Connect with us

Gulf

ഔഷധി ഉത്പന്നങ്ങള്‍ ദുബൈയില്‍ ലഭ്യമാക്കും-ജോണി നല്ലൂര്‍

Published

|

Last Updated

ദുബൈ: സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയുടെ ഉത്പ്പനങ്ങള്‍ ദുബൈയില്‍ ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചതായി ചെയര്‍മാന്‍ അഡ്വ. ജോണി നല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദുബൈ ആരോഗ്യ മന്ത്രാലയ അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ആയുര്‍വേദ മരുന്നുകള്‍ ഇവിടെ ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തോളം ആവശ്യമായിവരും. ഔഷധിയുടെ ഉത്പന്നങ്ങള്‍ വില്‍പന നടത്താനായി ഔട്ട് ലെറ്റ് തുറക്കും. ദുബൈയില്‍ ഔഷധിയുടെ ആഭിമുഖ്യത്തില്‍ ആയുര്‍വേദ ആശുപത്രി ആരംഭിക്കാനും ആലോചനയുണ്ട്.
ഔഷധിയുടെ ഉത്പന്നങ്ങള്‍ പുറം നാടുകളിലേക്ക് എത്തിക്കാന്‍ ആവശ്യമായ കയറ്റുമതി ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ കേരളത്തില്‍ ഔഷധി നേടിയിട്ടുണ്ട്. ദുബൈ ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങളും ചട്ടങ്ങളും പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് കാലതാമസം. ഇത് പൂര്‍ത്തിയാവുന്നതോടെ ഔഷധിയുടെ ഉത്പന്നങ്ങള്‍ യു എ ഇ കമ്പോളത്തില്‍ സുലഭമായി ലഭ്യമാവുന്ന സാഹചര്യം ഉണ്ടാവും.
കേരളത്തില്‍ തൃശൂരിലും തിരുവനന്തപുരത്തും രണ്ട് ആശുപത്രികള്‍ പണിയാന്‍ ആലോചിക്കുന്നുണ്ട്. ഇതില്‍ തൃശൂരിലേക്ക് 18 മാസത്തിനകം യാഥാര്‍ഥ്യമാക്കും. രാജ്യാന്തര നിലവാരത്തിലുള്ള ആയുര്‍വേദ ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്.
തൃശൂര്‍ ടൗണില്‍ തൃശൂര്‍- ഷൊര്‍ണ്ണൂര്‍ റോഡില്‍ ഔഷധിയുടെ നിലവിലെ ആശുപത്രിയോട് അനുബന്ധിച്ചാവും പുതിയത് പണിയുക. ആദ്യഘട്ടത്തില്‍ ഇവിടെ 50 പേര്‍ക്കാവും കിടത്തി ചികിത്സ അനുവദിക്കുക. പിന്നീട് ഇത് 100 ആയി ഉയര്‍ത്തും.
2004ലാണ് തൃശൂരില്‍ ഔഷധി ആശുപത്രി ആരംഭിച്ചത്. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആയുര്‍വേദ ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും ഔഷധിയാണ് ആവശ്യമായ മരുന്നുകള്‍ നല്‍കുന്നത്. ഇതോടൊപ്പം രാജ്യത്തെ 17 സംസ്ഥാനങ്ങളിലേക്കും മരുന്നുകള്‍ എത്തിക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ അപേക്ഷിച്ച് പല മരുന്നുകള്‍ക്കും 20 മുതല്‍ 40 ശതമാനം വരെ വിലക്കുറവുണ്ട്. ഉയര്‍ന്ന ഗുണനിലവാരം ഉറപ്പാക്കിയാണ് ഔഷധി മരുന്നു നിര്‍മിക്കുന്നത്. 450 മരുന്നുകളാണ് ഔഷധി നിര്‍മിക്കുന്നത്. 25മരുന്നുകള്‍ക്ക് ഔഷധിക്ക് പേറ്റന്റ് ഉണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവക്കായി ഔഷധി നിര്‍മിച്ച മരുന്നുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് സമൂഹത്തില്‍ നിന്ന് ലഭിക്കുന്നത്. ഇവയെല്ലാം രോഗത്തിന് ഫലപ്രദമാണെന്ന് ക്ലിനിക്കലായി തെളിയിക്കപ്പെട്ടവയുമാണ്. ഒരു വര്‍ഷം ഒന്നര ലക്ഷം പാവക്കയാണ് കൊളസ്‌ട്രോളിനുള്ള മരുന്നു നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഗുണനിലവാരം ഉറപ്പാക്കി ആവശ്യാനുസരണം ഇത് ലഭ്യമാക്കാന്‍ കുടുംബ ശ്രീയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
താന്‍ അധികാരം ഏല്‍ക്കുമ്പോള്‍ 40 കോടി രൂപയായിരുന്നു ഔഷധിയുടെ വിറ്റുവരവെന്നും ഇത് രണ്ടര വര്‍ഷം കൊണ്ട് 80 കോടിയില്‍ എത്തിക്കാന്‍ സാധിച്ചതായും ജോണി നല്ലൂര്‍ പറഞ്ഞു. 2015 മാര്‍ച്ചോടെ 125 കോടി രൂപയായി ഉയര്‍ത്താനാണ് പദ്ധതി. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഇസ്മായേല്‍ റാവുത്തര്‍, സന്തോഷ് വര്‍ഗീസ്, എബി ബേബി പങ്കെടുത്തു.

 

Latest