Connect with us

National

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ വധഭീഷണിക്ക് കേസെടുത്തു

Published

|

Last Updated

മീററ്റ്: ഉത്തര്‍പ്രദേശിലെ മീറത്തില്‍ കൂട്ട ബലാത്സംഗം ചെയ്ത ശേഷം മതം മാറ്റിയെന്ന് പരാതി നല്‍കി യുവതിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് പീഡനത്തിനും വധ ഭീഷണിക്കും കേസെടുത്തു. ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ സ്വമേധയാ വീടുവിട്ടിറങ്ങിയതാണെന്നും കുടുംബത്തിന്റെ നിര്‍ബന്ധം കാരണമാണ് വ്യാജ പരാതി നല്‍കിയതെന്നും ഇരുപത്തിരണ്ടുകാരിയായ യുവതി പോലീസിനെ കഴിഞ്ഞ ദിവസം അറിയിക്കുകയും പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു.
മാതാപിതാക്കളില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 506 ാം വകുപ്പ് പ്രകാരം കേസെടുത്തതെന്ന് മീററ്റ് എസ് എസ് പി ഓംകാര്‍ സിംഗ് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കോടതി നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അന്വേഷണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഹിന്ദുമത വിശ്വാസിയായിരുന്ന തന്നെ മീറത്തിലെ മദ്‌റസ അധികാരിയും ഗ്രാമത്തലവനും ഉള്‍പ്പടെയുള്ളവര്‍ കൂട്ടബലാത്സംഗം ചെയ്ത് മതം മാറ്റിയെന്നായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. നാല്‍പ്പതോളം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതായും പെണ്‍കുട്ടി പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എട്ട് പേരെ അറസ്റ്റും ചെയ്തു.
എന്നാല്‍, നേരത്തെ നല്‍കിയ പരാതിയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വ്യാജമാണെന്നാണ് യുവതി ഏറ്റുപറയുകയായിരുന്നു. പരാതി പിന്‍വലിക്കുന്നതായും പോലീസിനെ അറിയിച്ചിട്ടുണ്ട്. താന്‍ ബലാത്സംഗത്തിനിരയായിട്ടില്ലെന്നും മതം മാറ്റിയിട്ടില്ലെന്നും രേഖാമൂലം അറിയിച്ചിട്ടുണ്ട്്. ഞായറാഴ്ച വീട്ടില്‍ നിന്ന് രക്ഷപ്പെട്ട യുവതി, വനിതാ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയും പരാതി പിന്‍വലിച്ചതിനാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ യുവതിയുടെ അഭ്യര്‍ഥന പ്രകാരം മഹിളാ മന്ദിരത്തിലേക്ക് അയച്ചു.
നിര്‍ബന്ധിതമായി മതം മാറ്റിയെന്ന പ്രചാരണമഴിച്ചുവിട്ട് മീറത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ കലാപമഴിച്ചുവിട്ടിരുന്നു. ലൗ ജിഹാദെന്ന പേരില്‍ കലാപം വ്യാപിപ്പിക്കാനും യു പി ഉപ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം മതവികാരം ഇളക്കിവിടാനും ശ്രമം നടന്നിരുന്നു. വ്യാപകമായ രീതിയില്‍ പ്രചാരണം നടത്തിയ സംഘ്പരിവാര്‍, മറ്റു മതങ്ങളില്‍ നിന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുമെന്നു വരെ പ്രഖ്യാപിച്ചിരുന്നു.