Connect with us

Gulf

അബുദാബി മലിനജല ശുദ്ധീകരണം 100 ശതമാനമായി ഉയര്‍ത്തുന്നു

Published

|

Last Updated

അബുദാബി: മലിനജലത്തിന്റെ ശുദ്ധീകരണം 100 ശതമാനമായി ഉയര്‍ത്താന്‍ അബുദാബി സീവറേജ് തയ്യാറെടുക്കുന്നു. എം ഡി അലന്‍ തോമസ് അറിയിച്ചതാണിത്.

ഇപ്പോള്‍ 60 ശതമാനം ശുദ്ധീകരിച്ച് ഉപയോഗിക്കുകയും 40 ശതമാനം കടലില്‍ ഒഴുക്കികളയുകയുമാണ് ചെയ്യുന്നത്. ആവശ്യക്കാര്‍ വര്‍ധിച്ചതും ലഭ്യത കുറഞ്ഞതുമാണ് പൂര്‍ണമായും ശുദ്ധീകരിച്ച് വിതരണം ചെയ്യാന്‍ സീവറേജിനെ പ്രേരിപ്പിക്കാനുള്ള പ്രധാന കാരണം, ഒരു ദിവസം എട്ടു ലക്ഷത്തി അമ്പതിനായിരം ക്യൂബിക് മലിനജലമാണ് ശുദ്ധീകരിക്കുന്നത്. ഇതില്‍ അറുപത് ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. മലിന ജലം ശുദ്ധീകരിച്ച് ഫാമുകള്‍, കൃഷിയിടങ്ങള്‍, കെട്ടിട നിര്‍മാണങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവയുടെ ആവശ്യത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ള പദ്ധതി പൂര്‍ണമായും പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതി അല്‍ ഐനില്‍ പൂര്‍ണമായും പ്രാവര്‍ത്തികമാക്കി വിജയിച്ചാണ് അബുദാബിയിലും നടപ്പിലാക്കുവാനുള്ള കാരണം. അല്‍ ഐനില്‍ 1,90,000 ക്യൂബിക് മലിന ജലമാണ് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്. ഇതില്‍ അഞ്ച് ശതമാനമാണ് ഉപയോഗശൂന്യം. പ്രത്യേകതരം പൈപ്പ് ഉപയോഗിച്ചാണ് ശുദ്ധീകരിച്ച വെള്ളം ആവശ്യക്കാര്‍ക്ക് എത്തിക്കുക. തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് അവരുടെ ആവശ്യാനുസരണം ഉപയോഗിക്കാം. പൂര്‍ണമായും സൗജന്യമായാണ് വെള്ളം വിതരണം ചെയ്യുക.
പരിസ്ഥിതി സൗഹൃദ നഗരമാക്കി അബുദാബിയെ മാറ്റുന്നതിന്റെ ഭാഗമാണ് ഇത്. കാര്‍ബണ്‍ പുറംതള്ളുന്നത് ഇതുവഴി കുറക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അബുദാബി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 200 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുക.
റീം ദ്വീപ്, യാസ് ദ്വീപ്, ഷഹാമ, അബുദാബി, റുവൈസ്, ദുബൈ- അബുദാബി റോഡ്, അബുദാബി-അല്‍ ഐന്‍ റോഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക.
പടിഞ്ഞാറന്‍ പ്രവിശ്യയിലെ റുവൈസ്, സില, ഡെല്‍മ ദ്വീപ്, ബിദാമുല്‍വ, ഗയാത്തി എന്നിവിടങ്ങളിലും ആവശ്യക്കാര്‍ ഏറെ ഉണ്ടെങ്കിലും ഒന്നാം ഘട്ടത്തില്‍ ഇവിടങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നില്ലെന്ന് അലന്‍ തോമസ് വ്യക്തമാക്കി. ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന വെള്ളം കുടിവെള്ളമായി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി