Connect with us

Gulf

മഞ്ഞുകാല തമ്പുകള്‍ക്ക് നിയന്ത്രണങ്ങളുമായി ഷാര്‍ജ

Published

|

Last Updated

ഷാര്‍ജ: മഞ്ഞുകാലം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ തമ്പുകള്‍ക്ക് നിയന്ത്രണങ്ങളുമായി ഷാര്‍ജ പോലീസും ഷാര്‍ജ നഗരസഭയും രംഗത്ത്. തമ്പുകള്‍ സ്ഥാപിക്കുന്നവര്‍ക്കായി പുതിയ നിയമങ്ങളും ചട്ടങ്ങളും അധികൃതര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മരുഭൂപ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്യുന്നവര്‍ തദ്ദേശവാസികള്‍ക്കും പ്രകൃതിക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടും നാശവും കുറക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. നഗരസഭയില്‍ നിന്നു പ്രത്യേക അനുമതി കരസ്ഥമാക്കുന്നവര്‍ക്ക് മാത്രമായിരിക്കും മരൂഭൂമിയില്‍ തമ്പ് നിര്‍മിക്കാന്‍ അനുവദിക്കുക. തമ്പടിച്ച് ക്യാമ്പ് ചെയ്യുന്നവര്‍ വലിയ ശബ്ദത്തില്‍ സംഗീതം ആസ്വദിക്കുന്നതും മറ്റ് രീതികളില്‍ ശബ്ദമലിനീകരണം നടത്തുന്നതുമെല്ലാം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഉള്‍നാടന്‍ പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ അല്‍ ബദായഹ് നഗരസഭാ അധികൃതരുമായി ഷാര്‍ജ പോലീസ് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ക്യാമ്പിനെത്തുന്നവരുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളെക്കുറിച്ച് ഇരു വിഭാഗവും ചര്‍ച്ചയില്‍ വിശദീകരിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവരും പുതിയ നിയമങ്ങളും ചട്ടങ്ങളും മരുഭൂമിയില്‍ തമ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പാലിക്കണമെന്ന് ഷാര്‍ജ നഗരസഭയും ഷാര്‍ജ പോലീസും അഭ്യര്‍ഥിച്ചു.