Connect with us

Kasargod

സീതാംഗോളി ബസപകടം;ഭീതി മാറാതെ യാത്രക്കാര്‍

Published

|

Last Updated

കാസര്‍കോട്: സീതാംഗോളിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ അതിദാരുണമായി മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി.
സ്വകാര്യബസ് നിയന്ത്രണം വിട്ട് സ്‌കൂട്ടറിലും ബൈക്കിലുമിടിച്ചാണ് നെല്ലിക്കുന്നിലെ അബ്ദുറഹ്മാന്റെ മകന്‍ അബ്ദുന്നാസര്‍, പുത്തിഗെയിലെ മുഹമ്മദ് എന്നിവര്‍ മരണപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ പുത്തിഗെയിലെ ഇര്‍ഷാദ്, അപകടത്തില്‍ മരിച്ച നെല്ലിക്കുന്നിലെ അബ്ദുന്നാസറിന്റെ മകന്‍ ഒമ്പത് വയസുള്ള നൗഫല്‍ എന്നിവരെയാണ് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ സീതാംഗോളി ടൗണിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
നെല്ലിക്കുന്നിലെ അബ്ദുന്നാസര്‍ ഭാര്യാവീടായ മുണ്ട്യത്തടുക്കയിലേക്ക് മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയിലാണ് അപകടം. കാസര്‍കോട്-സീതാംഗോളി റൂട്ടിലോടുന്ന കെ എല്‍ 10 എം 7473 സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് ഇവര്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിലും മറ്റൊരു ബൈക്കിലുമിടിക്കുകയായിരുന്നു. അപകടത്തില്‍ അബ്ദുന്നാസര്‍ സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. മൃതദേഹം ഒരു മണിക്കൂറോളം സംഭവസ്ഥലത്തുതന്നെ കിടന്നത് നാട്ടുകാരെ പ്രകോപിതരാക്കി. രണ്ടുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തുവെന്ന വാര്‍ത്ത നാടിനെ നടുക്കിയിട്ടും പോലീസോ, ഫയര്‍ഫോഴ്‌സോ, മറ്റോ യഥാസമയം എത്താത്തതാണ് നാട്ടുരാകെ പ്രകോപിതരാക്കിയത്.
പ്രകോപിതരായ നാട്ടുകാര്‍ അപകടത്തിനിടയാക്കിയ ബസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇതിനിടയില്‍ എത്തിയ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരുക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ച പുത്തിഗെയിലെ മുഹമ്മദ് രാവിലെ 11.30 മണിയോടെ മരിച്ചത്. റോഡരിലുണ്ടായിരുന്ന ഒരു പശുവും അപകടത്തില്‍പ്പെട്ട് ചത്തു. അപകടത്തില്‍പെട്ട ഉടനെ ബസ് ഡ്രൈവറും ജീവനക്കാരും ഓടിരക്ഷപ്പെട്ടതായി നാട്ടുകാരിലൊരാള്‍ പറഞ്ഞു.
അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്തേക്കൊഴുകിയത്. സീതാംഗോളി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. രണ്ടുപേരുടെ മരണവാര്‍ത്ത കേട്ടാണ് സീതാംഗോളിയിലേയും പരിസരപ്രദേശങ്ങളിലേയും നാട്ടുകാര്‍ ഇന്നലെ ഉണര്‍ന്നത്. ബസ് കുതിച്ചെത്തുന്നത് സ്‌കൂട്ടറുകള്‍ ഇടിച്ചിടുന്നതിനും ദൃക്‌സാക്ഷികളായവര്‍ സംഭവം ഞെട്ടലോടെയാണ് വിവരിക്കുന്നത്.
അപകടത്തില്‍ പ്രകോപിതരായ ചിലര്‍ ബസ് തടഞ്ഞതിനാല്‍ സീതാംഗോളി-പെര്‍ള റൂട്ടില്‍ ബസ് ഗതാഗതം തടസ്സപ്പെട്ടു. രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അനുശോചിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സീതാംഗോളിയില്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.
മായിപ്പാടി, ബദിയടുക്ക, മുഗു, കുമ്പള എന്നീ റോഡുകള്‍ സംഗമിക്കുന്ന സീതാംഗോളി ജംഗ്ഷനില്‍ ഏത് നിമിഷവും അപകടം സംഭവിക്കാമെന്നും അതിനാല്‍ റോഡില്‍ ഹംപുകള്‍ പണിയണമെന്നും നാട്ടുകാര്‍ നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
മായിപ്പാടിയില്‍ നിന്നും സീതാംഗോളിയിലേക്കുള്ള റോഡില്‍ ഏറെയും ഇറക്കമാണ്. അമിതവേഗത്തില്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കിയാണ് ഇതുവഴി ബസുകള്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. സര്‍ക്കിളില്‍ എത്തിയപ്പോള്‍ ബ്രേക്ക് പൊട്ടിയതാണ് ഇന്നലെയുണ്ടായ അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. വേഗത കുറച്ചിരുന്നുവെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Latest