപ്ലൈകോ സൂപ്രണ്ട് മാനന്തവാടി ഹരിപ്രിയത്തില്‍ സുകുമാരന്റെ മകന്‍ ജയപ്രകാശ് (48), സര്‍വേ വകുപ്പ് ജീവനക്കാരന്‍ മൊകവൂര്‍ കൃഷ്ണപുരിയില്‍ പ്രേംജിത്ത് (39), കാന്റീന്‍ ജീവനക്കാരായ കുന്ദമംഗലം താഴെ കണ്ണഞ്ചേരിയിലെ മോഹനന്‍ (58), വെള്ളന്നൂര്‍ സ്വദേശിനി ശാന്ത (42), പാലത്ത് മാരംപറമ്പ് പ്രേമലത (59) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശ പ്രകാരം കാന്റീന്‍ അടച്ചു.
ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. അടുക്കളക്ക് സമീപത്തെ തറയാണ് താഴ്ന്ന് പോയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സിവില്‍ സ്‌റ്റേഷന്‍ ജീവനക്കാരും ഭക്ഷണം വിളമ്പുകയായിരുന്ന കാന്റീന്‍ ജീവനക്കാരും മേശയും ഇരിപ്പിടത്തോടൊപ്പം ഗര്‍ത്തത്തില്‍ കുടുങ്ങി. സമീപത്തുണ്ടായിരുന്നവര്‍ ഇവരെ പുറത്തെടുത്തു. സംഭവമറിഞ്ഞെത്തിയ വെള്ളിമാടുകുന്ന് അഗനിശമന വിഭാഗവും ചേവായൂര്‍ പോലീസും ചേര്‍ന്ന് പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കെട്ടിട നിര്‍മാണത്തിലെ അപാകതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. തറയൊരുക്കുമ്പോള്‍ ഉണ്ടായിരുന്ന കുഴി വേണ്ടവിധം മണ്ണിട്ടുറപ്പിച്ച് നികത്തിയിരുന്നില്ല.
വെള്ളിമാട്കുന്ന് അഗ്നിശമന വിഭാഗം സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് പി സതീശ്, ഫയര്‍മാന്‍മാരായ ഇല്ലത്ത് സുജിത്ത് കുമാര്‍, പയസ് അഗസ്റ്റിന്‍, അബ്ദു ഷുക്കൂര്‍, രാഗിന്‍, വിപിന്‍, അനീഷ്, രജീഷ്, ഷൈജു രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.