Connect with us

Palakkad

കോലോത്ത് പറമ്പില്‍ ചെങ്കല്‍ ഖനനത്തിനിടെ ഗുഹ കണ്ടെത്തി

Published

|

Last Updated

കൂറ്റനാട് :കപ്പൂര്‍ പഞ്ചായത്തിലെ എഞ്ചിനീയര്‍ റോഡില്‍ കോലോത്ത് പറമ്പില്‍ ചെങ്കല്‍ ഖനനത്തിനിടെ ഗുഹകണ്ടെത്തി.
മനോരോഗികളായ അന്തേവാസികളെ പാര്‍പ്പിച്ചിരിക്കുന്ന കല്ലടത്തൂര്‍ സ്‌നേഹാലയത്തിന് സമീപം സ്വകാര്യവ്യക്തിയുടെ കുന്നിലാണ് ഗുഹ. ഇവിടെ വീടുനിര്‍മിക്കുന്നതിന്റെ ഭാഗമായി ചെങ്കല്‍ വെട്ടിയെടുത്തിരുന്നു. എന്നാല്‍ ജെ സി ബി ഉപയോഗിച്ച് വൃത്തിയാക്കുന്നിതിനിടെയാണ് ഗുഹയുടെ കവാടം കാണപ്പെട്ടത്. തുടര്‍ന്ന് പരിശോധിച്ചതോടെയാണ് പഴയകാലത്തെ ഗുഹാവാസികളുടെതെന്ന് അനുസ്മരിപ്പിക്കുന്ന ഗുഹയുടെ പൂര്‍ണ്ണരൂപം കാണാനായത്.പ്രദേശത്തുകാര്‍ ഗുഹയില്‍ ഇറങ്ങി നോക്കിയതോടെ രണ്ടുഭാഗത്തേക്കായി ഏകദേശം 50 മീറ്റര്‍ ദൂരം വരെ ഉള്ളിലേക്ക് ഇറങ്ങിചെല്ലാവുന്നവിധത്തിലാണുള്ളത്. ശേഷിച്ചഭാഗം മറ്റെവിടേക്കോ കടന്നുപോകുന്നുണ്ട്. ചിതല്‍ പുറ്റ് പോലെയുള്ള മണ്ണാണ് ഗുഹക്കുള്ളില്‍ കാണപെടുന്നത്. ഏതാനും വര്‍ഷം മുമ്പ് ആനക്കര ഹൈസ്‌കൂള്‍ കുന്നിന് സമീപം ഇത്തരത്തില്‍ കുടകല്ലുകളും ഗുഹകളും കണ്ടെത്തുകയും അവിടെ നീണ്ടനാളത്തെ ചരിത്രഗവേഷകര്‍ പരിശോധിക്കുകയും ഒടുവില്‍ ഗോത്രസംസ്‌കൃതിയുടെ ഉറവിടമുള്ളതായി സ്ഥിരീകരിക്കുകയുണ്ടായി. അക്കാലത്ത് അവര്‍ ഉപയോഗിച്ചിരുന്നതായ യുദ്ധസാമഗ്രികളും ധരിച്ചിരുന്ന ആഭരണങ്ങള്‍, തുടങ്ങി പലവിധ ചരിത്രശേഷിപ്പുകളും കണ്ടെടുക്കുകയുണ്ടായി. ഇവിടെനിന്നും വളരെ അടുത്താണ് ആനക്കര കുന്ന്.
കല്ലടത്തൂരിലെ കുന്നില്‍ കാണപ്പെട്ട ഗുഹക്കുള്ളില്‍ നിന്ന് മുകളിലേക്ക് ദ്വാരം ഉള്ളതായികാണാനുണ്ട്. ഏതാനും മാസം മുമ്പ് ഈകുന്നിന്റെ എതിര്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന വട്ടപറമ്പെന്ന കുന്നില്‍ചെരുവില്‍ രണ്ട് ഗുഹാമുഖം കണ്ടെത്തിയിരുന്നു.

---- facebook comment plugin here -----

Latest