Connect with us

Gulf

ല്യൂറെ അബുദാബിയില്‍ ഡാവിഞ്ചി ചിത്രം പ്രദര്‍ശനത്തിനെത്തും

Published

|

Last Updated

അബുദാബി: ഔദ്യോഗിക ഉദ്ഘാടനത്തിന് ഇനിയും 14 മാസങ്ങള്‍ അവശേഷിക്കവേ ല്യൂറെ അബുദാബി മ്യൂസിയം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. വിഖ്യാത ചിത്രകാരനായ ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ ലോക പ്രശസ്ത പെയിന്റിംഗുകളില്‍ ഒന്നായ ലാ ബെല്ലെ ഫെറോനെറിയാണ് ല്യൂറെ അബുദാബിയില്‍ ബുധനാഴ്ച ആരംഭിക്കുന്ന ടോക്കിംഗ് ആര്‍ട്ട് സീരീസിന്റെ ഭാഗമായി എത്തിയിരിക്കുന്നത്. മനാറാത്ത് അല്‍ സാദിയാത്തിലാണ് ബുധനാഴ്ച രാത്രി ടോക് ആര്‍ട്ട് സീരീസ് അരങ്ങേറുക. ഇറ്റലിയിലെ മിലാന്‍ നഗരത്തിലെ ആര്‍ട്ട് ഗ്യാലറിയില്‍ നിന്നാണ് ചിത്രം ല്യൂറെ അബുദാബിയില്‍ കാലാസ്വാദകര്‍ക്കായി എത്തിച്ചിരിക്കുന്നത്. തന്റെ ജീവിതത്തില്‍ കുറഞ്ഞ ചിത്രങ്ങള്‍ വരക്കുകയും അവയില്‍ പൂര്‍ത്തീകരിച്ച വളരെക്കുറച്ച് ചിത്രങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്ത ഒന്നാണ് യു എ ഇയിലെ ആസ്വാദക സമക്ഷം എത്തിയിരിക്കുന്നത്. ഈ ചിത്രം ആദ്യമായാണ് യൂറോപ്യന്‍ വന്‍കരക്ക് പുറത്തേക്ക് സഞ്ചരിക്കുന്നത്.
സാംസ്‌കാരിക-യുവജന-സമൂഹിക വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ അബുദാബിയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ ല്യൂറെ അബുദാബിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശനം നടത്തിയിരുന്നു. ഫ്രഞ്ച് സര്‍ക്കാരും അബുദാബി അധികൃതരും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് 30 വര്‍ഷത്തെ കരാറിനും രൂപം നല്‍കിയിട്ടുണ്ട്. 24,000 ചതുരശ്ര മീറ്ററാണ് ല്യൂറെ അബുദാബി മ്യൂസിയത്തിന്റെ വിസ്തീര്‍ണം. നിര്‍മാണത്തിനായി 8.3 കോടി പൗണ്ട് മുതല്‍ 10.8 കോടി പൗണ്ട് വരെയാണ് മതിപ്പ് ചെലവ്. ല്യൂറെ നാമം സ്വീകരിക്കുന്നതിനായി 52.5 കോടി യു എസ് ഡോളറാണ് അബുദാബി ല്യൂറെ മ്യൂസിയം അധികൃതര്‍ക്ക് നല്‍കിയത്. മ്യൂസിയവുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍, പ്രത്യേക പ്രദര്‍ശനങ്ങള്‍, ആര്‍ട്ട് ലോണ്‍ എന്നിവക്കായി 74.7 കോടി ഡോളര്‍ വേറെയും അബുദാബി അധികൃതര്‍ ല്യൂറെ മ്യൂസിയത്തിന് നല്‍കണം.
ഫ്രാന്‍സിലെ വിഖ്യാതമായ ല്യൂറെ മ്യൂസിയത്തിന്റെ പതിപ്പാണ് തലസ്ഥാനത്ത് പണി നടന്നുകൊണ്ടിരിക്കുന്ന ല്യൂറെ അബുദാബി. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് സഹായത്തോടെ തലസ്ഥാനത്ത് ല്യൂറെ അബുദാബി മ്യൂസിയം സജ്ജമാക്കുന്നത്. അടുത്ത വര്‍ഷമാണ് മ്യൂസിയത്തിന്റെ പണി പൂര്‍ത്തിയാവുക. ചരിത്രപരമായും സമൂഹിക-സാംസ്‌കാരികമായും പ്രാധാന്യമുള്ള മൂഹൂര്‍ത്തങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും. സാദിയാത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്ടിലാണ് മ്യൂസിയം പണി പുരോഗമിക്കുന്നത്. 2007ലാണ് ല്യൂറെ അബുദാബി മ്യൂസിയം പണിയുമെന്ന് പാരീസിലെ ല്യൂറെ മ്യൂസിയം അധികൃതര്‍ വ്യക്തമാക്കിയത്.
ആദ്യ പദ്ധതി പ്രകാരം 2012ലായിരുന്നു പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ 2013ല്‍ നടന്ന പുനരോലോചനാ യോഗത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്നത് 2015 ആക്കി പുനര്‍നിശ്ചയിക്കുകയായിരുന്നു. മ്യൂസിയം പൂര്‍ണ സജ്ജമാവുന്നതോടെ തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി ഇതു മാറുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Latest