Connect with us

International

ഫലസ്തീനികളെ തടഞ്ഞു;അല്‍ അഖ്‌സ പള്ളിയില്‍ വീണ്ടും സംഘര്‍ഷം

Published

|

Last Updated

ഗാസ: ഫലസ്തീനിലെ അല്‍ അഖ്‌സ പള്ളിയില്‍ ഫലസ്തീന്‍ പൗരന്‍മാര്‍ പ്രവേശിക്കുന്നത് ഇസ്‌റാഈല്‍ തടഞ്ഞു. രാവിലെ നിസ്‌കാരത്തിന് വേണ്ടി എത്തിയ ഫലസ്തീനികളെയാണ് പോലീസ് തടഞ്ഞുവെച്ചത്. കോമ്പൗണ്ടിലേക്ക് കടക്കാന്‍ ശ്രമിച്ച പലരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ പള്ളിയുടെ ചുറ്റും സംഘര്‍ഷാവസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസം മസ്ജിദ് കോമ്പൗണ്ടിനുള്ളില്‍ പോലീസുകാരുമൊത്ത് ജൂതന്‍മാര്‍ സുക്കോത്ത് (ജൂതന്‍മാരുടെ പ്രത്യേക വിരുന്ന്) ആഘോഷിക്കാന്‍ എത്തിയിരുന്നു. ഇത് ഫലസ്തീനികളെ പ്രകോപിതരാക്കുകയും ചെറിയ രീതിയില്‍ ഏറ്റുമുട്ടലുണ്ടാകുകയും ചെയതു. ഇന്നലെ പോലീസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച നിരവധി ഫലസ്തീന്‍ യുവക്കാളെ സ്റ്റണ്‍ ഗ്രനേഡ് ഉപയോഗിച്ചാണ് പോലീസ് തുരത്തിയത്. ജൂതപക്ഷ വാദികളായവര്‍ പള്ളി കോമ്പൗണ്ടില്‍ പ്രവേശിച്ചതോടെയാണ് കഴിഞ്ഞ ദിവസം ഫലസ്തീനികള്‍ പ്രോകോപിതരായത്.
ജോര്‍ദാന്‍ അധീനതയിലുള്ള അല്‍ അഖ്‌സ പള്ളിയില്‍ ഫലസ്തീനിന് കൂടുതല്‍ അധികാരം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പള്ളിയുടെ അധികാരം ഇസ്‌റാഈലിന് കൈമാറിയാല്‍ അവസാനം പള്ളി ജൂതന്‍മാര്‍ക്കും മസ്‌ലിംകള്‍ക്കും വിഭജിക്കപ്പെടുമെന്ന കാര്യത്തിലും ഫലസ്തീനികള്‍ ആശങ്കയിലാണ്. അതിനാല്‍ കോമ്പൗണ്ടിന്റെ അധികാരത്തില്‍ ഫലസ്തീന്‍ ശക്തമായ ചെറുത്തുനില്‍പ്പുകളാണ് സംഘടിപ്പിക്കാറുള്ളത്. ഇസ്‌ലാമിന്റെ മൂന്നാമത്തെ വിശുദ്ധ പള്ളിയായ മസ്ജിദുല്‍ അഖ്‌സയില്‍ ജൂതന്‍മാരും വിശുദ്ധത കല്‍പ്പിക്കുന്നതിനാല്‍ ഇവിടെ എപ്പോഴും സംഘര്‍ഷാവസ്ഥയാണ്. കോമ്പൗണ്ടില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ മുസ്‌ലിം തീവ്രവാദികളാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. ഇസ്‌റാഈലാണെന്ന വാദത്തെ നിഷേധിച്ചുകൊണ്ടാണ് നെതന്യാഹു പ്രതികരിച്ചത്.
യു എന്‍ സെക്രട്ടറി ബാന്‍ കീ മൂണ്‍ രാജ്യം സന്ദര്‍ശിച്ച സമയത്ത്, പള്ളിയുമായി ബന്ധപ്പെട്ട് സമാധാന നടപടികളുമായിട്ടാണ് ഇസ്‌റാഈല്‍ കഴിഞ്ഞ ദശകങ്ങളില്‍ പ്രവര്‍ത്തിച്ചതെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട സര്‍ഘര്‍ഷാവസ്ഥ കടുപ്പിക്കുന്ന ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കണമെന്ന് ബാന്‍ കീ മൂണ്‍ എറ്റുമുട്ടലുണ്ടായ ഉടനെ ആവശ്യപ്പെട്ടിരുന്നു. ജൂത സന്ദര്‍ശകര്‍ പള്ളികോമ്പൗണ്ടില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കല്ലെറിഞ്ഞും വെടിവെപ്പ് നടത്തിയും ഫലസ്തീനികള്‍ പോലീസിനെ നേരിട്ടിരുന്നു.

Latest