Connect with us

National

പെയിന്റിംഗ് ഇടപാട്: മമതക്കെതിരെ സി ബി ഐ അന്വേഷണത്തിന് സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വരച്ച ചിത്രം 1.8 കോടി രൂപക്ക് വില്‍പ്പന നടത്തിയത് സംബന്ധിച്ച് സി ബി ഐ അന്വേഷണം ആരംഭിക്കുന്നു. ശാരദ ചിട്ടി കുംഭകോണവുമായി ബന്ധപ്പെട്ടാണ് മമതയുടെ പെയിന്റിംഗ് വില്‍പ്പനയും അന്വേഷണവിധേയമാകുന്നത്. ഇതിനായി സി ബി ഐ പെയിന്റിംഗ് വില്‍പ്പനയുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് ആദായ നികുതി വകുപ്പിന് അറിയിപ്പ് നല്‍കി കഴിഞ്ഞു. ശാരദ ചിട്ടി കേസിലുള്‍പ്പെട്ട കമ്പനിയുടെ പ്രൊമോട്ടറായിരുന്ന സുധീപ്ത സെന്നാണ് മമതയുടെ പെയ്ന്റിംഗ് വാങ്ങിയിരുന്നത്.
മമതയുടെ വിശ്വസ്തനായ മുന്‍ കേന്ദ്ര മന്ത്രി മുകുള്‍ റോയിയെ ദീപാവലിക്ക് ശേഷം ചോദ്യം ചെയ്യുന്നതിനായി സി ബി ഐ വിളിപ്പിക്കുമെന്നാണ് സൂചന. ഈ കേസ് അന്വേഷിക്കുന്നതിലൂടെ സി ബി ഐ പ്രധാനമായും ലക്ഷ്യം വെക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശാരദാ ചിട്ടിയുമായുള്ള ബന്ധമാണ്. ലോകസഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി മോദിയടക്കമുള്ളവര്‍ മമതയും സെന്നും തമ്മിലുള്ള ബന്ധത്തെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, പെയിന്റിംഗ് വാങ്ങിയിട്ടില്ലെന്ന് സെന്‍ പറഞ്ഞെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ആദായ നികുതി റിട്ടേണില്‍ പെയിന്റിംഗ് ശാരദാ ഗ്രൂപ്പിന് വിറ്റ കാര്യമുണ്ടായിരുന്നു.