Connect with us

Gulf

ദുബൈ സ്വകാര്യ സ്‌കൂളുകളില്‍ 184 രാജ്യത്തെ വിദ്യാര്‍ഥികള്‍

Published

|

Last Updated

ദുബൈ: എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളില്‍ 2013-14 അധ്യയന വര്‍ഷം 2,43,715 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്ന് കണക്കുകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 184 രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഇതിലുണ്ടെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഹ്യൂമന്‍ ഡവലപ്‌മെന്റ് ആന്‍ഡ് നോളജ് അതോറിറ്റി നടത്തിയ കണക്കെടുപ്പിലാണ് ഇക്കാര്യമുള്ളത്.
വിവിധങ്ങളായ ഇത്രയേറെ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരേയൊരു നഗരം ദുബൈ ആണെന്നും കണക്കുകള്‍ ഉദ്ധരിച്ച് അതോറിറ്റി വ്യക്തമാക്കുന്നു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ മൊത്തം വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ മൂന്നിലൊന്നിലധികവും ഇന്ത്യക്കാരായ വിദ്യാര്‍ഥികളാണെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും പ്രിയപ്പെട്ടത് ബ്രിട്ടീഷ് കരിക്കുലമാണ്. മൊത്തം വിദ്യാര്‍ഥികളുടെ 32.2 ശതമാനവും പഠനത്തിന് തിരഞ്ഞെടുത്തത് ബ്രിട്ടീഷ് കരിക്കുലമാണ്. തൊട്ടുപിന്നില്‍ 31 ശതമാനവുമായ ഇന്ത്യന്‍ സിലബസുണ്ട്. അമേരിക്കന്‍ സിലബസിന് 18.8 ശതമാനവും വിദ്യാഭ്യാസ മന്ത്രാലയം മുമ്പോട്ടുവെച്ച കരിക്കുലത്തിന് 6.5 ശതമാനവും പ്രാമുഖ്യം നല്‍കിയെന്ന് അതോറിറ്റി പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.
2012-13 അധ്യയന വര്‍ഷത്തെ അപേക്ഷിച്ച് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 2013-14ല്‍ 8.3 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം വിദ്യാര്‍ഥികളില്‍ 42 ശതമാനവും ട്യൂഷന്‍ ഫീസ് ഇനത്തില്‍ വര്‍ഷത്തില്‍ പതിനായിരം ദിര്‍ഹമില്‍ താഴെ മാത്രമേ സ്വകാര്യ മേഖലയില്‍ ചിലവഴിക്കുന്നുള്ളു. 15 ശതമാനം 40നായിരത്തിലധികം ദിര്‍ഹം വാര്‍ഷിക ഫീസ് ഇനത്തില്‍ ചിലവഴിക്കുന്നുണ്ട്. യാത്ര, യൂണിഫോം, പുസ്തകങ്ങള്‍ തുടങ്ങിയ ചിലവുകള്‍ ഇതിനു പുറമെയാണ്.
സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ട്യൂഷന്‍ ഫീ ഇനത്തില്‍ മാത്രമുള്ള മൊത്തം വാര്‍ഷിക വരുമാനം 407 കോടി ദിര്‍ഹമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഫീസിനത്തില്‍ നേരിയ മാറ്റങ്ങള്‍ ഈ വര്‍ഷം സംഭവിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വിദ്യാഭ്യാസ സൗകര്യങ്ങളുണ്ടായിരിക്കെതന്നെ ഭീമമായ സംഖ്യ ഫീസിനത്തിലും മറ്റും നല്‍കി സ്വകാര്യ സ്‌കൂളുകളില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്ന സ്വദേശി വിദ്യാര്‍ഥികളുടെ എണ്ണവും കൂടിവരികയാണെന്നും കണക്കുകളുടെ വെളിച്ചത്തില്‍ അതോറിറ്റി ചൂണ്ടിക്കാട്ടി.

 

Latest