Connect with us

Ongoing News

നികുതി പിരിവ്; കലക്ടര്‍മാരുടെ യോഗം പ്രഹസനം: വി എസ്‌

Published

|

Last Updated

തിരുവനന്തപുരം: നികുതി പിരിവ് ഊര്‍ജിതപ്പെടുത്താനെന്നു പറഞ്ഞ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത കലക്ടര്‍മാരുടെ യോഗം പ്രഹസനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വമ്പന്‍മാര്‍ക്ക് തോന്നുന്നതുപോലെ മുഖ്യമന്ത്രിയും മന്ത്രിമാരും നികുതിക്ക് സ്‌റ്റേ നല്‍കുകയും കോഴ വാങ്ങി നികുതി വെട്ടിപ്പിന് കൂട്ടുനില്‍ക്കുകയും ചെയ്യുകയാണ്. എന്നിട്ട് നികുതി പിരിവിനെന്നു പറഞ്ഞ് യോഗം വിളിച്ചു ചേര്‍ക്കുന്നതില്‍ ഒരര്‍ഥവുമില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയാം. അതുകൊണ്ടാണ് ചീഫ് സെക്രട്ടറി അടക്കമുളള ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തെ ഇത്രയേറെ ലാഘവത്തോടെ കണ്ടത്.
14 ജില്ലകളിലെയും ജില്ലാ ഭരണാധികാരികള്‍ പങ്കെടുത്ത സുപ്രധാന യോഗത്തില്‍ മുഖ്യമന്ത്രി എത്തി അരമണിക്കൂര്‍ കാത്തിരുന്നതിനു ശേഷമാണ് കലക്ടര്‍മാരും മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും എത്തിയത്. തന്റെ കീഴിലുള്ള മന്ത്രിമാരെയും, ഉദ്യോഗസ്ഥരെയും കാത്ത് മുഖ്യമന്ത്രി വെറുതെ ഇരിക്കേണ്ടി വന്നു. ഇത് മുമ്പൊരിക്കലും കാണാത്ത തികഞ്ഞ നിരുത്തരവാദിത്തമാണ്. മുഖ്യമന്ത്രിയുടെ വാക്കിന് മന്ത്രിമാരും, ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും വില കല്‍പ്പിക്കുന്നില്ല എന്നാണ് ഇത് കാണിക്കുന്നത്.
നികുതി പിരിവ് ഊര്‍ജിതപ്പെടുത്തണമെന്ന് നിര്‍ദേശിക്കും. എന്നിട്ട് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ തന്നെ വമ്പന്‍മാരുടെ നികുതി കുടിശികക്ക് സ്‌റ്റേയും നല്‍കും. ഇതാണ് കുറേ നാളുകളായി നടന്നു വരുന്ന പ്രവണത. ജനങ്ങളോട് ബാധ്യതയും, വികസന പ്രവര്‍ത്തനങ്ങളോട് ആത്മാര്‍ഥതയും ഉണ്ടെങ്കില്‍ നികുതികള്‍ക്ക് നല്‍കുന്ന സ്‌റ്റേ പിന്‍വലിക്കുകയും, വമ്പന്‍മാരില്‍ നിന്നടക്കം ന്യായമായ നികുതി ഊര്‍ജിതമായി പിരിച്ചെടുക്കുകയും വേണം. ഇതിന് സഹായകരമായ അന്തരീക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനും ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്നും വി എസ് പറഞ്ഞു.

Latest