Connect with us

International

ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ ജനതക്കൊപ്പമെന്ന് ബാന്‍ കി മൂണ്‍

Published

|

Last Updated

ഗാസ: താന്‍ പ്രതിനിധാനം ചെയ്യുന്ന ഐക്യരാഷ്ട്ര സഭ ഫലസ്തീന്‍ ജനതക്കൊപ്പമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍. ഇന്നലെ ഗാസയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ നേതാക്കളുമായി ബാന്‍ കി മൂണ്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
തങ്ങള്‍ എന്നും ഫലസ്തീന്‍ ജനതയുടെ കൂടെയായിരിക്കുമെന്ന് ഐക്യസര്‍ക്കാര്‍ നേതാക്കളുമൊത്ത് ഗാസയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് അദ്ദേഹം ഉറപ്പ് നല്‍കി. ഗാസയുടെ പുനര്‍നിര്‍മാണത്തിനുള്ള സാമഗ്രികളുമായുള്ള ആദ്യ കപ്പലിന് അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ യു എന്‍ ആര്‍ ഡബ്ല്യൂ എയുടെ കീഴില്‍ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന അഭയാര്‍ഥി ക്യാമ്പിലും ബാന്‍ കി മൂണ്‍ സന്ദര്‍ശനം നടത്തി. 50 ദിവസം നീണ്ടു നിന്ന ഇസ്‌റാഈല്‍ യുദ്ധത്തില്‍ ഈ ക്യാമ്പിന് നേരെയും ആക്രമണം നടന്നിരുന്നു.
നല്ല ഭാവിക്കും മെച്ചപ്പെട്ട സാമ്പത്തിക സുസ്ഥിരതക്കും വേണ്ടി ആഗ്രഹിക്കുന്ന ഫലസ്തീന്‍ ജനതയുമായുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം വീണ്ടും തങ്ങള്‍ ഉറപ്പിക്കുകയാണ്. പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം പരിഹരിക്കാതെ ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തിന് അയവ് വരില്ലെന്ന് ഇസ്‌റാഈലിനോട് വ്യക്തമാക്കിയതാണ്. ഫലസ്തീനും ഇസ്‌റാഈലും സമാധാന ചര്‍ച്ചകളിലേക്ക് മടങ്ങി വരണം. അല്ലെങ്കില്‍ ഇനിയും സംഘര്‍ഷം വര്‍ധിക്കും. ഗാസയുടെ പുനര്‍നിര്‍മാണത്തിന് വേണ്ടിയുള്ള സാമഗ്രികളുമായി എത്തുന്ന ആദ്യ കപ്പലിന് അനുമതി നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഗാസയിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest