Connect with us

Kozhikode

25 കി. മീ. ദൂരത്തുള്ള ബസുകള്‍ അരയിടത്തുപാലം വഴി; ബസ് സമരം പിന്‍വലിച്ചു

Published

|

Last Updated

News bustand Calicutകോഴിക്കോട്: അരയിടത്ത് പാലത്തെ ഗതാഗത പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് അഞ്ച് ദിവസം നഗരത്തില്‍ ഒരു വിഭാഗം ബസ് ജീവനക്കാര്‍ നടത്തിയ പണിമുടക്ക് പിന്‍വലിച്ചു. ഇന്നലെ രാവിലെ സംയുക്ത ട്രേഡ് യൂനിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫീസില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കൊടുവിലാണ് സമരത്തില്‍ നിന്ന് ബസ് ഉടമകള്‍ പിന്‍മാറിയത്. 

പുതിയ നിര്‍ദേശപ്രകാരം 25 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് അരയിടത്ത് പാലത്തെ മേല്‍പാലത്തിന് മുകളിലൂടെ സ്റ്റാന്‍ഡ് വഴി സര്‍വീസ് നടത്താം. കെ എസ് ആര്‍ ടി സി ബസുകള്‍ രണ്ട് മാസം കൊണ്ട് മൊഫ്യൂസല്‍ സ്റ്റാന്‍ഡില്‍ നിന്നും പുതിയ ബസ് ടെര്‍മിനലിലേക്ക് മാറുന്ന ക്രമത്തില്‍ ബാക്കിയുള്ള ബസുകള്‍ക്കും അരയിടത്ത് പാലം മേല്‍പാലം വഴി സര്‍വീസ് നടത്താമെന്ന നിര്‍ദേശം ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ അംഗീകരിച്ചു.
താമരശ്ശേരി, മുക്കം, തിരുവമ്പാടി, അരീക്കാട്, കൊടുവള്ളി, മാവൂര്‍ ഭാഗത്ത് നിന്നും പാളയം സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്‍ അരയിടത്ത് പാലത്ത് നിന്നും തിരിഞ്ഞ് ജയില്‍ റോഡ് വഴി പാളയം സ്റ്റാന്‍ഡിലേക്ക് പോകണമെന്നായിരുന്നു പരിഷ്‌കരിച്ച ഗതാഗത നിയന്ത്രണം. ഇതിനെതിരെയാണ് ഒരു വിഭാഗം ബസ് ഉടമകള്‍ സമരവുമായി രംഗത്തെത്തിയത്. മുക്കം, കൊടുവള്ളി, താമരശ്ശേരി, നരിക്കുനി, മാവൂര്‍, എടവണ്ണപ്പാറ ഭാഗങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളജ് വഴി പോകുന്ന 250 ഓളം സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിച്ചത്.
ഇതുവഴി വരുന്ന ബസുകള്‍ അരയിടത്ത് പാലത്തില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ജയില്‍ റോഡ് വഴി സ്‌റ്റേഡിയം ജംഗ്ഷനില്‍ വന്ന് പാളയം സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തുന്നത് കാരണം സമയദൈര്‍ഘ്യം കൂടുകയും ഇന്ധന ചെലവും, സാമ്പത്തിക നഷ്ടവും നേരിടേണ്ടിവരുന്നതായും ബസുടമകള്‍ ആരോപിച്ചിരുന്നു. കൂടാതെ യാത്രക്കാരുമായി നിരന്തരം വാക്കേറ്റവും നടന്നിരുന്നു. ബസ് ഉടമകളുടെ സമരത്തെ നേരിടാന്‍ ജില്ലാ കലക്ടര്‍ ശക്തമായ നടപടികള്‍ പ്രഖ്യാപിച്ചെങ്കിലും സമരം തുടരുകയായിരുന്നു.
അഞ്ച് ദിവസമായി തുടരുന്ന സമരം മലയോര മേഖലയില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളെയും ജോലി സ്ഥലങ്ങളിലെത്തിപ്പെടേണ്ടവരെയും ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇന്നലത്തെ ചര്‍ച്ചയില്‍ സമരം പരാജയപ്പെടുകയാണെങ്കില്‍ സമരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിരുന്നു. ബസുകള്‍ പിടിച്ചെടുക്കുകയും റൂട്ട് റദ്ദാക്കുകയുമടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പിനിടയിലാണ് ഇന്നലെ സമരം ഒത്തുതീര്‍ന്നത്.
കമ്മീഷണര്‍ ഓഫീസില്‍ ഇന്നലെ രാവിലെ നടന്ന ചര്‍ച്ചയില്‍ വിവിധ ട്രേഡ് യൂനിയന്‍ സംഘടനകളെ പ്രതിനിധീകരിച്ച് കെ സി രാമചന്ദ്രന്‍ (ഐ എന്‍ ടി യു സി), ബാലന്‍ നായര്‍ (സി ഐ ടി യു), ബിജു ആന്റണി (എച്ച് എം എസ്), പി പ്രേമന്‍ (ബി എം എസ്), അബ്ബാസ് മേത്തല്‍ (എ ഐ ടി യു സി), ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് കെ രാധാകൃഷ്ണ്‍, പി എന്‍ കെ അശ്‌റഫ്, സി ഡി അഭിലാഷ്, സി ടി സി ഗഫൂര്‍, സി മൂസ സുരേന്ദ്രന്‍, അബ്ദുല്‍ അസീസ്, അഹമ്മദ് കുട്ടി, പി വി സുരേന്ദ്രന്‍ പങ്കെടുത്തു.

Latest