Connect with us

National

യുദ്ധനഗരം പോലെ വിശാഖപട്ടണം: ഭീതി മാറാതെ ജനം

Published

|

Last Updated

hudhud-disasterവിശാഖപട്ടണം: വിനാശകാരിയായി അടിച്ചുവീശിയ ഹുദ്ഹുദ് തകര്‍ത്ത് കളഞ്ഞത് ആന്ധ്രാപ്രദേശിന്റെ തുറമുഖ നഗരമായ വിശാഖപട്ടണത്തിന്റെ സ്വപ്‌നങ്ങളാണ്. സംസ്ഥാനത്ത് കിഴക്കന്‍ മേഖലിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ, വിദ്യാഭ്യാസ നഗമായിട്ടാണ് വിശാഖപട്ടണം അറിയപ്പെടുന്നത്. എന്നാല്‍ അടിച്ചുവീശിയ ഹുദ്ഹുദില്‍ ഒരു യുദ്ധഭൂമിയുടെ പ്രതീതി ജനിപ്പിക്കുന്ന നിലയിലാണ് ഇവിടുത്തെ അവസ്ഥ. പല സ്ഥലത്തും കടപുഴകി വീണ മരങ്ങള്‍, നിലംപൊത്തിയ സെല്‍ടവറുകളും ട്രാന്‍സ്‌ഫോര്‍മറുകളും. ശനിയാഴ്ച രാത്രി മുതല്‍ ഇവിടെ വൈദ്യുതിയില്ല. ദുരിതത്തിലകപ്പെട്ട പ്രദേശവാസികള്‍ ഭയവിഹ്വലരായി, ചുഴലിക്കാറ്റിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി കാത്കൂര്‍പ്പിച്ചിരിക്കുകയാണ്. വിശാഖപട്ടണം വിമാനത്താവളത്തെയും ചുഴലിക്കാറ്റ് കാര്യമായി ബാധിച്ചിട്ടുണ്ട്. ഇവിടെ മേല്‍ക്കൂര കാറ്റില്‍ പറന്ന് പോകുകയോ മറ്റ് നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ” ഞങ്ങള്‍ ഭയത്തോടെയാണ് കഴിച്ച് കൂട്ടുന്നത്. ചെറിയ കാറ്റടിക്കുമ്പോഴേക്കും ഇപ്പോള്‍ പേടിയാണ്” ~ഒരു പ്രദേശവാസി പറഞ്ഞു.

ഇവിടെ പല സ്ഥലങ്ങളിലും വീടുകളിലും മറ്റ് താമസസ്ഥലങ്ങളിലും വെള്ളം കയറി താമസയോഗ്യമല്ലാതായിരിക്കുകയാണ്. ഇവയെല്ലാം പമ്പ് ചെയ്ത് ഒഴിവാക്കുന്ന ജോലിയിലാണ് ഇന്നലെ പലരും വ്യാപൃതരായത്. “എനിക്കേറ്റവും പ്രിയപ്പെട്ട നഗരമായിരുന്നു വിശാഖപട്ടണം. നഗരത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ എനിക്ക് വല്ലാത്ത വേദന തോന്നുന്നു”- ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഇങ്ങനെയാണ് പ്രതികരിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഇന്നലെ കാറ്റിന് അല്‍പ്പം ശമനമുണ്ടായതോടെയാണ് പ്രദേശവാസികള്‍ വീടുകളിലേക്ക് തിരിച്ചെത്തിയത്.
പല സ്ഥലങ്ങളിലും പെട്രോളിനും പാല്‍ പോലുള്ള ഭക്ഷ്യഉത്പന്നങ്ങള്‍ക്കും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
മരങ്ങളും വൈദ്യുതി കമ്പികളും കടപുഴകി വീണതിനാല്‍ കൊല്‍ക്കത്ത-ചെന്നൈ ദേശീയപാത അടച്ചിട്ടതിനെ തുടര്‍ന്ന് കനത്തഗതാക്കുരുക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്. ഫയര്‍ഫോഴ്‌സും ദ്രുതകര്‍മസേനയും ഗതാഗതം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്. മുഖ്യമന്ത്രി നായിഡു ഇന്നലെ ദുരന്തബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തി. ഇതിന് ശേഷം അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം ചുഴലിക്കാറ്റ് തകര്‍ത്ത പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ ആന്ധ്രക്ക് 50 കോടി രൂപ നല്‍കും. ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമടക്കമുളള പ്രകൃതി ദുരന്തങ്ങള്‍ മൂലം നാശം വിതച്ച സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് തമിഴ്‌നാട് മുന്നിലുണ്ടാവുമെന്ന് മുഖ്യമന്ത്രി പഴനീര്‍ശല്‍വം അറിയിച്ചു.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാറിന്റെ സഹായവാഗ്ദാനം. താറുമാറായ വൈദ്വുതി സംവിധാനങ്ങള്‍ പുനര്‍ നിര്‍മിക്കുന്നതിനു വേണ്ട കാര്യങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്തുകൊടുക്കും. ഇതിനായി 100 ഇലക്ട്രിക്ക് ട്രാന്‍സ്‌ഫോര്‍മര്‍, 5000 വൈദ്യുതി കാലുകള്‍, 10000 ഇന്‍സുലേറ്റര്‍ എന്നിവ നല്‍കുന്നതിന് മുഖ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നെലെ ചേര്‍ന്ന യോഗം തൂരുമാനിച്ചു.
കൂടാതെ ആന്ധ്ര പ്രദേശിലെ റോഡുകള്‍ നന്നാക്കുന്നതിനായി ഹൈവേ ഓഫീസര്‍മാരും തൊഴിലാളികളുമടങ്ങുന്ന പ്രത്യേക സംഘത്തെ അയക്കുന്നതിനും നടപടികള്‍ ആയിട്ടുണ്ട്.