Connect with us

Sports

ഉത്തപ്പയെ വെട്ടുന്നത് ആര് ?

Published

|

Last Updated

ന്യൂഡല്‍ഹി: ഏകദിന, ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ കര്‍ണാടക താരം റോബിന്‍ ഉത്തപ്പ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായി. ഐ പി എല്‍, ചാമ്പ്യന്‍സ് ലീഗ് ടി20 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി സ്ഥിരതയാര്‍ന്ന ഫോം കാഴ്ചവെച്ച താരമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റോബിന്‍ ഉത്തപ്പ. എന്നാല്‍, ടീമില്‍ ഉത്തപ്പക്ക് പിറകിലുള്ള മനീഷ് പാണ്‌ഡെയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുകയും ചെയ്തു.
2014 ഐ പി എല്‍ സീസണിന് തുടക്കമായപ്പോള്‍ കൊല്‍ക്കത്തയുടെ തുടക്കം മോശമായിരുന്നു. ഗൗതം ഗംഭീറിനൊപ്പം ഓപണിംഗ് ബാറ്റിംഗില്‍ ഉത്തപ്പ തകര്‍പ്പന്‍ ഫോം പുറത്തെടുത്തതോടെ കൊല്‍ക്കത്ത കുതിച്ചു.
തുടരെ പത്ത് മത്സരങ്ങളില്‍ നാല്‍പതിലേറെ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ഉത്തപ്പക്ക് സാധിച്ചു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ സ്ഥാനവും ഉത്തപ്പക്കായിരുന്നു. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തി ഉത്തപ്പക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവൊരുങ്ങുകയും ചെയ്തു. ആറ് വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഉത്തപ്പ തുടര്‍ന്നുള്ള മത്സരങ്ങളില്‍ 14,5 റണ്‍സിന് പുറത്തായി. ചാമ്പ്യന്‍സ് ലീഗ് ടി20യില്‍ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് 164 റണ്‍സടിച്ച് വീണ്ടും ഫോം തെളിയിച്ചു.
85 നോട്ടൗട്ടാണ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍.ഇതൊക്കെയായിട്ടും ദേശീയ ടീമിലേക്ക് തിരിച്ചുവരാന്‍ ഉത്തപ്പക്ക് മുന്നില്‍ തടസം സൃഷ്ടിക്കപ്പെടുന്നത് ദുരൂഹമായി തുടരുന്നു.വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായത് കൊണ്ട് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തന്നെയാണ് സെലക്ഷന് എതിര് നില്‍ക്കുന്നതെന്ന ആരോപണം ഉയരുന്നു. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണും ഏകദിന ടീമിലേക്കുള്ള വഴി തുറന്നു കൊടുക്കുന്നതില്‍ തടസങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. നിലവില്‍ ടി20 ടീമിലേക്ക് മാത്രമാണ് പരിഗണിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ടീമിലെത്തിയിട്ടും ആദ്യ ഇലവനില്‍ ഇടം നല്‍കിയിരുന്നില്ല. സീനിയര്‍ താരമായ ഉത്തപ്പക്ക് കരിയര്‍ തന്നെയാണ് മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ നഷ്ടമാകുന്നത്.