Connect with us

Kozhikode

ഓപണ്‍ യൂനിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകള്‍ അംഗീകാരത്തിന് സര്‍ക്കാറുകള്‍ ഇടപെടണം: ആര്‍ എസ് സി

Published

|

Last Updated

FullSizeRenderകോഴിക്കോട്: വിവിധ യൂനിവേഴ്‌സിറ്റികളുടെ ഓപണ്‍, ഡിസ്റ്റന്‍സ് ഡിഗ്രി കോഴ്‌സുകള്‍ അംഗീകരിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സന്നദ്ധമാകണമെന്ന് എസ് എസ് എഫ് പ്രവാസി ഘടകം രിസാല സ്റ്റഡി സര്‍ക്കിള്‍ നേതൃസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

ഇന്ത്യയില്‍ യു ജി സി അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു വരുന്ന വിവിധധ ഓപണ്‍, ഡിസ്റ്റന്‍സ് യൂനിവേഴ്‌സിറ്റികളുടെ ബിരുദ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാന്‍ സഊദി അറേബ്യ ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വിസമ്മതിക്കുന്നു. സംസ്ഥാന സര്‍ക്കാറുകളുടെ മാനവവിഭവശേഷി മന്ത്രാലയങ്ങള്‍ സാക്ഷ്യപ്പെടുത്തിയാലും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കാന്‍ സഊദി എംബസി തയാറാകുന്നില്ല. ഇത് ആയിരക്കണക്കിനു മലയാളികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നു. ആഗോള തലത്തില്‍ ഓപണ്‍, വിദൂര പഠന രീതികള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പുരോഗതിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നതു കൂടിയാണ്. ഈ വിഷയത്തില്‍ വിശദമായ പഠനം നടത്തി ഗള്‍ഫ് രാജ്യങ്ങളിലെ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി നയതന്ത്ര ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന് സംഗമം ആവശ്യപ്പെട്ടു. ഉദ്യോഗാര്‍ഥികള്‍ക്കു പുറമേ യൂനിവേഴ്‌സിറ്റികളെയും പ്രതിസന്ധിയിലാക്കുന്നതാണ് നടപടി. ഈ വിഷയം ഉന്നയിച്ച് ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിവേദനം നല്‍കാനും സംഗമം തീരുമാനിച്ചു.
രിസാല വാരിക മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി, സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി, ജന. സെക്രട്ടറി കെ അബ്ദുല്‍ കലാം, സെക്രട്ടറി എം അബ്്ദുല്‍ മജീദ്, ആര്‍ എസ് സി ജന. കണ്‍വീനര്‍ എ കെ അബ്്ദുല്‍ ഹകീം, കണ്‍വീനര്‍മാരായ ടി എ അലി അക്ബര്‍, റസാഖ് മാറഞ്ചേരി സംസാരിച്ചു. ആറു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആര്‍ എസ് സി ദേശീയ ഭാരവാഹികള്‍ പങ്കെടുത്തു.

 

Latest