Connect with us

Kozhikode

സമൂഹിക പരിഷ്‌കരണത്തിന് ഭൗതിക മുന്നേറ്റം അനിവാര്യം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: സമൂഹിക പരിഷ്‌കരണത്തിന് ഭൗതിക മുന്നേറ്റം അനിവാര്യമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. പാരമ്പര്യ വിശ്വാസങ്ങളെയും നവോത്ഥാന മൂല്യങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയും സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ സംഘടിതമായി ചെറുത്തു നില്‍പ്പ് ഉണ്ടാകണം- അദ്ദേഹം പറഞ്ഞു. കൈതപ്പൊയില്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന എസ് എസ് എഫ് ശാക്തീകരണം ക്യാമ്പില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു കാന്തപുരം. ജില്ലാ തലങ്ങളില്‍ നടന്ന ശാക്തവം ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ശാക്തീകരണത്തില്‍ സംബന്ധിച്ചത്.
മൂന്ന് ദിവസങ്ങളിലായി നടന്ന ശാക്തീകരണം ക്യാമ്പ് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, ജലീല്‍ സഖാഫി ചെറുശ്ശോല, ശാഫി സഖാഫി മുണ്ടമ്പ്ര വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
പുതിയ സംഘടനാ വര്‍ഷത്തില്‍ എസ് എസ് എഫ് സ്വീകരിക്കുന്ന നയസമീപനരേഖക്ക് ക്യാമ്പ് രൂപം നല്‍കി. സംസ്‌കാരം, വിദ്യാഭ്യാസം, രാഷ്ട്രീയം, സാമൂഹികം, സാംസ്‌കാരികം, സംഘാടനം എന്നീ മേഖലകളില്‍ സംഘടനയുടെ പ്രവര്‍ത്തന പദ്ധതികള്‍, നയനിലപാടുകള്‍ എന്നിവക്ക് ശാക്തീകരണം കരട് അംഗീകരിച്ചു. ചര്‍ച്ചകള്‍ക്ക് എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, എ പി ബഷീര്‍ ചെല്ലക്കൊടി, ടി എ അലി അക്ബര്‍ നേതൃത്വം നല്‍കി. കെ അബ്ദുല്‍ കലാം സ്വാഗതവും എം അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.

 

Latest