Connect with us

Eranakulam

കൊച്ചി വിമാനത്താവളം: ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Published

|

Last Updated

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസത്തെ കണക്കുകള്‍ പ്രകാരം കൊച്ചി വിമാനത്താവളത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 15.63 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ മാത്രം 19.55 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
ഈ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈ കാലയളവില്‍ മൊത്തം 31.07 ലക്ഷം പേര്‍ കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തു. ഇതില്‍ 18.76 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തേക്കാള്‍ 13.19 ശതമാനം അധികമാണിത്. 12.32 ലക്ഷം പേരാണ് ഈ കാലയളവില്‍ ആഭ്യന്തര യാത്ര നടത്തിയത്. 19.55 ശതമാനമാണ് വര്‍ധനവ്. ദക്ഷിണേന്ത്യയില്‍ തന്നെ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ഫീസ് ഏറ്റവും കുറഞ്ഞ വിമാനത്താവളമാണിത്. 2013, 14 സാമ്പത്തിക വര്‍ഷത്തില്‍ 53.4 ലക്ഷം പേരാണ് കൊച്ചി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. ഇത് കേരളത്തിലെ റെക്കോര്‍ഡാണ്. നിലവിലെ സാഹചര്യമനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം ആറ് ദശലക്ഷത്തിലധികം യാത്രക്കാര്‍ കൊച്ചി വിമാനത്താവളം ഉപയോഗിക്കുമെന്നാണ് കണക്കാക്കുന്നത് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി ജെ കുര്യന്‍ പറഞ്ഞു.
സര്‍വീസ് നിരക്കുകള്‍ കുറവായതിനാല്‍ കൂടുതല്‍ വിമാനക്കമ്പനികള്‍ കൊച്ചി വിമാനത്താവളത്തിലേക്ക് ഈ സാമ്പത്തിക വര്‍ഷമെത്തിയിരുന്നു. അതുകൊണ്ടു തന്നെ ആഭ്യന്തര വിനോദ സഞ്ചാര മേഖലയിലുണ്ടായ ഉണര്‍വ്, വ്യോമയാന മേഖലയിലെ മത്സരം തുടങ്ങിയ ഘടങ്ങളെ അനുകൂലമാക്കിയെടുക്കാന്‍ സിയാലിന് കഴിയുകയും ചെയ്തു. മൊത്തം വിമാന സര്‍വീസുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് കൊച്ചി വിമാനത്താവളം രേഖപ്പെടുത്തിയത്. 2013-14 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അര്‍ദ്ധ പാദത്തില്‍ 22,418 ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തിയപ്പോള്‍ ഇക്കുറി 25,990 വിമാനങ്ങള്‍ സര്‍വീസ് നടത്തി. 15.93 ശതമാനമാണ് വര്‍ധനവ്. നിലവില്‍ 23 എയര്‍ലൈന്‍ കമ്പനികളാണ് കൊച്ചി വിമാനത്താവത്തില്‍ സര്‍വീസ് നടത്തുന്നത്. പ്രതിവാരം ആയിരത്തിലധികം ഷെഡ്യൂളുകള്‍ കൊച്ചിയില്‍ നിന്ന് ഇൗ കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. 900 കോടിയോളം രൂപ ചെലവിട്ട് നിര്‍മിക്കുന്ന പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ അന്താരാഷ്ട്ര ഓപ്പറേറ്റര്‍മാര്‍ കൊച്ചിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.