Connect with us

Kozhikode

ആദ്യം അമ്പരപ്പ്, പിന്നെ ഉദ്വേഗം, ഒടുവില്‍ ആശ്വാസം

Published

|

Last Updated

കോഴിക്കോട്: കലക്ടറേറ്റില്‍ തിരക്കേറിയ സമയം. പെട്ടെന്ന് ബില്‍ഡിംഗില്‍ നിന്ന് പുക ഉയരുന്നു. മിനുട്ടിനകം കലക്ടറേറ്റിന് തീപ്പിടിച്ച വാര്‍ത്ത പരക്കുന്നു. ജീവനക്കാര്‍ ഇറങ്ങിയോടി. പോലീസും അഗ്നിശമന സേനയും കലക്ടറേറ്റിലേക്ക് കുതിച്ചെത്തി. ഇവര്‍ക്കൊപ്പം ചില ജീവനക്കാരും കലക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ദുരന്തത്തില്‍പ്പെട്ട ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള ഏഴ് പേരെയും കൊണ്ട് ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞു…
അന്താരാഷ്ട്ര ദുരന്തനിവാരണ ദിനാചരണത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനില്‍ നടന്ന മോക്ഡ്രില്ലിലാണ് ഉദ്വേഗജനകമായ രംഗങ്ങള്‍ സൃഷ്ടിച്ചത്. മോക്ഡ്രില്‍ ആണെന്നറിയാത്തവര്‍ പരിഭ്രാന്തരാവുകയും ചിലര്‍ മൊബൈലില്‍ വിവരം നല്‍കി ആളെക്കൂട്ടുകയും വേറെ ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
കലക്ടറേറ്റിന് മുകളില്‍ തീയാളുന്നതു കണ്ട് വിവരമറിയിച്ചാണ് അഗ്നിശമന സേനയെത്തിയത്. വെള്ളം ചീറ്റി തീയണച്ച അവര്‍ സിവില്‍ സ്റ്റേഷന്റെ ഏറ്റവും മുകള്‍ നിലയില്‍നിന്നു പോലും കയറും സ്ട്രച്ചറും ഉപയോഗിച്ച് ആളുകളെ രക്ഷപ്പെടുത്തി. എയ്ഞ്ചല്‍സ് ആംബുലന്‍സുകളാണ് പരുക്കേറ്റവരെ കൊണ്ടുപോകാനെത്തിയത്. കൃത്രിമ ശ്വാസോഛ്വാസ ഉപകരണം, അമോണിയ സ്യൂട്ട്, ഇരുമ്പു കമ്പി അറുത്തുമാറ്റാവുന്ന ഹൈഡ്രോളിക് കട്ടര്‍ തുടങ്ങി ആധുനിക ഉപകരണങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു.
സിവില്‍ സപ്ലൈസ് ജീവനക്കാരനായ കെ സന്തോഷ് കുമാര്‍, കലക്ടറേറ്റ് ജീവനക്കാരായ എം എം സുരേഷ്, വാസുദേവ പ്രസാദ്, ആര്‍ പ്രശാന്ത്, സി സുദീപ്, പ്രജിത, മുഹമ്മദ് നജീബ്, ലത്വീഫ്, ഹരിദാസന്‍ എന്നിവരെയാണ് പരുക്കുകളോടെ രക്ഷപ്പെടുത്തിയത്. മോക്ഡ്രില്ലിന് എ ഡി എം. കെ രാധാകൃഷ്ണന്‍, ജില്ലാ ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ അരുണ്‍ ഭാസ്‌ക്കര്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍, ഡോ. ഷിബു വര്‍ഗീസ്, ഡോ. സബീര്‍ മുഹമ്മദ്, എയ്ഞ്ചല്‍സ് ഡയരക്ടര്‍ കെ പി മുഹമ്മദ് മുസ്തഫ നേതൃത്വം നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ റോഡ് ഷോയും സംഘടിപ്പിച്ചു. ഷോ എ ഡി എം കെ രാധാകൃഷ്ണന്‍ ഫഌഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ (ഡി എം) കെ വി മുരളീധരന്‍ പങ്കെടുത്തു. വരള്‍ച്ചാ ലഘൂകരണം എന്ന വിഷയത്തില്‍ കഥാരചനാ മത്സരം നടത്തി. ബാഡ്ജ് വിതരണം, ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ബോധവത്കരണ ക്ലാസ് എന്നിവയും നടത്തി.

---- facebook comment plugin here -----

Latest