Connect with us

Gulf

ഇന്ത്യന്‍ അസോ. ഓണാഘോഷം 17ന്; പതിനായിരം പേര്‍ക്ക് സദ്യ ഒരുക്കും

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ഓണാഘോഷം 17ന് നടക്കുമെന്ന് പ്രസിഡന്റ് കെ ബാലകൃഷ്ണനും സെക്രട്ടറി അഡ്വ. വൈ എ റഹീമും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ക്ക് അതിഥികള്‍ എത്തിത്തുടങ്ങും. 10ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. 10.30ക്ക് പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം നിര്‍വഹിക്കും. 11ന് കലാപരിപാടികള്‍ ആരംഭിക്കും. ഉച്ചക്ക് ഒന്നിനാണ് ഓണ സദ്യ വിളമ്പുക. ഇതിന് ശേഷം കലാപരിപാടികളും കായിക മത്സരങ്ങളും തുടരുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
തെയ്യം, ചെണ്ട, പഞ്ചാരി മേളം, മെയ്യാണ്ടി മേളം, വള്ളപ്പാട്ട്, താലപ്പൊലി തുടങ്ങിയ കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ സാംസ്‌കാരിക ഘോഷയാത്രക്ക് ചാരുത പകരും. 150 ഓളം കാലകാരന്മാരാണ് പങ്കെടുക്കുക. ഓണാഘോഷത്തിന്റെ ഭാഗമായി തിരുവാതിരക്കളി മത്സരം, മലയാളി മങ്ക മത്സരം, മവേലി മന്നന്‍ മത്സരം, തുടങ്ങിയവ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ ഒമ്പതാം തിയ്യതി അരങ്ങേറിയിരുന്നു. 100ല്‍ പരം സ്ത്രീകളായിരുന്നു മെഗാ തിരുവാതിരക്കളിയില്‍ പങ്കാളികളായത്. 17ന് നടക്കുന്ന ഓണാഘോഷ പരിപാടിയുടെ പ്രധാന ഇനങ്ങളില്‍ ഒന്ന് പൂക്കള മത്സരമായിരിക്കും. ഇതോടൊപ്പം, കലം ഉടക്കല്‍, വടംവലി എന്നിവയും അരങ്ങേറും. സ്ത്രീകളും മത്സരത്തില്‍ ശക്തമായ സാന്നിധ്യമായിരിക്കും. ഒരേ സമയം 1,500 പേര്‍ക്ക് സദ്യ വിളമ്പാനുള്ള സൗകര്യം അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളിലുണ്ട്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂളില്‍ നിലവില്‍ 10,500 കുട്ടികളാണ് പഠിക്കുന്നത്. പതിനായിരത്തില്‍ അധികം കുട്ടികളാണ് പ്രവേശനത്തിനായി കാത്തിരിക്കുന്നത്. സ്‌കൂളിന്റെ വികസന പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നതോടെ 7,000 കുട്ടികളെക്കൂടി പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വിദ്യാലയത്തിന്റെ ഉയര്‍ന്ന നിലവാരവും കുറഞ്ഞ ഫീസുമാണ് ഇന്ത്യക്കാരായ രക്ഷിതാക്കളെ വിദ്യാലത്തിലേക്ക് ആകര്‍ഷിക്കുന്നത്. കോണ്‍ഫറന്‍സ് ഹാള്‍, കമ്മ്യൂണിറ്റി ഹാള്‍, എന്നിവക്കൊപ്പം ഷട്ടില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ് എന്നിവയും അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അംഗങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതില്‍ ഇതുവരെ 1,500ല്‍ പരം അംഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. നിലവില്‍ 2,500 ല്‍ പരം അംഗങ്ങളാണ് അസോസിയേഷനില്‍ ഉളളതെന്നും പ്രസിഡന്റും സെക്രട്ടറിയും വെളിപ്പെടുത്തി. ഖജാഞ്ചി ബിജു സോമന്‍, ജിയോ ഇലട്രികല്‍സ് എം ഡി ജോര്‍ജ്ജ് വി നേരേപറമ്പില്‍, മഹമൂദ് അലി, ഹിറ്റാച്ചി മാര്‍ക്കറ്റിംഗ് മാനേജര്‍ ഗിരീഷ് പങ്കെടുത്തു.