Connect with us

Sports

ബ്രസീലിനും അര്‍ജന്റീനക്കും തകര്‍പ്പന്‍ ജയം; നെയ്മര്‍ക്ക് നാല് ഗോള്‍

Published

|

Last Updated

സിംഗപ്പൂര്‍/ഹോങ്കോംഗ്: രാജ്യാന്തര സൗഹൃദ ഫുട്‌ബോളില്‍ ബ്രസീലിനും അര്‍ജന്റീനക്കും തകര്‍പ്പന്‍ ജയം. നെയ്മര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ബ്രസീല്‍ 4-0ന് ജപ്പാനെ തകര്‍ത്തു. നാലു ഗോളും നേടിയത് നെയ്മര്‍. അര്‍ജന്റീനയാകട്ടെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ഹോങ്കോംഗിനെ തരിപ്പണമാക്കിയത്. ജപ്പാനെതിരെ 18, 48, 77, 81 മിനിറ്റുകളിലായിരുന്നു നെയ്മറുടെ ഗോളുകള്‍.
18ാം മിനിറ്റില്‍ മികച്ച കൈമാറ്റങ്ങള്‍ക്ക് ശേഷം ഡീഗോ ടാര്‍ഡെല്ലി നല്‍കിയ ത്രൂ പാസില്‍ നിന്നാണ് നെയ്മറുടെ ആദ്യ ഗോള്‍ പിറന്നത്.
രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ നെയ്മര്‍ രണ്ടാമതും ലക്ഷ്യം കണ്ടു. ജാപ്പനീസ് പ്രതിരോധത്തിനിടയിലൂടെ കുടിനോ ചെത്തിയിട്ടുകൊടുത്ത പന്ത് ഓടിപ്പിടിച്ച നെയ്മര്‍ അത് ഗോളിയുടെ കൈകള്‍ക്കിടയിലൂടെ വലക്കുള്ളിലാക്കി. വൈകാതെ തന്നെ നെയ്മര്‍ രണ്ട് ഗോളുകള്‍ കൂടി നേടി ജയം ഗംഭീരമാക്കി. ഇതാദ്യമായാണ് നെയ്മര്‍ ബ്രസീലിനുവേണ്ടി നാലു ഗോള്‍ നേടുന്നത്.
ലോകകപ്പിലെ നാണക്കേടിനുശേഷം പുതിയ കോച്ച് ദുംഗയ്ക്ക് കീഴില്‍ ബ്രസീല്‍ നേടുന്ന തുടര്‍ച്ചയായ നാലാം ജയമാണിത്. നാലു മത്സരങ്ങൡും ഒരൊറ്റ ഗോള്‍ പോലും വഴങ്ങിട്ടിയില്ല മഞ്ഞപ്പട. കഴിഞ്ഞയാഴ്ച ബീജിംഗില്‍ നടന്ന സൗഹൃദ മത്സരത്തില്‍ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് അവര്‍ അര്‍ജന്റീനയെ തോല്‍പിച്ചത്.
ബ്രസീലിനോടേറ്റ തോല്‍വിയില്‍ നിന്ന് അര്‍ജന്റീന ഉയിര്‍ത്തെണീറ്റത് ഫിഫ റാങ്കിംഗില്‍ 164ാം സ്ഥാനക്കാരായ ഹോങ്കോംഗിനെ തകര്‍ത്തുകൊണ്ട്. മെസ്സി, ഗോണ്‍സാലോ ഹിഗ്വെയിന്‍, നിക്കോളസ് ഗെയ്താന്‍ എന്നിവര്‍ രണ്ട് ഗോള്‍ വീതവും എവര്‍ ബനേഗ ഒരു ഗോളും നേടി.
19ാം മിനിറ്റില്‍ എവര്‍ ബനേഗയാണ് ഗോളടിക്ക് തുടക്കമിട്ടത്. അധികം വൈകാതെ ബുള്ളറ്റ് ഹെഡ്ഡറിലൂടെ ഹിഗ്വെയിന്‍ ലീഡുയര്‍ത്തി. രണ്ട് മിനിറ്റിനുള്ളില്‍ ഗെയ്താനിലൂടെ അര്‍ജന്റീന 3-0. 54ാം മിനിറ്റില്‍ ഹിഗ്വെയിന്‍ ഡബിള്‍ തികച്ചു. ബനേഗ നല്‍കിയ ത്രൂ പാസ് ഗെയ്താന്‍ ഹിഗ്വെയിന് നല്‍കുകയായിരുന്നു. മുന്‍ റയല്‍ മാഡ്രിഡ് സ്‌ട്രൈക്കര്‍ക്ക് പിഴച്ചില്ല.
അര്‍ജന്റീന ജയമുറപ്പാക്കിയ ശേഷം രണ്ടാം പകുതിയിലാണ് മെസി കളത്തിലെത്തിയത്. ജാവിയര്‍ പസ്റ്റോറെക്ക് പകരമാണ് മെസിയെത്തിയത്. ആറ് മിനിറ്റിനുള്ളില്‍ ലക്ഷ്യം കണ്ട് മെസി
ആറാം ഗോള്‍ മെസിയുടെ പാസില്‍ ഗെയ്താന്‍ നേടി. 84ാം മിനുട്ടില്‍ ഗോള്‍പട്ടിക തികച്ചുകൊണ്ട് മെസ്സി ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ടു. വലതു വിംഗില്‍ നിന്ന് തള്ളിക്കയറിവന്ന് തൊടുത്ത ഇടങ്കാലന്‍ ബുള്ളറ്റിന് മുന്നില്‍ ഹോങ്കോംഗ് ഗോളി കാഴ്ചക്കാരനായി. മെസിക്ക് ഹാട്രിക്ക് നേടാനുള്ള അവസരമുണ്ടായിരുന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ മെസിക്ക് പിഴച്ചില്ലായിരുന്നെങ്കില്‍ ബാഴ്‌സ താരം ഹാട്രിക്ക് പെരുമയുമായി വെട്ടിത്തിളങ്ങുമായിരുന്നു.

Latest