Connect with us

Gulf

ദുബൈ ഫാമിലി വില്ലേജ് ഓര്‍ഫനേജ് ഈ വര്‍ഷം അവസാനത്തോടെ തുറക്കും

Published

|

Last Updated

ദുബൈ: പണി പുരോഗമിക്കുന്ന ദുബൈ ഫാമിലി വില്ലേജ് ഓര്‍ഫനേജ് ഈ വര്‍ഷം അവസാനത്തോടെ തുറക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 80 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷ(അമാഫ്)ന്റെ നേതൃത്വത്തിലാണ് നിര്‍മാണം. 100 അനാഥകുട്ടികളെ പ്രവേശിപ്പിക്കാനുളള സൗകര്യമാണ് ഇവിടെ ഒരുക്കുക.
12 വില്ലകളാണ് കുട്ടികള്‍ക്കായി അണിഞ്ഞൊരുങ്ങുന്നത്. ഓരോ വില്ലയിലും എട്ട് കുട്ടികളെയാവും താമസിപ്പിക്കുക. ജനിച്ചത് മുതല്‍ മൂന്നു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കായി പ്രത്യേക നേഴ്‌സറിയും അനാഥാലയത്തില്‍ സജ്ജമാക്കുന്നുണ്ട്. എല്ലാവിധ ആധുനിക സൗകര്യങ്ങളും കോര്‍ത്തിണക്കിയാണ് അനാഥാലയം യാഥാര്‍ഥ്യമാക്കുന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി നേഴ്‌സിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിപ്പിക്കും. മുതിര്‍ന്ന കുട്ടികള്‍ക്കായി വിനോദത്തിനുള്ള സജ്ജീകരണവും ഒരുക്കും. അനാഥാലയം പൂര്‍ത്തിയായിട്ടില്ലെന്ന് അമാഫ് സെക്രട്ടറി ജനറല്‍ തയ്യിബ് അല്‍ റൈസ് വ്യക്തമാക്കി.
പദ്ധതിയില്‍ താല്‍പര്യമുള്ളവര്‍ക്ക് നിക്ഷേപമിറക്കി പങ്കാളിയാവാന്‍ അവസരമുണ്ട്. കുടുംബാന്തരീക്ഷം ഉറപ്പാക്കുന്ന രീതിയിലാവും കുട്ടികളെ താമസിപ്പിക്കുക. വളര്‍ന്നു വലുതായാല്‍ ഇവര്‍ക്ക് സ്വദേശി പൗരത്വവും നല്‍കും. കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ച ഉറപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങളെല്ലാം സജ്ജമാക്കും. വിദ്യാഭ്യാസത്തിന് ആവശ്യമായ കാര്യങ്ങളും ചെയ്യും.
കുട്ടികളെ സംരക്ഷിക്കാന്‍ പ്രത്യേക ആയമാരെ നിയമിക്കും. കുട്ടികള്‍ക്ക് മാതൃസ്‌നേഹം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. കേവലം ഒരു അനാഥാലയം എന്നതില്‍ നിന്നു മാറി കുടുംബ ഗ്രാമം എന്ന സങ്കല്‍പമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് അനാഥാലയ നിര്‍മാണത്തിന് സൗജന്യമായി ഭൂമി നല്‍കിയത്.
2012 ജൂലൈയിലായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 4.65 കോടി ദിര്‍ഹം പദ്ധതിക്കായി വേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പണി പൂര്‍ത്തായാവുമ്പോഴേക്കും 5.6 കോടി ദിര്‍ഹമായി ഇത് ഉയരുമെന്നാണ് കണക്കുകൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest