Connect with us

National

ബൂര്‍ഷ്വാ പാര്‍ട്ടികളുമായുള്ള സഖ്യം തിരിച്ചടിയായെന്ന് സിപിഐഎം

Published

|

Last Updated

ന്യൂഡല്‍ഹി: ബദല്‍ മുന്നണി പരീക്ഷണങ്ങള്‍ തിരിച്ചടിയായെന്ന് സിപിഐഎം. 1978ല്‍ നടന്ന ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം പുനഃപരിശോധിച്ച് സഖ്യം സംബന്ധിച്ച് പാര്‍ട്ടി പുതിയ അടവുനയമുണ്ടാക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗത്തില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി. തിരഞ്ഞെടുപ്പ് കാലത്തുണ്ടാക്കുന്ന മുന്നണി പരീക്ഷണങ്ങള്‍ പാളിയെന്നും കഴിഞ്ഞ കാലങ്ങളില്‍ ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയത് തിരിച്ചടിയായെന്നും പി ബിയില്‍ അവതരിപ്പിച്ച കരട് അവലോകന രേഖയില്‍ തുറന്നു പറയുന്നു. ഈ മാസം 26ന് തുടങ്ങുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വെക്കുന്ന കരട് രേഖയിന്മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. 2004ലെ യു പി എ സര്‍ക്കാറിനെ പിന്തുണച്ചതില്‍ തെറ്റില്ല. എന്നാല്‍, ഇത് ഉപയോഗിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സാധിച്ചില്ലെന്നും കരട് രേഖയില്‍ വിലയിരുത്തുന്നു.

അടിയന്തരാവസ്ഥക്ക് ശേഷമാണ് കോണ്‍ഗ്രസിനെതിരെ ശക്തമായ ബദല്‍ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകളിലേക്ക് സി പി എം പ്രവേശിച്ചത്. 1978ല്‍ ജലന്ധറില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ആവശ്യമെങ്കില്‍ ബൂര്‍ഷ്വാ പാര്‍ട്ടികളുമായും കൈകോര്‍ക്കാമെന്നായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. ഈ നയത്തിന്റെ ചുവടുപിടിച്ച് പിന്നീട് തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ, ജമ്മു കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിയുടെ സാധ്യതകള്‍ തേടി പല പാര്‍ട്ടികളുമായി ഐക്യത്തിലായി.
മുന്നണി പരീക്ഷണങ്ങള്‍ക്കായി പാര്‍ട്ടി മുന്നിട്ടിറങ്ങിയപ്പോള്‍ ജനകീയ അടിത്തറ കെട്ടിപ്പടുക്കുകയെന്ന പ്രഥമ കര്‍ത്തവ്യത്തില്‍ നിന്ന് വ്യതിചലിച്ചു. അടിത്തട്ടില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന് ഇത്തരം പരീക്ഷണങ്ങള്‍ തടസ്സം നിന്നു. ഇതെല്ലാം വലിയ തിരിച്ചടിയുണ്ടാക്കി.
അതേസമയം, ബദല്‍ മുന്നണി പരീക്ഷണം പാടെ ഉപേക്ഷിക്കേണ്ടെന്നും ഘടകകക്ഷികളെ തിരഞ്ഞെടുക്കുന്നതിലും മുന്നണി രൂപവത്കരിക്കുന്നതിലും കൂടുതല്‍ ഫലപ്രദമായ നടപടികളാണാവശ്യമെന്ന വാദവും പി ബി യോഗത്തിലുണ്ടായി. വര്‍ഗീയ ഫാസിസ്റ്റുകളെ തടയാനാണ് 2004ല്‍ യു പി എ സര്‍ക്കാറിനെ പിന്തുണക്കേണ്ടി വന്നത്. അതൊരു നിര്‍ബന്ധിത സാഹചര്യത്തിലായിരുന്നു. സി പി എമ്മിന്റെ സാന്നിധ്യം ഒന്നാം യു പി എയുടെ പല നിര്‍ണായക തീരുമാനങ്ങളെയും സ്വാധിനിച്ചു. എന്നാല്‍, സര്‍ക്കാറിന്റെ പ്രവര്‍ത്തനകാലത്തോ പിന്തുണ പിന്‍വലിച്ച ഘട്ടത്തിലോ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞതുമില്ല.
പാര്‍ട്ടിയെ കാലത്തിനൊത്ത് പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ടാണ് രാഷ്ട്രീയ അടവുനയ രേഖയുടെ കരട് തയ്യാറാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ അടവുനയ രേഖക്ക് സി പി എം രൂപം നല്‍കുന്നത്. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനമുണ്ടാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിരുന്നു. ഈ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് പുതിയ രേഖയുണ്ടാക്കുന്നത്.

Latest