Connect with us

Malappuram

ജില്ലയിലെ 20 പഞ്ചായത്തുകളില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയ പദ്ധതി

Published

|

Last Updated

കോട്ടക്കല്‍: കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം പിന്നാക്ക പഞ്ചായത്തുകളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിക്കുന്നതിനായി സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍. നേരത്തെ ബ്ലോക്ക് തലങ്ങളില്‍ പ്രഖ്യാപിച്ചിരുന്നതാണ് ഇവ. നടപ്പിലാകാത്തതിനെ തുടര്‍ന്നാണ് പഞ്ചായത്തുകളിലേക്ക് മാറ്റിയത്. ആറ്മാസം മുമ്പാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പഞ്ചായത്തുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചത്. 96 പഞ്ചായത്തുകള്‍ ഇതിനായി അപേക്ഷ സമര്‍പ്പിച്ചെങ്കിലും 20 പഞ്ചായത്തുകള്‍ക്കാണ് ജില്ലയില്‍ നിന്നും അവസരം ലഭിച്ചത്.
കാളികാവ്, ചോക്കാട്, മമ്പാട്, കരുവമ്പലം, കൊണ്ടോട്ടി, ചീക്കോട്, കോഡൂര്‍, ഒതുക്കുങ്ങല്‍, വെട്ടത്തൂര്‍, മക്കരപ്പറമ്പ്, ആതവനാട്, പാണക്കാട്, എ ആര്‍ നഗര്‍, എടരിക്കോട്, കുന്ദമംഗലം, തിരുന്നാവായ, വടക്കാങ്ങര, മേലാറ്റൂര്‍, ആലിപ്പറമ്പ്, പുഴക്കാട്ടിരി എന്നീപഞ്ചായത്തുകളാണ് തിരഞ്ഞെടുക്കപ്പെട്ടവ. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെളളം, വിദഗ്ധ പരിശീലനം തുടങ്ങിയ മേഖലകളില്‍ സമഗ്ര വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ നേരിട്ടുള്ള സഹയം ലഭ്യമാകുന്നതാണ് പദ്ധതി. ഇതിനായി പഞ്ചായത്തുകള്‍ മള്‍ട്ടി സെക്ടല്‍ ഡെവലപ്‌മെന്റ് പ്ലാനുകള്‍ തയ്യാറാക്കണം. ഇതിനായി പഞ്ചായത്ത് സെമിനാറുകള്‍ സംഘടിപ്പിക്കും. ഇതിലാണ് പദ്ധതി അവതരിപ്പിക്കേണ്ടത്. പഞ്ചായത്തിന്റെ വികസനത്തിനാവശ്യമായ പദ്ധതികള്‍ പഞ്ചായത്ത് വാസികള്‍ക്ക് സെമിനാറില്‍ അവതരിപ്പിക്കാന്‍ അവകാശമുണ്ട്. തിരഞ്ഞെടുക്കുന്നവ കേന്ദ്രത്തിന്റെ പരിഗണക്കായി സമര്‍പ്പിക്കും. ഘട്ടം ഘട്ടമായാണ് പദ്ധതികള്‍ നടപ്പിലാക്കുക.
മാതൃകാപരവും വ്യത്യസ്ഥവുമായ പദ്ധതികള്‍ക്കാണ് പരിഗണന ലഭിക്കുക. കഴിഞ്ഞ വര്‍ഷം മുതല്‍ വയനാട് ജില്ലയില്‍ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. പെന്നാനി നഗരസഭയില്‍ പത്തരകോടിയുടെ പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. നാല് സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കാണ് ഇവിടെ പരിഗണ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് ജില്ലയിലെ പഞ്ചായത്തുകളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അറിയിപ്പുണ്ടായത്. അടുത്ത 20നകം പദ്ധതി സമര്‍പ്പിക്കാനാണ് നിര്‍ദേശം. തിരഞ്ഞെടുത്ത പല പഞ്ചായത്തുകളും ജനക്ഷേമം മുന്‍നിര്‍ത്തി ബഹുമുഖ പദ്ധതികള്‍ തന്നെ സമര്‍പ്പിക്കുന്നുണ്ട്. ഇത് വിജയമാകുന്നതോടെ ജില്ലയിലെ ന്യൂനപക്ഷ സമൂഹ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.