Connect with us

Sports

ഹോളണ്ട് ഐസായി !

Published

|

Last Updated

ഐസ്‌ലാന്‍ഡ് ദേശീയ ഫുട്‌ബോള്‍ ടീമിനിത് അനര്‍ഘനിമിഷം. അവര്‍ ആദ്യമായി ഹോളണ്ടിനെ തോല്‍പ്പിച്ചു. യൂറോ യോഗ്യതാ റൗണ്ടിലാണ് സംഭവം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ഐസ്‌ലാന്‍ഡ് ഡച്ച് പടക്ക് ഷോക്കേല്‍പ്പിച്ചത്. മുമ്പ് പത്ത് തവണ കളിച്ചപ്പോഴും തലകുനിക്കാതിരുന്ന ഹോളണ്ട് ഇതാദ്യമായി ഐസായെന്ന് പറയാം !
ലൂയിസ് വാന്‍ ഗാല്‍ പോയി ഗസ് ഹിഡിങ്ക് പരിശീലകനായെത്തിയപ്പോള്‍ ഹോളണ്ട് പിറകോട്ടാണ്. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളില്‍ മൂന്ന് പോയിന്റ് മാത്രം നേടി മൂന്നാം സ്ഥാനത്ത്. മൂന്നും ജയിച്ച് ചെക് റിപബ്ലിക്കും ഐസ്‌ലാന്‍ഡും ആദ്യ രണ്ട് സ്ഥാനങ്ങളില്‍. സ്വാന്‍സിയ മിഡ്ഫീല്‍ഡര്‍ ജില്‍ഫി സിഗുഡ്‌സന്റെ ഇരട്ട ഗോളുകളാണ് ഐസ്‌ലാന്‍ഡിന് ചരിത്ര ജയമൊരുക്കിയത്. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ചെക് റിപബ്ലിക് 4-2ന് കസാഖിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ ലാറ്റ്‌വിയ 1-1 തുര്‍ക്കി.
ഗ്രൂപ്പ് എച്ചില്‍ ക്രൊയേഷ്യ 6-0ന് അസര്‍ബൈജാനെയും ഇറ്റലി 1-0ന് മാള്‍ട്ടയെയും തോല്‍പ്പിച്ചു. നോര്‍വെ 2-1ന് ബള്‍ഗേറിയയെ മറികടന്നു. മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റ് വീതമുള്ള ക്രൊയേഷ്യയും ഇറ്റലിയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ക്രൊയേഷ്യക്കായി പെര്‍സിച് ഇരട്ടഗോളുകള്‍ നേടി. ക്രമാറിച്, ബ്രൊസോവിച്, മോഡ്രിച് (പെനാല്‍റ്റി) എന്നിവരുംലക്ഷ്യം കണ്ടു. അറുപത്തൊന്നാം മിനുട്ടിലെ ഗോള്‍ സെല്‍ഫായിരുന്നു.
ഗ്രൂപ്പ് ബിയില്‍ വെയില്‍സ് 2-1ന് സൈപ്രസിനെ കീഴടക്കി കരുത്തറിയിച്ചപ്പോള്‍ ഇസ്രാഈല്‍ 4-1ന് അന്‍ഡോറയെയും തകര്‍ത്തു. ബോസ്‌നിയ 1-1 ബെല്‍ജിയം സമനില.