Connect with us

International

കൊബാനെയില്‍ തന്ത്രപ്രധാന മലനിരകളുടെ നിയന്ത്രണം കുര്‍ദുകള്‍ തിരിച്ചുപിടിച്ചു

Published

|

Last Updated

ദമസ്‌കസ്: തുര്‍ക്കിയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സിറിയയിലെ കൊബാനെയില്‍ തന്ത്രപ്രധാനമായ മലനിരകള്‍ ഇസില്‍ തീവ്രവാദികളില്‍ നിന്ന് കുര്‍ദിഷ് സൈന്യം തിരിച്ചുപിടിച്ചു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ ശക്തമായ വ്യോമാക്രമണത്തിന്റെ പിന്തുണയോടെയാണ് ഈ പ്രദേശം കുര്‍ദിഷ് സൈന്യം പിടിച്ചടക്കിയത്. 10 ദിവസം മുമ്പാണ് താല്‍ ശഅ്ര്‍ എന്ന പേരിലുള്ള മലനിരകള്‍ ഇസില്‍ തീവ്രവാദികള്‍ പിടിച്ചെടുത്തിരുന്നത്. ഒരു മാസത്തോളം ഈ പ്രദേശം ഇവരുടെ ആക്രമണത്തിന്റെ പരിധിയിലായിരുന്നു. ഇറാഖിലും സിറിയയിലും ശക്തിപ്രാപിക്കുന്ന ഇസില്‍ തീവ്രവാദികളെ എങ്ങനെ നേരിടാമെന്നതിനെ കുറിച്ച് 20 രാജ്യങ്ങളില്‍ നിന്നുള്ള സൈനിക മേധാവികളുമായി ഒബാമ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
മറ്റൊരു സംഭവത്തില്‍, കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി( പി കെ കെ)യുടെ ഹക്കാറി പ്രവിശ്യയിലെ കേന്ദ്രത്തിന് നേരെ തുര്‍ക്കി ബോംബാക്രമണം നടത്തി. ബോംബാക്രമണത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടം ഉണ്ടായതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2013 മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതിന് ശേഷം ഇതാദ്യമായാണ് തുര്‍ക്കി പി കെ കെക്ക് നേരെ ആക്രമണം നടത്തുന്നത്.
കുര്‍ദിഷ് സൈന്യം മുന്നേറ്റം നടത്തുന്നുണ്ടെന്ന് പ്രചാരണം ഉണ്ടെങ്കിലും കൊബാനെ നഗരം ഏതു നിമിഷവും ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാകാന്‍ സാധ്യതയുണ്ടെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കുന്നു.