Connect with us

Articles

എല്ലാം ഈ നൊബേലില്‍ തെളിഞ്ഞുകാണാം

Published

|

Last Updated

സ്വാത്തില്‍ ഇന്നും ഡ്രോണ്‍ ആക്രമണങ്ങള്‍ നടക്കുന്നു. മലാല പഠിച്ച സ്‌കൂളുകള്‍ക്കു മുകളിലും ബോംബ് വീഴുന്നുണ്ട്. (സിയാവുദ്ദീന്‍ ഇപ്പോള്‍ ബ്രിട്ടനിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനാണ്. അവര്‍ കുടുംബമടക്കം അവിടെയാണ് താമസിക്കുന്നത്) അവള്‍ ഡയറി എഴുതിയിരുന്ന കാലത്തും ഇത്തരം കൂട്ടക്കുരുതികള്‍ അവിടെ നടന്നിരുന്നു. എന്ത് കൊണ്ട് അവളിലെ ബാല കൗതുകം ഈ കാഴ്ചകള്‍ കണ്ടില്ല? പിള്ള വാക്കില്‍ കള്ളമില്ലെന്നാണല്ലോ. പിന്നെങ്ങനെ മലാലയുടെ ഡയറിക്കുറിപ്പുകള്‍ ഏകപക്ഷീയമായി? കുട്ടികള്‍ക്ക് സങ്കുചിത രാഷ്ട്രീയമൊന്നുമില്ലല്ലോ. പിന്നെങ്ങനെ അവളുടെ ഡയറിക്കുറിപ്പുകള്‍ കൃത്യമായി അമേരിക്കന്‍ ഇടപെടലുകളെ ന്യായീകരിക്കാന്‍ പാകത്തിലായി? ഇത്ര “വളരുന്ന”തിന് മുമ്പാണല്ലോ അവള്‍ ആ ഡയറിക്കുറിപ്പുകള്‍ എഴുതിയത്. അവളുടെ കാഴ്ചകള്‍ എഡിറ്റ് ചെയ്യപ്പെട്ടതാണോ? അതോ അവള്‍ എഡിറ്റ് ചെയ്ത് കാഴ്ചകള്‍ കണ്ടതാണോ? സമാധാനപരമായ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കണമെന്ന് പിന്നീട് യു എന്‍ പൊതു സഭയിലും മറ്റനേകം വേദികളിലും നിരന്തരം പറയുന്ന മലാല ഒരിക്കല്‍ പോലും ഡ്രോണ്‍ ആക്രമണ ഭീകരതയെക്കുറിച്ച് മിണ്ടിയില്ല. പതിമൂന്ന് വയസ്സില്‍ നിന്ന് പതിനേഴില്‍ എത്തുകയും ഏറെ സഞ്ചരിച്ചതിന്റെ അറിവും ആത്മവിശ്വാസവും കൈവരികയും ചെയ്തിട്ടും അവളുടെ നാവ് വിലങ്ങില്‍ നിന്ന് മോചിതമാകാതിരുന്നതിന്റെ അര്‍ഥം ഇപ്പോള്‍ നൊബേലിന്റെ പ്രഭയില്‍ തെളിഞ്ഞ് കാണുന്നുണ്ട്.
ഗാസയില്‍ ഇസ്‌റാഈല്‍ എത്രയെത്ര കുഞ്ഞുങ്ങളുടെ തലയാണ് പിളര്‍ന്നത്. അവിടെ നിന്ന് നിരവധി കുട്ടികള്‍ ഈ ക്രൂരതയുടെ നേര്‍ക്കാഴ്ചകള്‍ കണ്ണീരില്‍ കുതിര്‍ന്ന ഡയറിക്കുറിപ്പുകളാക്കിയിരുന്നുവല്ലോ. അവരാരും പക്ഷേ മലാലമാരായില്ല.
മലാല ആക്രമിക്കപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞ് സ്വാത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ തല തകര്‍ന്ന നബീല റഹ്മാന്‍ എന്ന എട്ട് വയസ്സുകാരിക്കും ലഭിച്ചില്ല മലാലയുടെ കസേരകള്‍. കഴിഞ്ഞ വര്‍ഷത്തെ നൊബേലിന് തന്നെ മലാലയുടെ പേര് ഉയര്‍ന്ന് വന്നതാണ്. അന്ന് ഏറ്റവും വലിയ പ്രതിഷേധമുയര്‍ന്നത് സ്വാത്തില്‍ നിന്ന് തന്നെയായിരുന്നു. താലിബാന്റെ ഒളിത്താവളം മാത്രമായി ഈ ഭൂവിഭാഗത്തെ ബ്രാന്‍ഡ് ചെയ്യുന്ന സമ്രാജ്യത്വ അജന്‍ഡക്ക് വളം വെച്ചു കൊടുത്തുവെന്നതല്ലാതെ എന്താണ് ഈ പെണ്‍കുട്ടിയും പിതാവ് സിയാവുദ്ദീനും സ്വാത്തിന് ചെയ്തിരിക്കുന്നതെന്ന് മേഖലയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകര്‍ തുറന്നടിച്ചു. കൊണ്ടാടപ്പെടാന്‍ നിന്നു കൊടുക്കുന്ന ഈ നിഷ്‌കളങ്കയായ പെണ്‍കുട്ടി വന്‍ ശക്തികളുടെ വലിയ കളിയിലെ കരു മാത്രമാണെന്ന് ചില പാശ്ചാത്യ മാധ്യമങ്ങള്‍ സ്വാത്തില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. അങ്ങനെയാണ് കഴിഞ്ഞ നൊബേല്‍ സിറിയയില്‍ രാസായുധ നിര്‍മാര്‍ജനത്തിനായി നിയോഗിക്കപ്പെട്ട ഏജന്‍സിയിലേക്ക് പോയത്.
ഇന്ന് നൊബേല്‍ ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കുമായി അത്യന്തം സന്തുലിതമായി പകുത്ത് നല്‍കുമ്പോള്‍ അമേരിക്കയും കൂട്ടരും കൂടുതല്‍ മാരകമായ ഇടപെടലുകളിലേക്ക് ഇറങ്ങുകയാണ്. ഇന്ത്യയില്‍ അത് ബിസിനസ്സിലാണെങ്കില്‍ പാക്കിസ്ഥാനില്‍ ആര് ഭരിക്കണമെന്ന് തന്നെ നിശ്ചയിച്ചുറപ്പിക്കുകയാണ്. തന്നത്താന്‍ തുറന്ന് വിട്ട ഇസില്‍ ഭൂതങ്ങളുടെ പേരില്‍ ഇറാഖിലും സിറിയയിലും ശക്തമായ ആക്രമണത്തിന് മുതിരുകയാണ് അമേരിക്കന്‍ സൈന്യം. ലോക രാജ്യങ്ങളുടെ പിന്തുണ യാചിച്ച് ജോണ്‍ കെറി ഊരു ചുറ്റുന്നു. അഫ്ഗാനില്‍ നിന്ന് അടുത്ത കാലത്തൊന്നും പിന്‍മാറാതിരിക്കാനുള്ള എന്‍ ഒ സി നല്‍കിയിരിക്കുകയാണ് അശ്‌റഫ് ഗനി സര്‍ക്കാര്‍. ഗ്വാണ്ടനാമോ പൂട്ടുമെന്നും ഡ്രോണ്‍ ആക്രമണം നിര്‍ത്തുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയ ബരാക് ഒബാമ അവയെല്ലാം സ്വയം റദ്ദാക്കിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് സാമ്രാജ്യത്വത്തിന് മലാലയെപ്പോലെ ഒരു പ്രതീകം അനിവാര്യമാകുന്നത്. കൗമാരവും യൗവനവും പിന്നിട്ട് മലാല കൂടുതല്‍ സഞ്ചരിക്കുകയും കൂടുതല്‍ വായിക്കുകയും താനുള്‍പ്പെടുന്ന സമൂഹത്തെ കൂടുതല്‍ മനസ്സിലാക്കുകയും ചെയ്യുന്നത് വരെ തന്നിലര്‍പ്പിതമായ പ്രതീക ദൗത്യം ഈ പെണ്‍കുട്ടി നിര്‍വഹിക്കുക തന്നെ ചെയ്യും.