Connect with us

Articles

ഫാസിസത്തിന്റെ ഇരുള്‍ പരക്കുന്നു

Published

|

Last Updated

ഇന്ത്യന്‍ ഫാസിസത്തിന്റെ മൂര്‍ത്തരൂപമായ ആര്‍ എസ് എസിന്റെ സ്ഥാപക ദിനമായ വിജയദശമി നാളില്‍ ആ സംഘടനയുടെ മേധാവി നാഗ്പൂരില്‍ നടത്തിയ പ്രസംഗം ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യുകയുണ്ടായി. രാജ്യം മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷികം ആചരിച്ചതിന്റെ പിറ്റേന്നായിരുന്നു ഗാന്ധി വധവുമായി ബന്ധമുള്ള സംഘടനക്ക് ദൂരദര്‍ശന്‍ വഴി ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ അവസരമൊരുക്കിയത്. ഇത് മോദി സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന തീവ്രമായ കാവിവത്കരണ അജന്‍ഡയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. പുരാണ ഇതിഹാസങ്ങളെ ആര്‍ എസ് എസിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനനുഗുണമായി വ്യാഖ്യാനിച്ച, ശാസ്ത്രീയ ചരിത്രരചനയുമായി ഒരു ബന്ധവുമില്ലാത്ത പ്രൊഫസര്‍ സുദര്‍ശന റാവുവിനെ ചരിത്ര കൗണ്‍സിലിന്റെ മേധാവിയായി നിയമിച്ചതും ആര്‍ എസ് എസുകാരനായ ദീനനാഥ് ബത്രയെ പാഠപുസ്തകം പൊളിച്ചെഴുതാന്‍ നിയോഗിച്ചതും ചരിത്രത്തെയും വിദ്യാഭ്യാസത്തെയും കാവിവത്കരിക്കുന്നതിന്റെ വ്യക്തമായ സൂചനകളായിരുന്നു. യാതൊരു മറയുമില്ലാതെ ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കി ഇന്ത്യയെ സാമ്രാജ്യത്വ മൂലധന ശക്തകള്‍ക്ക് അടിയറവെക്കാനുള്ള രാജ്യദ്രോഹകരമായ ദൗത്യമാണ് മോദി സര്‍ക്കാര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം, കാശ്മീരിന് പ്രതേ്യക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്തുകളയല്‍, ഏകീകൃത സിവില്‍കോഡ് ഇന്ത്യയുടെ ബഹുസ്വരതയെ പരിഗണിക്കാതെ ഏകപക്ഷീയമായി നടപ്പിലാക്കാനുള്ള നീക്കം തുടങ്ങി കാവിവത്കരണത്തിന്റെ അജന്‍ഡ തീവ്രഗതിയിലാക്കാനാണ് ആഗോള മൂലധനത്തിന്റെയും ഇന്ത്യന്‍ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെയും അരുമയായ നരേന്ദ്ര മോദി ശ്രമിക്കുന്നത്.
കോര്‍പ്പറേറ്റ് മൂലധനവും മാധ്യമങ്ങളും സംയോജിച്ച് നടത്തിയ പ്രചാരണങ്ങളിലൂടെയും ആര്‍ എസ് എസ് നടത്തിയ ഹിന്ദുത്വ ധ്രുവീകരണത്തിലൂടെയാണ് ബി ജെ പി 31.7 ശതമാനം വോട്ടിന്റെ പിന്‍ബലത്തില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയത്. നല്ല നാളുകളെ കുറിച്ചുള്ള വാഗ്ദാനങ്ങളും യു പി എ സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ പ്രചാരണവുമാണ് മോദിയെ അധികാരത്തിലെത്തിച്ചത്. മോദിയെ ഉയര്‍ത്തിക്കാട്ടി അധികാരത്തില്‍ എത്തിയ സംഘ്പരിവാര്‍ ഇന്ന് ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്ന വര്‍ഗീയാധികാര ശക്തിയാണ്. അധികാരത്തിലെത്തിയ ഉടനെ സംഘ്പരിവാറിന്റെ അമേരിക്കന്‍ അനുകൂല അജന്‍ഡയാണ് മോദി വിദേശനയത്തിലും സാമ്പത്തിക നയത്തിലും ത്വരിതഗതിയില്‍ നടപ്പാക്കാനാരംഭിച്ചത്. സംസ്‌കാരത്തെ ആകെ കാവിവത്കരിച്ച് രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ഘടനയെ അസ്ഥിരീകരിക്കാനും ഇല്ലാതാക്കാനുമുള്ള ഫാസിസ്റ്റ് നീക്കമാണ് ആരംഭിച്ചിരിക്കുന്നത്. ഭരണഘടനാപരമായ പദവിയില്ലാത്ത, നമ്മുടെ ചരിത്രത്തിലെ മാപ്പര്‍ഹിക്കാത്ത നിരവധി പാതകങ്ങളില്‍ പങ്കാളിത്തമുള്ള ഒരു സംഘടനയുടെ ആശയം പ്രചരിപ്പിക്കാന്‍ ദൂരദര്‍ശന്‍ പോലുള്ള ഒരു ഔദേ്യാഗിക സംവിധാനത്തെ തന്നെ ഉപയോഗപ്പെടുത്തിയെന്നത് രാജ്യത്തെ കാത്തിരിക്കുന്ന ഇരുണ്ട ദിനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഗാന്ധിവധവുമായി ബന്ധമുള്ള ആര്‍ എസ് എസിനും അതിന്റെ പ്രത്യയശാസ്ത്ര പ്രചരണത്തിനും ദൂരദര്‍ശനെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞത് ഭരണഘടനാവിരുദ്ധവും തികഞ്ഞ രാജ്യദ്രോഹവുമാണെന്ന കാര്യത്തില്‍ സംശയമില്ല.
ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യമായ മതനിരപേക്ഷതയെ ധ്വംസിക്കുന്ന അപരമതവിരോധത്തിന്റെയും അസഹിഷ്ണുതയുടെയും മതവംശീയതയാണ് ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രം. അത് ന്യൂനപക്ഷവിരുദ്ധവും ദളിത്‌വിരുദ്ധവുമായ ബ്രാഹ്മണ പ്രത്യയശാസ്ത്രമാണ്. ഹിന്ദു രാഷ്ട്രവാദവും ന്യൂനപക്ഷവിരോധവും വീക്ഷണ ഗതിയായി അംഗീകരിച്ചിട്ടുള്ള ഒരു സംഘടനക്ക് ദൂരദര്‍ശന്‍ വഴി ആശയപ്രചാരണം അനുവദിച്ചത് നമ്മുടെ ഭരണഘടന യോടുതന്നെയുള്ള വെല്ലുവിളിയാണ്. ഹിന്ദു രാഷ്ട്രവാദികള്‍ക്ക് ഔദേ്യാഗിക പരിവേഷം നല്‍കുംവിധം ദൂരദര്‍ശന്‍ അധികൃതര്‍ മോഹന്‍ ഭഗവതിന്റെ പ്രസംഗം സംപ്രേഷണം ചെയ്തത് തികഞ്ഞ നിയമലംഘനമാണ്. പാര്‍ലമെന്റ് നിയമത്തിലൂടെ നിലവില്‍ വന്ന പ്രസാര്‍ഭാരതിയുടെ ഭാഗമായ ദൂരദര്‍ശനെ മഹാത്മാവിന്റെ ഘാതകരുടെ സംഘടനക്ക് ആശയപ്രചരണത്തിന് വിട്ടുകൊടുക്കാന്‍ ധൈര്യം വന്നു എന്നത് നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കു നേരെ ഇരുള്‍ വീഴുന്നതിന്റെ സൂചന തന്നെയാണ്. വാര്‍ത്താവിതരണ മന്ത്രിയുടെ പ്രതേ്യക നിര്‍ദേശമനുസരിച്ചാണ് മോഹന്‍ ഭഗവതിന്റെ പ്രസംഗം സംപ്രേഷണം ചെയ്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതിന് ദൂരദര്‍ശന്‍ എന്തിന് കൂട്ടുനിന്നു എന്ന് കേന്ദ്ര സര്‍ക്കാറും വാര്‍ത്താ പ്രക്ഷേപണമന്ത്രാലയവും വിശദീകരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ കാവിവത്കരണത്തിനായി ദുരുപയോഗം ചെയ്യുന്ന നീക്കങ്ങളെ ഒരു കാരണവശാലും ലഘൂകരിച്ചുകാണാനാകില്ല. ദൂരദര്‍ശന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ആര്‍ എസ് എസ് മേധാവിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത്. ഇത് അത്യന്തം അപകടകരമായൊരു കീഴ്‌വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെയും ഭരണഘടനയുടെ സാമൂഹിക നീതി തത്വങ്ങളെയും ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഒരു ഫാസിസ്റ്റ് സംഘടനയുടെ മേധാവിക്ക് ഔദേ്യാഗിക സംവിധാനങ്ങള്‍ ആശയപ്രചരണത്തിന് വിട്ടുകൊടുക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കപ്പെട്ടുകൂടാത്തതാണ്. ദൂരദര്‍ശന്‍ വാര്‍ത്താ വിഭാഗം ഡയറക്ടര്‍ ജനറല്‍ അര്‍ച്ചന ദത്ത മോഹന്‍ഭഗവതിന്റെ പ്രസംഗ പ്രക്ഷേപണത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. മറ്റേതൊരു സംഭവവും പോലെ വാര്‍ത്തയെന്ന നിലയില്‍ മാത്രമാണ് ഭഗതിന്റെ പ്രസംഗം സംപ്രേഷണം ചെയ്തതെന്നാണ് അവരുടെ അവകാശവാദം. വീണിടത്തുകിടന്ന് ഉരുളുകയാണ് അവരെന്ന് ആര്‍ക്കും മനസ്സിലാകും. നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത് സര്‍സംഘചാലക് ദേശീയ സാമൂഹിക പരിഷ്‌കരണങ്ങളെക്കുറിച്ചാണ് സംസാരിച്ചതെന്നാണ്. ഈ കാലഘട്ടത്തില്‍ അത് പ്രസക്തമാണെന്നാണ് മോദി ന്യായീകരിച്ചത്.
നരേന്ദ്ര മോദിയും ദൂരദര്‍ശന്‍ അധികൃതരും ജനങ്ങളെയാകെ ഇത്തരം ന്യായീകരണങ്ങള്‍ ചമച്ച് വിഡ്ഢികളാക്കുകയാണ്. ഭഗത് ആര്‍ എസ് എസിന്റെ ജന്മദിനപ്രസംഗത്തില്‍ ഹിന്ദു വ്യക്തിത്വത്തില്‍ അഭിമാനിക്കാന്‍ ആഹ്വാനം ചെയ്യുകയുണ്ടായി. മാട്ടിറച്ചി കയറ്റുമതി നിരോധനം, പശു സംരക്ഷണം, ചൈനയുടെ ഉത്പന്നങ്ങങള്‍ ബഹിഷ്‌കരിക്കല്‍ തുടങ്ങിയ ആര്‍ എസ് എസ് അജന്‍ഡകള്‍ തന്റെ പ്രസംഗത്തില്‍ ഊന്നുകയും ചെയ്തു. ന്യൂനപക്ഷവിരോധമായിരുന്നു പ്രസംഗത്തിന്റെ അന്തര്‍ധാര. കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ജിഹാദി പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും മോഹന്‍ ഭഗവത് തട്ടിവിട്ടു. ഇന്ത്യയിലുടനീളം ആര്‍ എസ് എസ് അഴിച്ചുവിട്ടിരിക്കുന്ന വര്‍ഗീയകലാപങ്ങളെയും ന്യൂനപക്ഷേ വേട്ടയെയും കുറിച്ച് ഭഗത് സമര്‍ഥമായി മൗനം പാലിച്ചു. ഗോള്‍വാള്‍ക്കറിസത്തിന്റെ സിദ്ധാന്തവും പ്രയോഗവുമായിരുന്നു മോഹന്‍ ഭഗവതിന്റെ ജന്മദിന പ്രസംഗത്തിന്റെ ഉള്ളടക്കം. ഇന്ത്യയുടെ നാനാത്വത്തെയും വ്യത്യസ്തസംസ്‌കാരങ്ങളെയും ഒരിക്കലും അംഗീകരിക്കാത്ത സംഘടനയാണ് ആര്‍ എസ് എസ്. അവരുടെ സാംസ്‌കാരികദേശീയത ഹിന്ദുത്വമല്ലാതെ മറ്റൊന്നുമല്ല. അവര്‍ ആവേശം കൊള്ളുന്നത് നാസി ജര്‍മനിയില്‍ നിന്നും ഫാസിസ്റ്റ് ഇറ്റലിയില്‍ നിന്നുമാണ്. ഗോള്‍വാള്‍ക്കര്‍ ജര്‍മന്‍ വംശാഭിമാനം ഉയര്‍ത്തിപ്പിടിച്ച ഹിറ്റ്‌ലറുടെ ആരാധകനായിരുന്നു. ഹിറ്റ്‌ലറുടെ സെമറ്റിക്‌വിരോധവും വംശീയ ഉന്മൂലനവും ഇന്ത്യയില്‍ മാതൃകയാക്കണമെന്ന് വാദിച്ച സര്‍സംഘ് ചാലകായിരുന്നു. രൂഢമൂലമായ ഭിന്നതകളുള്ള വംശങ്ങളും സംസ്‌കാരങ്ങളും ഒന്നായി ചേരുന്നത് അസാധ്യമാണെന്ന വിലയിരുത്തലാണ് ഹിറ്റ്‌ലറെ പോലെ ഗോള്‍വാള്‍ക്കറും “വിചാരധാര”യിലൂടെ മുന്നോട്ട് വെച്ചത്. ഹിന്ദുസ്ഥാന്‍ നാസിഅനുഭവങ്ങളില്‍ നിന്ന് പഠിക്കണമെന്നാണ് ആര്‍ എസ് എസിന്റെ ഈ സൈദ്ധാന്തികകാരന്‍ ഉത്‌ബോധിപ്പിച്ചത്.
ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ ആര്‍ എസ് എസ് മേധാവി, ഹിന്ദു ആകുന്നതില്‍ അഭിമാനിക്കണമെന്നാണ് വിശദീകരിച്ചത്. അതിനു മുമ്പ് ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന പ്രഖ്യാപനവും ഭഗത് നടത്തിയിരുന്നു. ആരാണ് ആര്‍ എസ് എസിന്റെ ഹിന്ദു? സര്‍വര്‍ക്കറുടെ “ഹിന്ദുത്വ”വും ഗോള്‍വാള്‍ക്കറുടെ “വിചാരധാര”യും ഹിന്ദുത്വവും ഹിന്ദു മതദേശീയതയും എന്താണെന്ന് സമര്‍ഥിക്കുന്നുണ്ടല്ലോ. ഹിന്ദുക്കളുടെ ആചാരവും വിശ്വാസവുമനുസരിച്ച് ജീവിക്കുന്നവരാണ് ആര്‍ എസ് എസിന്റെ നിര്‍വചനമനുസരിച്ച് ഹിന്ദു. എന്നുപറഞ്ഞാല്‍ വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ വ്യക്തമാക്കിയിട്ടുള്ളതു പോലെ “…… വസ്ത്രധാരണത്തിലും ആചാരങ്ങളിലും ഭവനനിര്‍മാണത്തിലും വിവാഹചടങ്ങുകളിലും ശവസംസ്‌കാര ചടങ്ങുകളിലും മറ്റുമെല്ലാം ഹൈന്ദവ ജീവിതരീതികളുമായി താദാത്മ്യം പ്രാപിക്കാനുള്ള ഒരാഹ്വാനവും അഭ്യര്‍ഥനയുമാണ്………”. ഇപ്പോള്‍ വ്യക്തമായില്ലേ ഇന്ത്യയില്‍ ജീവിക്കുന്നവര്‍ ഹിന്ദുക്കളാകുന്നത് ഹിന്ദു മതവിശ്വാസവും ആചാരവും സ്വീകരിക്കുന്നതു വഴിയാണെന്ന്. രാജ്യത്തിന്റെ ബഹുസ്വരതയുടെ അടിസ്ഥാനമായ മതനിരപേക്ഷതയെ നിഷേധിച്ച് സാംസ്‌കാരിക ദേശീയതയിലേക്ക്, അതായത് ഹിന്ദുത്വത്തിലേക്ക് മറ്റെല്ലാ ജനസമൂഹങ്ങളെയും വ്യത്യസ്ത സാംസ്‌കാരിക സ്വത്വങ്ങളെയും ഉദ്ഗ്രഥിച്ചെടുക്കുന്ന ഫാസിസമാണ് ആര്‍ എസ് എസിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം. ഈയൊരു പ്രത്യയശാസ്ത്രമാണ് അപരമത സമൂഹങ്ങള്‍ക്ക് എതിരായ അക്രമോത്സുക വീക്ഷണമായി ഹിന്ദുരാഷ്ട്രവാദത്തെ വളര്‍ത്തുന്നത്. ഹെഡ്‌ഗേവാര്‍ മുതല്‍ മോഹന്‍ ഭഗവത് വരെയുള്ളവരെ സംബന്ധിച്ചിടത്തോളം ഹിന്ദു മതരാഷ്ട്രം സംശയലേശമില്ലാത്ത ദൃഢവിശ്വാസത്തിന്റെ സിദ്ധാന്തവും പ്രയോഗവുമാണ്. ഹിന്ദു എന്നത് ദേശീയതയും ഹിന്ദു രാഷ്ട്രം എന്നത് അപരമതവിശ്വാസങ്ങളെയും ദളിത് ജനസമൂഹങ്ങളെയും അവരുടെ അവകാശ അധികാരങ്ങളെയും ഇല്ലാതാക്കുന്ന ബ്രാഹ്മണ പ്രത്യയശാസ്ത്രം തന്നെയാണ്. വര്‍ണാശ്രമ ധര്‍മിയായ ഹിന്ദുവാണ് ആര്‍ എസ് എസിന്റെ ഹിന്ദു. അത് മുസ്‌ലിംകളോടും ക്രിസ്ത്യാനികളോടും കമ്യൂണിസ്റ്റുകാരോടും മാത്രമല്ല ശൂദ്രരോടും വിദേ്വഷം പുലര്‍ത്തുന്ന വര്‍ണാശ്രമ പ്രത്യയശാസ്ത്രമാണ്. ന്യൂനപക്ഷഹത്യയോടൊപ്പം ജാതി മര്‍ദനങ്ങളെയും അധഃസ്ഥിത കൂട്ടക്കൊലകളെയും ന്യായീകരിക്കുന്ന, ചന്ദ്രഗുപ്ത മൗര്യന്റെയും സമുദ്രഗുപ്ത മൗര്യന്റെയും ബ്രാഹ്മണ നീതിയിലധിഷ്ഠിതമായ ഭൂതകാലത്തെ മഹത്വവത്കരിക്കുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ ഉത്തമ രൂപമാണ് ആര്‍ എസ് എസും അതിന്റെ ഹിന്ദു രാഷ്ട്രവാദവും.
ഇന്ത്യന്‍ ഭരണഘടനയെയും അതിന്റെ മതനിരപേക്ഷ ഫെഡറല്‍ മൂല്യങ്ങളെയും അംഗീകരിക്കാത്ത ഒരു ഫാസിസ്റ്റ് സംഘടനയുടെ തലവനെ രാജ്യത്തിന്റെ ഔദേ്യാഗിക സംവിധാനം വഴി തന്റെ രാഷ്ട്രീയ നയം പ്രചരിപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുത്തത് നഗ്നമായ അധികാര ദുര്‍വിനിയോഗമാണ്. ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ആര്‍ജിതമായ ജനാധിപത്യമൂല്യങ്ങളെ അപഹസിക്കുന്നതുമായ ഇത്തരം നീക്കങ്ങള്‍ ആസന്നമായ വലിയ വിപത്തിന്റെ സൂചനതന്നെയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വഴികളിലൂടെ ഇന്ത്യയെ ഫാസിസ്റ്റ് വാഴ്ചയിലേക്ക് നയിക്കാനുള്ള മോദി സര്‍ക്കാറിന്റെ കുടിലനീക്കങ്ങളെ ചെറുത്തുതോല്‍പിക്കാന്‍ ജനാധിപത്യത്തില്‍ മതനിരപേക്ഷതക്കു വേണ്ടി നിലകൊള്ളുന്നവര്‍ മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട്.