Connect with us

Gulf

അബുദാബിയില്‍ ബസ് ഷെല്‍ട്ടറുകളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍

Published

|

Last Updated

അബുദാബി: അബുദാബി ഗതാഗത വകുപ്പ് (ഡോട്ട്) നിര്‍മിക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തില്‍.

ആധുനിക രീതിയില്‍ നിര്‍മിക്കുന്ന കാത്തിരിപ്പുകേന്ദ്രങ്ങള്‍ മുഴുവനും ശീതീകരിച്ച് തുറന്ന് തുടങ്ങി. നഗരപ്രദേശങ്ങളില്‍ പഴകിയ കേന്ദ്രങ്ങള്‍ക്ക് പകരവും ആവശ്യമുള്ള സ്ഥലങ്ങളിലുമാണ് പുതിയ ഷെല്‍ട്ടറുകള്‍ പണിയുന്നത്. അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 360 കാത്തിരിപ്പു കേന്ദ്രങ്ങളാണ് ആധുനിക രീതിയില്‍ നിര്‍മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നഗരപ്രദേശങ്ങളില്‍ നിര്‍മിക്കുന്ന 52 കേന്ദ്രങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയാകുന്നത്.
360 കേന്ദ്രങ്ങളില്‍ 160 എണ്ണം നഗര പ്രദേശങ്ങളിലും 80 എണ്ണം പടിഞ്ഞാറന്‍ ഭാഗങ്ങളിലും 120 എണ്ണം അല്‍ ഐനിന്റെ ഭാഗങ്ങളിലുമാണ് നിര്‍മിക്കുക. ആധുനിക രീതിയില്‍ ശീതീകരിച്ച് നിര്‍മിച്ച കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ബസുകള്‍ വരുന്നതും പോകുന്നതും സമയമുള്‍പ്പെടെ വ്യക്തമാകുന്ന ടൈംബോര്‍ഡില്‍ ബസുകള്‍ ഏത് സ്റ്റോപ്പിലാണ് നിലവിലുള്ളതെന്നും വ്യക്തമാകും. കാത്തിരിപ്പുകേന്ദ്രങ്ങളില്‍ പാലിക്കേണ്ടുന്ന നിയമങ്ങള്‍ നാല് ഭാഷകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറബി, ഹിന്ദി, ഉര്‍ദു, ഇംഗ്ലീഷ്, ഭാഷകളില്‍ മുന്നറിയിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
കാത്തിരിപ്പു കേന്ദ്രങ്ങളില്‍ ഉറങ്ങുന്നതും ചപ്പുചവറുകള്‍ നിക്ഷേപിക്കുന്നതും ച്യൂയിംഗം ഒട്ടിക്കുന്നതും കടുത്ത ശിക്ഷാര്‍ഹമാണ്. കനത്ത പിഴ ലഭിക്കും.
രണ്ടാം ഘട്ടത്തില്‍ അബുദാബിയിലെ ഖാലിദിയ്യ, അല്‍ ഫലാഹ്, ടൂറിസ്റ്റ് ക്ലബ്, മുശ്‌രിഫ്, അല്‍ റാഹ ബീച്ച് ബനിയാസ്, ഖലീഫ സിറ്റി, അല്‍ മഫ്‌റഖ്, മുസഫ്ഫ, അല്‍ സംഹ, യാസ് ഐലന്റ്, അബുദാബ എയര്‍പോര്‍ട്ട്, പടിഞ്ഞാറന്‍ പ്രവിശ്യയിലെ റുവൈസ്, സില, ഡെല്‍മ ദ്വീപ്, ബിദാമുല്‍വ, ഗയാത്തി, അല്‍ ഐനിലെ അല്‍ ഫോഹ, അല്‍ മുഅ്തറള്, അല്‍ ഖതം, അല്‍ ജാഹിലി, അല്‍ ഐന്‍ നഗരസഭ, അല്‍ ജീമി, അല്‍ ഖത്താറ എന്നിവിടങ്ങളിലെ കാത്തിരിപ്പു കേന്ദ്രങ്ങളുടെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു.
അബുദാബി ഗതാഗത വകുപ്പിന്റെ കീഴില്‍ 95 റൂട്ടുകളില്‍ 650 ബസുകളാണ് സര്‍വീസ് നടത്തുന്നത്. കൂടുതല്‍ കേന്ദ്രങ്ങളില്‍ കാത്തിരിപ്പു കേന്ദ്രങ്ങള്‍ തുറക്കുമെന്നും പഴകിയ മുഴുവന്‍ കാത്തിരിപ്പുകേന്ദ്രങ്ങള്‍ക്ക് പകരം പുതിയത് പണിയുമെന്നും ഡോട്ട് അറിയിച്ചു. അബുദാബിയില്‍ ലക്ഷക്കണക്കിന് യാത്രക്കാരാണ് ബസുകളെ ആശ്രയിക്കുന്നത്.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി