Connect with us

Thrissur

ആല്‍ത്തറയില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു

Published

|

Last Updated

അണ്ടത്തോട്: പഞ്ചായത്തിന്റെ പ്രധാന കേന്ദ്രമായ ആല്‍ത്തറയില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്ത് കാര്യാലയത്തിനു സമീപം സ്വകാര്യ വ്യക്തി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ എസ് ഇ ബിക്ക് ട്രാന്‍സ്‌ഫോമര്‍ നിര്‍മിക്കാന്‍ വിട്ടു നല്‍കിയ സ്ഥലത്തിന്റെ ഒരു ഭാഗം ഇതിനായി വിനിയോഗിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
ജനകീയാസൂത്രണ പദ്ധതി തുടങ്ങിയ കാലം മുതലെ മിക്ക വര്‍ഷവും പഞ്ചായത്ത് പദ്ധതികളില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥനം പിടിക്കാറുെണ്ടങ്കിലും നടക്കാറില്ല. കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം കിട്ടാനില്ലാത്തതാണ് പദ്ധതി നടക്കാത്തതിനു കാരണമായി പഞ്ചായത്ത് പറയുന്നുന്നത്. ഇവിടെ ഭൂമിക്ക് ലക്ഷങ്ങള്‍ വിലയുള്ളതിനാല്‍ സര്‍ക്കാര്‍ തുകക്ക് സ്ഥലം കിട്ടാത്തതും പദ്ധതി കടലാസിലൊതുങ്ങാന്‍ കാരണമാണ്. പഞ്ചായത്തിന്റെ തൊട്ടുമുന്നില്‍ പുറംപോക്ക് ഭൂമി ഉണ്ടായിട്ടും ഇത് ഉപയോഗ പ്രദമാക്കാന്‍ നടപടി എടുക്കാത്തത് ഭരണസമിതിയുടെ അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഈ വിഷയം പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ ഭൂമിയുടെ ഒരു ഭാഗം അടുത്തിടെ സ്വകാര്യ വ്യക്തി കയ്യേറി കാര്‍ ഷെഡ് നിര്‍മിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വില്ലേജ് രേഖകള്‍ പ്രകാരം ഭൂമി അളന്ന് കയ്യേറ്റം ഒഴിപ്പിക്കുകയും ഇതില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Latest