Connect with us

Kozhikode

സിറാജ് വാര്‍ത്ത തുണയായി; നിലാവുന്നീസയുടെ മക്കള്‍ക്ക് ഇനി സ്‌കൂളില്‍ പോകാം

Published

|

Last Updated

കോഴിക്കോട്: കടുത്ത ജീവിതഭാരം കാരണം ചികിത്സയും പഠനവും വഴിമുട്ടിയ നിലാവുന്നീസയും മക്കളും ഇനി സാന്ത്വനം പ്രവര്‍ത്തകരുടെ തണലില്‍ . “”ഉമ്മയെ ചികിത്സിക്കാന്‍ സബിതയും മുഹമ്മദ് റാഫിയും പഠനം ഉപേക്ഷിക്കുന്നു ” എന്ന തലക്കെട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച സിറാജ് പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് പാലക്കാട് ജില്ലയിലെ എസ് വൈ എസിന്റെ ആഭിമുഖ്യത്തിലുള്ള സാന്ത്വനം പ്രവര്‍ത്തകര്‍ നിലാവുന്നീസയുടെ കുടുംബത്തിന് തണലേകാനെത്തിയത്. കിഡ്‌നി രോഗിയായ നിലാവുന്നീസയെ പരിചരിക്കാനും സഹൃദയരോട് സാമ്പത്തികം സംഘടിപ്പിക്കാനുമായി മക്കളായ പ്ലസ് ടു വിദ്യാര്‍ഥിനി സബിതയും ഒമ്പതാം ക്ലാസുകാരനായ മുഹമ്മദ് റാഫിയും സ്‌കൂള്‍ പഠനം ഉപേക്ഷിക്കുന്നുവെന്ന ദയനീയ വാര്‍ത്തയായിരുന്നു സിറാജ് പ്രസിദ്ധീകരിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയക്കു ശേഷം പാലക്കാട്ടെ വീട്ടിലേക്ക് മടങ്ങിയ നിലാവുന്നീസയെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് പാലക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സാന്ത്വനം പ്രവര്‍ത്തകര്‍ അവിടെയെത്തിയാണ് കുടുംബത്തെ ഏറ്റെടുക്കാന്‍ സന്നദ്ധരായത്. പാലക്കാട്ടെ സാന്ത്വനം കണ്‍വീനര്‍ സുലൈമാന്‍ മുസ്‌ലിയാര്‍ ചുണ്ടമ്പറ്റ, അശ്‌റഫ് അഹ്‌സനി ആനക്കര, പി എം കെ തങ്ങള്‍ ആലത്തൂര്‍, ബശീര്‍ സഖാഫി വണ്ടിത്താവളം തുടങ്ങിയവരടങ്ങിയ സംഘം കുടുംബത്തിന്റെ ദൈനം ദിന ചെലവിലേക്കാവശ്യമായ സഹായത്തിന്റെ ആദ്യ ഗഡു കൈമാറി. കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനാവശ്യമായതും സാന്ത്വനം പ്രവര്‍ത്തകര്‍ ചെയ്യും. കുട്ടികളെ പഠനരംഗത്ത് സഹായിക്കാന്‍ എം ഇ എസും മുന്നോട്ട് വന്നിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് റാഫിയുടെ ഭക്ഷണച്ചിലവ് പാലക്കാട് ജാമിഅ ഹസനിയ്യ അറബിക് കോളജിന്റെ കീഴിലുള്ള ഖാദിരിയ്യ അനാഥ അഗതി മന്ദിരം ഏറ്റെടുത്തിട്ടുണ്ട്. നിലാവുന്നീസയുടേയും കുടുംബത്തിന്റേയും കഥന കഥയറിഞ്ഞ മഹല്ല് കമ്മിറ്റിയും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. സാന്ത്വനം പ്രവര്‍ത്തകരും മഹല്ല് കമ്മിറ്റിയും സംയുക്തമായി അടുത്ത വെള്ളിയാഴ്ച സഹായനിധിക്ക് രൂപം നല്‍കാന്‍ ധാരണയായിട്ടുണ്ട്.

ആദ്യസഹായം സംഘടിപ്പിച്ചത്
ഡോ. ഹുസൈന്‍ രണ്ടത്താണി
കോഴിക്കോട് : നിലാവുന്നീസയേയും മക്കളേയും സഹായിക്കാനുള്ള ആദ്യ കൈനീട്ടം സംഘടിപ്പിച്ചത് പ്രമുഖ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി. കുടുംബത്തിന്റെ ദയനീയത സിറാജിലൂടെയറിഞ്ഞ രണ്ടത്താണി പതിനായിരം രൂപയാണ് വിവിധ ഉദാരമതികളില്‍ നിന്ന് സംഘടിപ്പിച്ച് ഇവരുടെ എക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. സിറാജിന്റെ ഫേസ്ബുക്ക് പേജിലൂടെ 3500ഓളം പേരാണ് വാര്‍ത്ത ഷെയര്‍ ചെയ്തത്. ഉദാരമതികളായ നിരവധി പേര്‍ സംഭാവനയും നല്‍കി. നിലാവര്‍ണീസക്ക് ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. മാസത്തില്‍ നാല് തവണ മാത്രമാണ് സര്‍ക്കാര്‍ സൗജന്യമായി ഡയാലിസിസ് അനുവദിക്കുക. ഈയിനത്തിലും ദൈനം ദിന ചിലവിലേക്കുമായി മാസാന്തം ഇരുപതിനായിരം രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ചികിത്സക്കും വിദ്യാഭ്യാസത്തിനും പുറമെ, പെണ്‍കുട്ടിയുടെ വിവാഹമടക്കമുള്ള ദീര്‍ഘകാല പദ്ധതികള്‍ വിഷയം ഏറ്റെടുത്ത സാന്ത്വനം പ്രവര്‍ത്തകരുടെ പദ്ധതിയിലുണ്ട്. ഇക്കാര്യത്തില്‍ ഉദാരമതികളുടെ സഹായം സാന്ത്വനം പ്രവര്‍ത്തകര്‍ അഭ്യാര്‍ഥിച്ചിട്ടുണ്ട്. കുടുംബത്തിന്റെ എക്കൗണ്ട് നമ്പര്‍ : എസ് ബി ഐ മുതലമട ബ്രാഞ്ച് , പാലക്കാട് : 34075613859 -I F S C Code No: SBIN0011928 (Nilavarneesa)