Connect with us

International

ജറുസലമിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇസ്‌റാഈല്‍ അവസാനിപ്പിക്കണം: യു എന്‍

Published

|

Last Updated

റാമല്ല: ജറുസലമില്‍ ഇസ്‌റാഈല്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇത്തരം പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇസ്‌റാഈല്‍ വിട്ടുനില്‍ക്കണമെന്നും ഇസ്‌റാഈലിനും ഫലസ്തീനിനൂം ഇടയില്‍ വീണ്ടും സംഘര്‍ഷത്തിന് ഈ നീക്കം കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദുല്ലയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഗാസയുടെ പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര സമൂഹം നല്‍കിയ അകമഴിഞ്ഞ സാമ്പത്തിക സഹായം പ്രോത്സാഹനമര്‍ഹിക്കുന്നതാണ്. അത്യാവശ്യമായി പുനര്‍നിര്‍മിക്കേണ്ടവയുടെ ചെവലിലേക്കായി ഈ തുക മാറ്റിവെക്കും. പുനര്‍നിര്‍മാണം പുരോഗമിക്കുന്നതിനിടയിലും പ്രദേശത്തെ സംഘര്‍ഷത്തിന് പിന്നിലെ യഥാര്‍ഥ കാരണങ്ങളെ പിഴുതെറിയണം. ഇപ്പോഴും ഇസ്‌റാഈല്‍ തുടരുന്ന പ്രകോപനപരമായ നിര്‍മാണ പ്രവര്‍ത്തനങ്ങളെ താന്‍ ശക്തമായി എതിര്‍ക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ സംഘര്‍ഷം വീണ്ടും കുത്തിപ്പൊക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ്. ഇസ്‌റാഈല്‍ ഇത് അവസാനിപ്പിച്ചേ മതിയാകൂ. സമാധാന ചര്‍ച്ചകളുമായി മുന്നോട്ടുപോകാനുള്ള ധൈര്യവും ആര്‍ജവവും ഫലസ്തീന്‍ ഇനിയും തുടരണം. അതുപോലെ ഇസ്‌റാഈലും ഈ വഴിയിലേക്ക് വരണം. ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ നീണ്ടുപോകാതെ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തല്‍ അനിവാര്യമായിരിക്കുന്നുവെന്നും ബാന്‍ കി മൂണ്‍ ഓര്‍മപ്പെടുത്തി.
ഇസ്‌റാഈല്‍ ജറൂസലമില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹവും ശക്തമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് കിഴക്കന്‍ ജറുസലമില്‍ 2,600 പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ ഇസ്‌റാഈല്‍ അനുമതി നല്‍കുന്നത്. വൈറ്റ് ഹൗസും യൂറോപ്യന്‍ യൂനിയനും ശക്തമായ ഭാഷയില്‍ ഇതിനെ വിമര്‍ശിച്ചിരുന്നു. പ്രദേശം വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കാന്‍ അന്താരാഷ്ട്ര സമൂഹവും ഇസ്‌റാഈലിനോട് ആവശ്യപ്പെടുന്നുണ്ട്.

Latest