Connect with us

Ongoing News

ദുരിതബാധിതര്‍ക്ക് കടാശ്വാസം: ഉത്തരവ് പുറപ്പെടുവിച്ചു

Published

|

Last Updated

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിന് ചുവടെ കൊടുത്തിട്ടുള്ള മാനദണ്ഡങ്ങള്‍ ബാധകമാക്കി ഉത്തരവായി. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ, വാഹന വായ്പ, ഗൃഹനിര്‍മാണ വായ്പ, ഗൃഹോപകരണങ്ങള്‍, ആഡംബര വസ്തുക്കള്‍ തുടങ്ങിയവ വാങ്ങുന്നതിനുള്ള വായ്പകള്‍ എന്നിവ ഒഴികെ ദുരിതബാധിതരുടെ/കുടുംബാംഗങ്ങളുടെ അമ്പതിനായിരം രൂപവരെയുള്ള കടങ്ങള്‍ മറ്റു പരിഗണനകള്‍ ഇല്ലാതെ കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടും.
കുട്ടികളുടെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെയും കാര്യത്തില്‍ അച്ഛനമ്മമാരുടെയും അവരുടെ അഭാവത്തില്‍ രക്ഷിതാക്കളുടെയും പേരിലും മറ്റുള്ളവരുടെ കാര്യത്തില്‍ ഭാര്യ/ഭര്‍ത്താവ്, അച്ഛന്‍, അമ്മ, മക്കള്‍ എന്നിവരുടെ പേരിലും ഉള്ള കടങ്ങള്‍ കടാശ്വാസത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. ദുരിതബാധിതനായ ആളിന്റെ പേരില്‍ ഒന്നില്‍ കൂടുതല്‍ വായ്പകള്‍ എടുത്തിട്ടുള്ള പക്ഷം അമ്പതിനായിരം രൂപ പരിധിക്കുള്ളില്‍ പൂര്‍ണമായും അടച്ചുതീര്‍ക്കാന്‍ കഴിവുന്ന വായ്പകള്‍ക്കുമാത്രം കടാശ്വാസ പദ്ധതി ബാധകമാക്കുന്നതാണ്.
2011 ജൂലൈ മാസമോ അതിന് ശേഷമോ എടുത്ത കടങ്ങള്‍ അതിന് മുമ്പെടുത്ത കടങ്ങളുടെ തുടര്‍ച്ചയായി പുതുക്കി എടുത്തിട്ടുള്ളതായി ബന്ധപ്പെട്ട ബാങ്കുകള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രം കടാശ്വാസ പദ്ധതിക്കായി പരിഗണിക്കും. അമ്പതിനായിരം രൂപക്ക് മുകളില്‍ രണ്ട് ലക്ഷം രൂപവരെയുള്ള കടങ്ങള്‍ രോഗാവസ്ഥ, കടത്തിന്റെ ആവശ്യകത, കടമെടുത്ത പണത്തിന്റെ ഉപയോഗം, തിരിച്ചടക്കാനുള്ള കഴിവ് തുടങ്ങിയവ പരിശോധിച്ച ശേഷം അവക്ക് ആനുപാതികമായ തുകക്കുള്ള കടങ്ങള്‍ മാത്രം കാടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ജില്ലാ കലക്ടര്‍ ചെയര്‍മാനായി രൂപവത്കരിച്ച നിലവിലുള്ള കമ്മിറ്റിതന്നെ കടാശ്വാസം സംബന്ധിച്ച ക്ലെയിമുകള്‍ പരിശോധിച്ച് തുക നിശ്ചയിക്കും.
കടമെടുത്തവരുടെ ബന്ധം സംബന്ധിച്ചും സമയപരിധി സംബന്ധിച്ചുമുള്ള വ്യവസ്ഥകള്‍ ഇവിടെയും ബാധകമായിരിക്കും. രണ്ട് ലക്ഷത്തിന് മുകളില്‍ കടബാധ്യത പരിഗണിക്കുമ്പോള്‍ അത്തരം ആളുകളുടെ കാര്യത്തില്‍ കടമെടുത്തവരുടെ ദുരിതബാധിതനുമായുള്ള ബന്ധം, കടത്തിന്റെ സമയപരിധി എന്നിവയിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനുള്ള ജില്ലാതല സെല്‍ പരിശോധിച്ച് ശിപാര്‍ശ ചെയ്യുന്ന കടബാധ്യതകള്‍ കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇത് ദുരിതബാധിതനായ ഒരാളുടെ കാര്യത്തില്‍ പരമാവധി മൂന്ന് ലക്ഷം രൂപയായി നിശ്ചയിച്ചു.
കടാശ്വാസ പദ്ധതിക്കായി ആവശ്യമായി വരുന്ന തുക താഴെ പറയും പ്രകാരമായി നിശ്ചയിച്ചു. അമ്പതിനായിരം രൂപ വരെയുള്ള കടങ്ങള്‍ – പത്ത് കോടി രൂപ, അമ്പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെ – പന്ത്രണ്ട് കോടി രൂപ, രണ്ട് ലക്ഷത്തിന് മുകളില്‍ വരുന്ന കടങ്ങള്‍ – മൂന്ന് കോടി രൂപ. ആകെ – ഇരുപത്തിയഞ്ച് കോടി രൂപ.

 

Latest