Connect with us

Wayanad

പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റില്ല: രോഗികള്‍ വലയുന്നു

Published

|

Last Updated

പുല്‍പ്പള്ളി: മൂന്ന് പഞ്ചായത്തുകളിലെ രോഗികളുടെ അഭയകേന്ദ്രമായ പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഫാര്‍മസിസ്റ്റുകള്‍ ഇല്ലാത്തത് രോഗികളെ വലക്കുന്നു. കഴിഞ്ഞ കുറേക്കാലങ്ങളായി ഡോക്ടര്‍മാരും, ആവശ്യത്തിന് മരുന്നുകളും ഇല്ലാതിരുന്നു ഈ ആശുപത്രിയില്‍.
നാട്ടുകാരുടെ നിരന്തര മുറവിളികളെ തുടര്‍ന്ന് ഡോക്ടര്‍മാരും, ആവശ്യത്തിന് മരുന്നുകളും എത്തിയപ്പോള്‍ മരുന്നുകള്‍ നല്‍കുന്നതിന് ഫാര്‍മസിസ്റ്റുകളില്ല. മണിക്കൂറുകളോളം ഫാര്‍മസിക്ക് മുന്നില്‍ ക്യൂനില്‍ക്കുന്ന പ്രായമായവരും കുട്ടികളുമെല്ലാം തലക്കറങ്ങി വീഴുന്നത് പതിവു കാഴ്ചയാണിവിടെ.
ഇപ്പോള്‍ ആറ് ഡോക്ടര്‍മാരിവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. ദിനേന 500ല്‍പരം രോഗികളെത്തുന്ന ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്നുപേര്‍ ജോലി ചെയ്യേണ്ട ഫാര്‍മസിയില്‍ ഒരാള്‍ മാത്രമാണിപ്പോള്‍ ജോലി ചെയ്യുന്നത്. 150ല്‍പരം മരുന്നുകളാണ് ഫാര്‍മസിയിലുള്ളത്. ഒരുഫാര്‍മസിസ്റ്റിന് നൂറുപേര്‍ക്ക് വരെ മാത്രമെ മരുന്നുകളെടുത്തുകൊടുക്കാന്‍ കഴിയു എന്നിരിക്കെ ഇവിടെത്തുന്ന 500 ഓളം രോഗികളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ചോദ്യമുയരുന്നത്. ഡി.പി.എം ആരോഗ്യ കേരളം പദ്ധതിപ്രകാരം ജോലിക്ക് പുതിയ ആളുകളെ നിയമിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജില്ലാ പഞ്ചായത്തിനാണ് ഇത്തരം കാര്യങ്ങളുടെ ചുമതല. ഈ ആശുപത്രിയിലെ ലാബില്‍ നാല് പോസ്റ്റിംഗുകളാണുള്ളത്. ഇതില്‍ മൂന്ന് പേര്‍ വര്‍ക്ക് അറെയ്ഞ്ച്‌മെന്റിന്റെ പേരില്‍ മറ്റുസ്ഥലങ്ങളിലാണുള്ളത്.
അവശേഷിച്ച ഏകയാള്‍ പ്രസവാവധിയിലുമാണ്. ഫലത്തില്‍ ലാബ് അടച്ചുപൂട്ടിയ സ്ഥിതിയിലാണുള്ളത്. പുല്‍പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം ഇന്നും ഇല്ലായ്മകളുടെയും രോഗാവസ്ഥയുടെയും നടുവില്‍ വീര്‍പ്പുമുട്ടുകയാണ്. ഒപ്പം ഇവിടെയെത്തുന്ന രോഗികളും.

Latest