Connect with us

Gulf

ബോട്ട് പിടിച്ചെടുക്കല്‍: യു എ ഇ മത്സ്യത്തൊഴിലാളികള്‍ ഇറാന്‍ കോടതിയില്‍ ഹാജരായി

Published

|

Last Updated

അജ്മാന്‍: ജലാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് യു എ ഇയുടെ മത്സ്യബന്ധന ബോട്ടുകള്‍ ഇറാന്‍ പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മാസം 30നായിരുന്നു മത്സ്യബന്ധനത്തിനായി പോയ ബോട്ടുകള്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ പിടിച്ചെടുത്തത്. എട്ട് സ്വദേശികളും എട്ടു മുതല്‍ 12 വരെ ഏഷ്യന്‍ വംശജരും അടങ്ങിയ ബോട്ടുകളാണ് ഇറാന്‍ അധികൃതര്‍ പിടിച്ചെടുത്തത്. ശനിയാഴ്ചയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. അഞ്ചു ദിവസത്തിനകം കോടതി കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിടിച്ചെടുത്തവയില്‍ അഞ്ചു ബോട്ടുകള്‍ അജ്മാനില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. മൂന്നെണ്ണം ദുബൈയിലും. ഇറാന്റെ ഭാഗമായ കിഷ് ദ്വീപിലാണ് തങ്ങളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികളില്‍ ചിലര്‍ കഴിഞ്ഞ ദിവസം യു എ ഇയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. തങ്ങളെ തടവിലിട്ടില്ലെങ്കിലും ബോട്ടുകള്‍ പിടിച്ചെടുത്തതിനാല്‍ മടങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളികള്‍ ദുബൈയിലെ മാധ്യമപ്രവര്‍ത്തകരോടും വ്യക്തമാക്കിയിരുന്നു.
മത്സ്യബന്ധനത്തിനിടയില്‍ അപദ്ധത്തില്‍ അതിര്‍ത്തി ലംഘിച്ച മത്സ്യത്തൊഴിലാളികളെയും ബോട്ടും ഇറാനിയന്‍ നേവല്‍ പട്രോള്‍ വിഭാഗം വളയുകയായിരുന്നു. സുഖമായിരിക്കുന്നെന്നും പട്ടാളക്കാരുടെ അനുമതി വാങ്ങിയാണ് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതെന്നും ഇവര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
മത്സ്യബന്ധനത്തിനായി പുറപ്പെടുന്നവരോട് രാജ്യാതിര്‍ത്തി ലംഘിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ഉപദേശിക്കാറുണ്ടെന്ന് ദുബൈ ഫിഷര്‍മെന്‍സ് അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെ ഉപദേശിക്കലാണ് തങ്ങളുടെ ജോലിയെന്നും സമുദ്രാതിര്‍ത്തിക്ക് അടുത്തു നിന്നു ലഭിക്കുന്ന മത്സ്യങ്ങളെല്ലാം യു എ ഇയുടെ തീരക്കടലില്‍ ലഭ്യമാണെന്നും വക്താവ് ഓര്‍മിപ്പിച്ചു.

 

Latest