Connect with us

Wayanad

കുടുംബശ്രീ അഞ്ച് നിര്‍ഭയ പഞ്ചായത്തുകളില്‍ ബാല ക്രൈം മാപ്പിംഗ് നടത്തും

Published

|

Last Updated

കല്‍പ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ അഞ്ച് നിര്‍ഭയ പഞ്ചായത്തുകളില്‍ ബാല ക്രൈംമാപ്പിംഗ് നടത്തും. പ്രത്യേക പരിശീലനം നേടിയ 40 റിസോഴ്‌സ്‌പേഴ്‌സണ്‍മാരുടെ നേതൃത്വത്തിലാണ് ക്രൈം മാപ്പിംഗ് നടത്തുക.
നെ•േനി, തിരുനെല്ലി, തവിഞ്ഞാല്‍, എടവക, വൈത്തിരി എന്നി പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ ബാല ക്രൈംമാപ്പിംഗ് നടത്തുന്നത്.
ഇതിനായി തെരഞ്ഞെടുത്ത ബാല- വനിത റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി. ബാലക്രൈമാപ്പിംഗ് നടത്തുന്ന പഞ്ചായത്തുകളിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, ഉപസമിതി കണ്‍വീനര്‍, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന 10 കോര്‍ ടീം അംഗങ്ങള്‍, 40 ബാല – വനിതാ റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
10 മുതല്‍ 18 വയസ്സ് വരെ യുള്ളവര്‍ക്ക് ഒരു ഗ്രൂപ്പും 10 വയസ്സിന് താഴെയുള്ളവര്‍ക്ക് രണ്ടാമത്തെ ഗ്രൂപ്പുമായി തരംതിരിക്കും. ശാരീരികം, ലൈംഗികം, മാനസികം, വാചികം, മദ്യ ലഹരി ഉപയോഗം, സാമൂഹികം, കലാ – കായിക രംഗത്തെ അവഗണന തുടങ്ങിയവ ക്രൈമാപ്പിംഗിന്റെ ഭാഗമായി രേഖപ്പെടുത്തും. കുട്ടികളില്‍ നിന്ന് 164 ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തും. കുടുംബത്തില്‍ നിന്നുണ്ടാകുന്ന മാനസിക ശാരീരിക വേദനകളും രേഖപ്പെടുത്തും. ക്രൈമാപ്പിംഗ് നടത്തുന്ന പഞ്ചായത്തിലെ കുട്ടികളോടൊപ്പം മാതാപിതാക്കളുടെയും സാന്നിദ്ധ്യം ഉറപ്പുവരുത്തും. അവധി ദിവസം ആയിരിക്കും ക്രൈമാപ്പിംഗ് നടത്തുക.
തദ്ദേശ ഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷന്‍ ചെയര്‍മാനും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കണ്‍വീനര്‍മാരുമായി ക്രൈം മാപ്പിംഗിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി സംഘാടക സമിതി രൂപീകരിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, അംഗണ്‍വാടി ടീച്ചര്‍, ഡോക്ടര്‍മാര്‍, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍, ശിശുക്ഷേമ സമിതി, സി.ഡബ്ല്യു.സി, പോലീസ്, എക്‌സൈസ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി 15 അംഗ സംഘാടക സമിതി ബാല ക്രൈമാപ്പിംഗിന് നേതൃത്വം നല്‍കും. സംഘാടക സമിതിയോഗം ഇന്ന് തവിഞ്ഞാല്‍ പഞ്ചായത്തിലും,16ന് എടവക പഞ്ചായത്തിലും നടക്കും.

Latest