Connect with us

Gulf

നായക്കമ്പം തലക്കുപിടിച്ചു: വീട്ടില്‍ 160 ഇനം നായകള്‍! ഒഴിപ്പിക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി

Published

|

Last Updated

ഉമ്മുല്‍ ഖുവൈന്‍: പൊതുനിരത്തുകളിലൂടെ അലഞ്ഞുതിരിയുന്ന നായകളെ പിടിച്ചു താമസിക്കുന്ന വില്ലയില്‍ കൊണ്ടുപോയി വളര്‍ത്തുന്ന സ്ത്രീക്ക് ഉമ്മുല്‍ ഖുവൈന്‍ നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടീസ്. യൂറോപ്യന്‍ വംശജയായ സ്ത്രീയാണ് നഗരഭയുടെ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്നത്.

ഉമ്മുല്‍ ഖുവൈനിലെ അല്‍ ബൈദാ പ്രദേശത്തെ കോളനിയിലെ ഒരു വില്ലയിലാണ് ഇങ്ങിനെ നായക്കമ്പം തലക്കുപിടിച്ചു സ്ത്രീ 160 ഓളം വരുന്ന വിവിധ ഇനത്തില്‍പെട്ട നായകളെ അനധികൃതമായി വളര്‍ത്തുന്നത്. പരിസരത്തെ ചില താമസക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വിവിധങ്ങളായ നിയമ ലംഘനങ്ങള്‍ ഇവര്‍ നടത്തിയതായി കണ്ടെത്തിയത്.
നായകളെ ഉപയോഗിച്ചു വേട്ട നടത്തുന്നതില്‍ കമ്പക്കാരനായിരുന്ന പിതാവില്‍ നിന്ന് അനന്തരമായി കിട്ടിയതാണ് തനിക്കും നായക്കമ്പമെന്ന് സ്ത്രീ അധികൃതരോട് പറഞ്ഞു. താമസിക്കാനെന്ന പേരില്‍ വാടകക്കെടുത്ത വില്ലയിലാണ് പലയിടങ്ങളില്‍ നിന്നായി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇത്രയും നായകളെ ശേഖരിച്ച് വളര്‍ത്തിക്കൊണ്ടിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
വില്ലക്കകത്ത് വിവിധ ഇനത്തില്‍പെട്ട ഇത്രയും നായകളെ വളര്‍ത്തുന്നത് പരിസരവാസികളുടെ, പ്രത്യേകിച്ച് കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാണെന്നാണ് പരാതിക്കാര്‍ അധികൃതരെ ബോധിപ്പിച്ചത്. വളര്‍ത്തു മൃഗങ്ങളെ വളര്‍ത്താനും പരിചരിക്കാനും നഗരസഭയുടെ പ്രത്യേക നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ട്. മാത്രമല്ല, മുന്‍കൂട്ടി ആവശ്യമായ അനുമതി എടുക്കേണ്ടതുമുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെയാണ് യൂറോപ്യന്‍ സ്ത്രീ നായ സംരക്ഷണത്തിനിറങ്ങിയത്. ഏതായാലും നഗരസഭ രണ്ടാഴ്ചത്തെ സമയം നല്‍കിയിരിക്കുകയാണ് ഇവര്‍ക്ക്. ഇതിനകം കാര്യങ്ങള്‍ ശരിപ്പെടുത്തണമെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നായകള്‍ക്ക് ഭക്ഷണവും സുരക്ഷിതമായ ശീതീകരിച്ച താമസസ്ഥലവും ആവശ്യാനുസരണം ചികിത്സയും ഉറപ്പുവരുത്തുന്നുണ്ടെന്ന് ഇവര്‍ അധികൃതരോട് പറഞ്ഞു. ഇക്കാര്യത്തില്‍ ഇവരെ സഹായിക്കാന്‍ തന്റെ ചിലവില്‍ നാല് ജോലിക്കാരെയും നിയമിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞതായി അധികൃതര്‍. വില്ലയില്‍ വളര്‍ത്തുന്നവക്കു പുറമെ, നഗരത്തിലും പരിസരങ്ങളിലും അലഞ്ഞു നടക്കുന്ന ഏകദേശം 500 ഓളം നായകള്‍ക്കും താന്‍ സ്ഥിരമായി ഭക്ഷണവും മറ്റു പരിചരണവും നല്‍കാറുണ്ടെന്നും ഇവര്‍ അധികൃതരോട് പറഞ്ഞു.
നായകളെ വളര്‍ത്തുന്നതോടൊപ്പം തന്നെ സമീപിക്കുന്ന നായക്കമ്പക്കാര്‍ക്ക് നിശ്ചിത സംഖ്യനല്‍കിയാല്‍ ഇഷ്ടമുള്ള ഇനം നായകളെ വില്‍ക്കാനും ഇവര്‍ തയ്യാറാണ്. ഇത്തരത്തില്‍ നായകളെ വാങ്ങാനെത്തുന്നവരും അവരുടെ വാഹനങ്ങളും പരിസരവാസികള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും പരാതിക്കാര്‍ പറയുന്നു.
നായകള്‍ക്ക് അസുഖം വന്നാല്‍ ചികിത്സയും പരുക്കുകളോ പൊട്ടലുകളോ വന്നാല്‍ സര്‍ജറിയുള്‍പ്പെടെയുള്ള പരിചരണങ്ങളും ഉറപ്പുവരുത്തുന്ന ഇവര്‍ക്ക് സഹായമായി പ്രദേശത്തെ ചില മൃഗസ്‌നേഹികളും സംഘടനകളും രംഗത്തുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അതിനിടെ നിയമ നടപടിയുമായി തനിക്കുനേരെ തിരിഞ്ഞ നഗരസഭാ അധികൃതരോട്, ഇത്രയുമധികം നായകളുമായി തനിക്ക് മാറിപ്പോകാന്‍ ഒരിടമില്ലെന്നും ഇതിനു പറ്റിയ ഒരു സ്ഥലം നഗരസഭക്കു കീഴില്‍ അനുവദിച്ചു തരണമെന്നും യൂറോപ്യന്‍ വനിത ആവശ്യപ്പെട്ടതായും അധികൃതര്‍ വെളിപ്പെടുത്തി.

 

Latest