Connect with us

Wayanad

ഗൂഡല്ലൂരില്‍ മദ്യഷാപ്പിന് മുമ്പില്‍ ധര്‍ണ നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡി വൈ എഫ് ഐ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗൂഡല്ലൂര്‍ കോഴിക്കോട് റോഡിലെ മദ്യഷാപ്പിന് മുമ്പില്‍ ധര്‍ണ നടത്തി. മദ്യഷാപ്പിന്റെ പ്രവര്‍ത്തന സമയം വൈകുന്നേരം ആറ് മുതല്‍ രാത്രി പത്ത് വരെയായി നിശ്ചയിക്കുക, പകല്‍ സമയത്ത് മദ്യഷാപ്പ് തുറക്കാതിരിക്കുക, ആഴ്ചയില്‍ ഒരു ദിവസം മദ്യഷാപ്പ് അടച്ചിടുക, 21 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കരുത്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യത്തെക്കുറിച്ച് സ്‌കൂളുകളില്‍ ബോധവത്കരണം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ലീലാ വാസു ധര്‍ണ ഉദ്ഘാടനം ചെയ്തു.
കെ പി കൗസല്യ അധ്യക്ഷതവഹിച്ചു. എന്‍ വാസു, വി ടി രവീന്ദ്രന്‍, എ യോഗശശി, സുരേഷ്, അമുത, കുമാര്‍, ശശികല, വിലാസിനി, സഫിയ, കമലാദേവി എന്നിവര്‍ പ്രസംഗിച്ചു. സമരക്കാരെ പിന്നീട് ഗൂഡല്ലൂര്‍ ഡി വൈ എസ് പി ഗോപി, ഇന്‍സ്‌പെക്ടര്‍ ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്ത് നീക്കി. ഇതേ ആവശ്യങ്ങളുന്നയിച്ച് കുന്നൂരിലും, കോത്തഗിരിയിലും മദ്യഷാപ്പുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു.